ഇതോ പുരോഗമനം?

ഹുസ്‌ന മലോറം

2024 ജനുവരി 13, 1445 റജബ് 01

മാറു മറയ്ക്കുവാനുള്ള
സ്വാതന്ത്ര്യത്തിനായി സമരമന്ന്!
മാറ് തുറന്നിടാനുള്ള
സ്വാതന്ത്ര്യത്തിനായി സമരമിന്ന്!
ആണുമാണും തമ്മിൽ
പെണ്ണും പെണ്ണും തമ്മിൽ
വേളി കഴിക്കുവാൻ സമരമിന്ന്!
ആൺ-പെൺ വേർതിരിവെങ്ങും വേണ്ടാ!
എവിടെയുമിടകലർന്നിരിക്കവേണം,
സമ്മതമുണ്ടെങ്കിലാരുമായും
ലൈംഗികദാഹം ശമിപ്പിച്ചിടാം.
രക്തബന്ധം ഒരു പ്രതിബന്ധമല്ല,
സമ്മതം നോക്കിയാൽ മാത്രം മതി!
അങ്ങനെയങ്ങനെ മ്ലേച്ഛമായ
ചെയ്തികൾ വ്യാപകമായാൽ
അതാണത്രെ പുരോഗമനം!
നാറുന്ന മാറ്റങ്ങൾ കൊണ്ടുവന്ന്
പേരിടുന്നു പുരോഗമനമെന്ന്!
നന്മ, തിന്മ, സദാചാരം, ദുരാചാരം
എന്നിങ്ങനെയുള്ള വേർതിരിവുകളും
അതിരുകൾ നിശ്ചയിക്കലുമാണത്രെ
പുരോഗമനത്തിന്റെ വിലങ്ങുതടി.
അതുകൊണ്ട് അരുതുകൾ വേണ്ട,
മതത്തിന്റെ അതിരുകൾ വേണ്ട,
ഇതൊക്കെയാണത്രെ സ്വതന്ത്രവാദം!
ഇതൊക്കെയാണത്രെ പുരോഗമനം!
എന്നാൽ മനുഷ്യത്വമുള്ളവർ പറയുന്നു
ഇതാണ് യഥാർഥ ‘അധഃപതനം’
മൃഗീയമെന്നു പോലും
വിശേഷിപ്പിക്കാനാവാത്ത അധഃപതനം