അടുത്തടുത്ത മരണങ്ങള്‍

ഇബ്‌നു അലി എടത്തനാട്ടുകര

2020 നവംബര്‍ 28 1442 റബീഉല്‍ ആഖിര്‍ 13

മാനത്ത് കാര്‍മേഘങ്ങളുടെ കറുപ്പ്. ഓഫീസില്‍നിന്ന് ധൃതിയില്‍ ഇറങ്ങി. വീട്ടിലെത്തിയിട്ടു വേണം നിസ്‌കരിക്കാന്‍. കോവിഡ് കാരണം മിക്ക പള്ളികളിലും ഇപ്പോഴും പുറംനാട്ടുകാര്‍ക്ക് പ്രവേശനം സാധ്യമല്ല. വെളിച്ചം കുറയുന്നു. മഴക്കാലമല്ല, എങ്കിലും പെയ്യുമോയെന്നു സംശയം. ബൈക്കിലാണ് യാത്ര. പകുതി ആയപ്പോഴേക്കും മഴ തുടങ്ങി.

 മഴക്കോട്ട് ഉണ്ട്, പാന്റ്‌സ് ഇല്ല. പാതി നനഞ്ഞു വീട്ടിലേക്ക്. വീട്ടിലെത്താന്‍ നേരം, നാട്ടിലെ യുവാക്കള്‍ നിര്‍മിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തിന് ചുറ്റും ചെറിയ ആള്‍ക്കൂട്ടം. അഞ്ചെട്ടു പേരേ ഉള്ളൂ. നോക്കിയിട്ട് അപകട ലക്ഷണമൊന്നും കണ്ടില്ല. വീട്ടിലേക്ക് തിരിച്ചു.

മേല്‍കഴുകി നിസ്‌കരിച്ച് വാട്‌സ്ആപ് നാട്ടുഗ്രൂപ്പുകളില്‍ അലസമായി ഓടിച്ചുനോക്കിയപ്പോള്‍ ശ്രദ്ധയില്‍ പെട്ടത് ഒരു മരണവാര്‍ത്ത. രണ്ടുമൂന്ന് കിലോമീറ്ററുകള്‍ ദൂരെയുള്ള ഒരാള്‍ മരണപ്പെട്ടിരിക്കുന്നു. കുഴഞ്ഞുവീണു, അടുത്ത് വൈദ്യസഹായത്തിന് എത്തിച്ചുവെങ്കിലും മരണപ്പെട്ടുവത്രെ. കൂടുതല്‍ വിവരം പിന്നീട്. ഇന്നാ ലില്ലാഹ്...

അല്‍പനേരം കഴിഞ്ഞ് ഗ്രൂപ്പില്‍ വീണ്ടും ഒരു മരണവാര്‍ത്ത! നേരത്തെ മരിച്ച വ്യക്തിയെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ കൂടെയുണ്ടായിരുന്ന സ്‌നേഹിതനും മരണപ്പെട്ടിരിക്കുന്നു! സുഹൃത്തിന്റെ ജേഷ്ഠനാണ്. അല്ലാഹുവേ, നിന്നില്‍നിന്ന് വന്നവര്‍ നിന്നിലേക്കുതന്നെ മടങ്ങുന്നു.

വേറെ ഒരു സുഹൃത്ത് വിളിച്ചു; മരണവാര്‍ത്തകള്‍, വിവരങ്ങള്‍ അറിഞ്ഞില്ലേ എന്നു ചോദിച്ച്. മരണപ്പെട്ട ഇരുവരും അന്ന് മണിക്കൂറുകള്‍ ഒരുമിച്ചായിരുന്നു.  ഫോണ്‍ ചെയ്ത സുഹൃത്തിന്റെ തറവാട്ടുവീട്ടിലിരുന്ന് ഇരുവരും സംസാരിച്ച് ഇരുന്നു. ചായ കുടിച്ചു. പിന്നീട് ഒരു സ്ഥലം നോക്കാന്‍ ഒരുമിച്ച് ബൈക്കില്‍ പോയി. ഇരുവരും സ്ഥലക്കച്ചവടത്തിന്റെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നു.

മടങ്ങുംനേരം മഴ ചാറി. ബൈക്ക് നിര്‍ത്തി ബസ് വെയ്റ്റിങ് ഷെഡില്‍ കേറി. അന്നേരം ഒരാള്‍ കുഴഞ്ഞു വീണു. രണ്ടാമന്‍ താങ്ങി. കണ്ടുനിന്നവര്‍ ഓടിക്കൂടി. കിട്ടിയ ഒരു വാഹനത്തില്‍ അടുത്തുള്ള ക്ലിനിക്കില്‍ എത്തിച്ചു. ഉടനെ മരണപ്പെട്ടു.

ഫോണ്‍ ചെയ്ത സുഹൃത്തിന്റെ ബന്ധുവായ ആദ്യം മരണപ്പെട്ടയാള്‍ക്ക് ഹൃദയ സംബന്ധിയായ അസുഖമുണ്ടായിരുന്നു. വാര്‍ത്ത പരന്നു. ആളുകള്‍ ക്ലിനിക്കില്‍ എത്തി. സങ്കടപ്പെട്ടു. ബൈക്കില്‍ ഉണ്ടായിരുന്ന രണ്ടാമന്‍ ഒരു കസേരയില്‍ തളര്‍ന്നിരിക്കുകയാണ്. എത്തിയ ചിലരോട് തനിക്കും തളര്‍ച്ച തോന്നുന്നു, ഡോക്ടറെ കാണിക്കണം എന്ന് ആവശ്യപ്പെടുന്നു. അപ്പോഴാണ് ആളുകള്‍ അയാളെ ശ്രദ്ധിച്ചത്, വായില്‍നിന്ന് നുര വരുന്നുണ്ടായിരുന്നു. ക്ലിനിക്കില്‍ തന്നെ കാണിച്ചു. കുറച്ച് ദൂരെയുള്ള വലിയ ആശുപത്രിയിലേക്ക് ഉടനെ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷപ്പെട്ടില്ല. കാര്യമായ അസുഖങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. അങ്ങനെ രണ്ട് ആത്മസുഹൃത്തുക്കള്‍ മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ഇഹലോകത്തുനിന്നും യാത്രയായത്.    

അപ്പോഴും നേര്‍ത്ത മഴ നിര്‍ത്താതെ പെയ്തുകൊണ്ടിരുന്നു. ഓഫീസില്‍നിന്ന് മടങ്ങിയപ്പോള്‍ കണ്ട ചെറിയ ആള്‍ക്കൂട്ടം അതുമായി ബന്ധപ്പെട്ടതായിരുന്നുവെന്ന് കൂട്ടിവായിച്ചു. ഓര്‍ക്കാപ്പുറത്താണല്ലോ പലപ്പോഴും മരണം എത്തുന്നത്. അറിയാവഴികളിലൂടെ മരണ കാരണങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. മരണത്തിന്റെ മലക്ക് ജോലി കൃത്യമായി നിര്‍വഹിക്കുന്നു. അല്ലെങ്കിലും മരണത്തിലേക്കുള്ള യാത്രയാണല്ലോ ജീവിതം! എല്ലാം സ്രഷ്ടാവിന്റെ തീരുമാനം.

രാവിലെ മരണവീട്ടിലും പരിസരത്തും തലേന്ന് പെയ്ത മഴയടയാളങ്ങള്‍. മണ്‍പാതയിലും മുറ്റത്തും വെള്ളം തളംകെട്ടി നില്‍ക്കുന്നു. സുഹൃത്തിന്റെയും ബന്ധുക്കളുടെയും മുഖങ്ങളിലും പെയ്തുതോരാത്ത സങ്കടം കെട്ടിനിന്നിരുന്നു...