വിനഷ്ടമായ തണലുകൾ
ശാക്കിറ ടി.കെ, കൊല്ലം
2024 നവംബർ 09, 1446 ജു. ഊലാ 07

ഒറ്റയ്ക്കിരിക്കവെ
ഓർമതൻ അടരുകൾ
ഓരോന്നുമെന്നുള്ളിൽ
ഓടിയെത്തി.
എന്നെ ഞാനാക്കിയോർ
എത്ര പൊടുന്നനെ
എന്നെത്തനിച്ചാക്കി യാത്രയായി!
മാതൃത്വ മധുരിമ സ്‌നേഹമായ്
ചേർന്നൊട്ടിയെന്നെ
വാർത്തെടുത്തത്
ഇന്നൊരുപിടി ഓർമകൾ!
ഉപ്പയാം വൻമരം
കാവലായ് ചുറ്റിപ്പടർ-
ന്നേറ്റിയെന്നെയൻപോടു
കാത്തുവച്ചു.
സ്വപ്നങ്ങൾ കാണാനും
ലക്ഷ്യത്തിലെത്താനും
നേർവഴി തെറ്റാതിരിക്കുവാനും
സർവാധിനാഥന്റെ
സംതൃപ്തി നേടാനും
നന്നായ് ശ്രമിക്കണമെന്നു നിരന്തരം
നെഞ്ചോട് ചേർത്തെന്നെയുപദേശിച്ചതും
ആ തണൽ മരമാണ്.
വിജ്ഞാന സാഗരത്തിലേക്ക്
കൈപിടിച്ചാനയിച്ച ഗുരുനാഥർ...
അങ്ങനെ; ഞാനറിയുന്ന,
എന്നെയറിയുന്ന ആരെല്ലാം
ആറടി മണ്ണിനടിയിലായി!
എത്ര ഹ്രസ്വമീ ജീവിതം!
