ചതിക്കപ്പെടുന്ന നിഷ്‌കളങ്കര്‍

ഇബ്‌നു അലി എടത്തനാട്ടുകര

2020 ഏപ്രില്‍ 18 1441 ശഅബാന്‍ 25

അയാളുടെ പ്രകൃതിക്കനുസരിച്ചുള്ള ഭാവമായിരുന്നില്ല ആ മുഖത്ത്. തളര്‍ന്നു പരവശനായി ദയനീയമായ അവസ്ഥയിലായിരുന്നു അയാള്‍. ഉയരംകൂടിയ, അതിനൊത്ത തണ്ടുംതടിയുമുള്ള, ഓഫീസില്‍ എന്റെ  മുന്നിലിരിക്കുന്ന ആ മനുഷ്യന്റെ മുഖത്ത് സങ്കടവും ഉണ്ടായിരുന്നു. നികുതി കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ സാവകാശം തേടിയാണ് അയാള്‍ എത്തിയത്.

കുറച്ചു കൊല്ലങ്ങള്‍ക്ക് മുമ്പ് ഒരു ചെറിയ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ മാനേജര്‍ ആയിരുന്നു അയാള്‍. വലിയ ശമ്പളം ഇല്ലെങ്കിലും ജീവിച്ചുപോകാനുള്ളത് കിട്ടിയിരുന്നു. കുറച്ച് കൂടിയ ശമ്പളം വാഗ്ദാനം ചെയ്ത് മറ്റൊരു സ്ഥാപനയുടമ അയാളെ സമീപിച്ചു.

താരതമ്യേന മെച്ചപ്പെട്ട ജോലി ആയതുകൊണ്ട് പുതിയത് സ്വീകരിച്ചു. അന്യസംസ്ഥാനക്കാരനായ ഒരാളായിരുന്നു ഉടമ. കുറച്ചു മാസം കൃത്യമായി ശമ്പളം കിട്ടി. ഒരു നാള്‍  മുതലാളി വന്നത് നിരാശയോടെ ആയിരുന്നു. അദ്ദേഹത്തിന് കേരളത്തില്‍ കച്ചവടം ചെയ്യാന്‍ നികുതി വകുപ്പ് രജിസ്‌ട്രേഷന്‍ എടുക്കാനുള്ള പ്രയാസത്തെക്കുറിച്ച് ഏറെ നേരം സംസാരിച്ചു. അധികാരികള്‍ ആവശ്യപ്പെടുന്ന അനിവാര്യമായ രേഖകള്‍ സംഘടിപ്പിക്കാന്‍ കുറെ സമയം എടുക്കുമെന്നും അപ്പോഴേക്കും കിട്ടിയ മേല്‍ക്കൂര നിര്‍മാണ സാധങ്ങളുടെ വിതരണ ഓര്‍ഡറുകള്‍ കൈവിട്ടുപോകുമെന്നും അയാള്‍ സങ്കടപ്പെട്ടു.

തന്റെ രേഖകള്‍ കൊടുക്കാമോയെന്ന മുതലാളിയുടെ ചോദ്യം കേട്ട് ആദ്യം അയാള്‍ ഞെട്ടി. പിന്നെ രേഖകളില്‍ മാത്രമെ അയാള്‍ ഉണ്ടാകൂവെന്നും ബാക്കിയെല്ലാ കാര്യങ്ങളും മുതലാളി ചെയ്യുമെന്നുള്ള ഉറപ്പില്‍ ആ സാധു വീണുപോയി.

നിഷ്‌കളങ്കനായ അയാള്‍ ആവശ്യപ്പെട്ട രേഖകള്‍ സംഘടിപ്പിച്ചു കൊടുത്തു. നിര്‍ദേശിക്കപ്പെട്ട രേഖകളിലെല്ലാം ഒപ്പിട്ടു കൊടുത്തു. ഏതാനും മാസങ്ങള്‍ വലിയ കുഴപ്പമില്ലാതെ സ്ഥാപനം നടന്നു. സമീപത്തെ ആശുപത്രി സമുച്ചയത്തിലേക്ക് വരെ സാധനങ്ങള്‍ വിതരണം ചെയ്തു.

എന്നാല്‍ പിന്നീട് ബിസിനസ് കുറഞ്ഞു. അയാള്‍ക്ക് ശമ്പളം വൈകിത്തുടങ്ങി. പിന്നെ മുടങ്ങി. ശരിയാക്കാം, ശരിയാക്കാം എന്നു പറഞ്ഞെങ്കിലും മുതലാളിയുടെ വരവ് കുറഞ്ഞു. ബന്ധം ഫോണില്‍ മാത്രമായി. പിന്നെ അതും ഇല്ലാതായി. അങ്ങോട്ട് വിളിച്ചാലും ഫോണ്‍  എടുക്കാതായി.

ജോലിയും കൂലിയും ഇല്ലാതായ അയാള്‍ പണ്ടുള്ള ജോലി കളഞ്ഞതില്‍ പരിതപിച്ച് വിട പറഞ്ഞു. മറ്റൊരു ഒരു കമ്പനിയില്‍ സാധനങ്ങള്‍ കൊണ്ടുനടന്ന് വില്‍ക്കുന്ന സെയില്‍സ്മാനായി. മാതാപിതാക്കളും ഭാര്യയും മക്കളുമുള്ള ജീവിതം ഉന്തിത്തള്ളി മുന്നോട്ട് നീക്കി.

ആയിടെയാണ് സ്ഥാപനത്തിലെ അര ലക്ഷത്തിലേറെ രൂപ നികുതി കുടിശ്ശിക അടവാക്കാന്‍  ആവശ്യപ്പെട്ട് ജപ്തി നടപടികളുമായി റവന്യൂവകുപ്പ് ജീവനക്കാരെത്തിയത്. പഴയ മുതലാളിയുടെ ശരിയായ വിലാസം പോലും ആ പാവത്തിന്റെ കയ്യിലുണ്ടായിരുന്നില്ല. ഒടുക്കം വീട്ടുകാരറിയാതെ കടം വാങ്ങി അത് അടച്ചുതീര്‍ത്തു. ആ കടം ഇപ്പോഴും തീര്‍ന്നിട്ടില്ല. അപ്പോഴാണ് ഇനിയും ലക്ഷത്തിലേറെ അടയ്ക്കാനുള്ള കുടിശ്ശികയുടെ കാര്യമറിയുന്നത്. കരുത്തനായ അയാളുടെ വാക്കുകള്‍ ദുര്‍ബലമായിരുന്നു. അറിയാതെ നിറഞ്ഞ കണ്ണുകള്‍ മറയ്ക്കാനുള്ള അയാളുടെ ശ്രമം വിജയിച്ചില്ല.

കുടിശ്ശിക ഒഴിവാകില്ല എന്ന്  അറിയാമായിരുന്നിട്ടും അടക്കാന്‍ സാവകാശം ആവശ്യപ്പെട്ടു. പൂര്‍ണ പലിശ ഇളവും നികുതി. തുകക്ക്  ഇന്‍സ്റ്റാള്‍മെന്റ് നല്‍കാനുള്ള ഉത്തരവും നല്‍കി അയാളെ സമാധാനിപ്പിച്ചു തിരിച്ചയച്ചു.

നിര്‍ദിഷ്ട കാലാവധിക്കുള്ളില്‍ പണമടച്ചു തീര്‍ക്കാന്‍ ആ സാധുവിന്  സാധിക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു, അയാള്‍ക്കും! മുതലാളിയെ വിശ്വസിച്ചു എന്ന തെറ്റ് മാത്രമാണ് ആ നിഷ്‌കളങ്കന്‍ ചെയ്തത്. ഇതുപോലെ ചതിയില്‍ പെട്ട അനവധി പേര്‍ നമുക്ക് ചുറ്റിലുമുണ്ട്. കടം വാങ്ങാന്‍ വാക്കാല്‍ കൂടെ നിന്നവര്‍. പണം തിരിച്ചടക്കാതെ മുങ്ങിയപ്പോള്‍ കുടുങ്ങിയവര്‍. കോടതിയില്‍ ജാമ്യം നിന്ന് പ്രതി അറിയാതെ മുങ്ങിയതിനാല്‍ കെണിയില്‍ അകപ്പെട്ടവര്‍. ലോണിന് ജാമ്യം നിന്ന് കുടുങ്ങി ശമ്പളത്തില്‍ നിന്ന് പണം നഷ്ടപ്പെടുന്നവര്‍. പണ, വസ്തു ഇടപാടില്‍ രേഖാമൂലം ജാമ്യം നിന്നവര്‍... ഇങ്ങനെ പലരുടെയും നല്ല വാക്കിലും വാഗ്ദാനങ്ങൡലും വീണ് പണവും മാന്യതയും സമാധാനവും നഷ്ടപ്പെട്ടവര്‍ നമുക്ക് ചുറ്റും ധാരാളം ഉണ്ട്. ചതിക്കെപ്പെടാന്‍ ഇനിയും നിഷ്‌കളങ്കര്‍ ഉണ്ടെന്നതാണ് ചതിക്കാന്‍ തുനിയുന്നവരുടെ കരുത്ത്.