വിടപറയുന്ന 2024
ശാനിദ ബിൻത് അഹ്‌മദ് ഈങ്ങാപ്പുഴ
2024 ഡിസംബർ 28, 1446 ജു. ഉഖ്റാ 27

‘2024’ കടന്നുവന്നപ്പോൾ
പുതുവർഷമെന്നു പേരിട്ട്
ആഹ്‌ളാദത്തോടെ സ്വീകരിച്ചു.
ഒരുപാട് പ്രതിജ്ഞകളും
ആഗ്രഹങ്ങളുമായി മുന്നോട്ട്...
സഞ്ചാരത്തിനിടെ പലപ്പോഴും
കാലിടറി വിണു.
അപ്പോളെല്ലാം എഴുന്നേൽപിക്കാൻ
ആളുണ്ടായിട്ടുണ്ട്,
മനഃപൂർവം തട്ടിത്തള്ളിയിട്ടവരുമുണ്ട്.
പരാതിയില്ല, പരിഭവമില്ലാരോടും.
വീണപ്പോഴെല്ലാം കൂടുതൽ
കുരുത്താർജിക്കുകയായിരുന്നു,
പുതിയ പാഠങ്ങൾ പഠിക്കുകയായിരുന്നു.
പ്രതിസന്ധികളിൽ കൂടെ നിന്നവർ,
ആശ്വാസ വാക്കുകളാൽ
മനസ്സിന് കരുത്തേകിയവർ,
ഹൃദയത്തിൽ പറിച്ചുമാറ്റാൻ കഴിയാത്ത
വിധം വേരുറച്ചു നിൽപ്പൂ...
ഇന്നിപ്പോൾ 2024 യാത്രയാകുന്നു!
കാറ്റിൽ കെടാറായ വിളക്കുപോലെ
അണയാൻ വെമ്പി നിൽക്കുന്ന വർഷമേ,
ആത്മാർഥ സ്‌നേഹത്തിന്റെ മാധുര്യവും
കൈപ്പേറിയ അനുഭവങ്ങളും
പകർന്നാണു നീ പോകുന്നത്.
ചുമരിൽ തൂങ്ങാൻ ധൃതി കാണിക്കുന്നുണ്ട്
പുതിയ, തിളങ്ങുന്ന കലണ്ടർ.
ചുമരിനു മാറ്റമില്ല, കലണ്ടറേ മാറുന്നുള്ളൂ...
പുതുവർഷം കടന്നുവരുമ്പോൾ
ആയുസ്സിന്റെ ഏടാണ് കുറയുന്നതെന്ന്
ആരാണ് ചിന്തിക്കാറുള്ളത്?
പൂർണമായും അത് പറിക്കപ്പെടുന്ന
ദിനമേതെന്ന് നമുക്കറിയില്ല.
സ്രഷ്ടാവിന്റെ തീരുമാനം
പ്രവചിക്കാനാവില്ലല്ലോ നമുക്ക്.
അവശേഷിക്കുന്ന ദിനങ്ങളത്രയും
നന്മ ചെയ്യാൻ ശ്രമിക്കാം;
പകർച്ചവ്യാധികളും മാറാരോഗങ്ങളും
വരൾച്ചയും വെള്ളപ്പൊക്കവും
യുദ്ധവും കലാപങ്ങളും
അനീതിയും അക്രമവുമില്ലാത്ത,
ശാന്തിയുടെയും സമാധാനത്തിന്റെയും
പുതുവർഷത്തിനായി പ്രാർഥിക്കാം.
അണഞ്ഞു പോകാത്ത
കാരുണ്യത്തിനുടയവനല്ലാതെ
ആരുണ്ട് നമുക്ക് ചോദിക്കുന്നതെന്തും
തരുന്നവനായിട്ട്?
