പൊൻ മകനേ...
ഹുസ്‌ന മലോറം
2024 ജൂൺ 01, 1445 ദുൽഖഅദ് 24

എൻ പൊൻ മകനേ, നീ
നന്നായ് വളരണം,
നന്മതൻ മാനത്ത്
മിന്നിത്തിളങ്ങണം.
കള്ളം പറയാതെ
ഉള്ളം വെളുപ്പിച്ച്
സൽവാക്ക് നിന്നുടെ
ചുണ്ടിൽ വിരിയണം.
തിന്മയിരുട്ടാണ്
പൊന്മകനേ, നിന്റെ
കാലുകൾ നന്മതൻ
ഭൂവിൽ ചവിട്ടണം.
നല്ല നാളേക്കു നീ
ത്യാഗങ്ങൾ ചെയ്യണം.
ഏകനാം ദൈവത്തെ
മാത്രം വണങ്ങണം,
ഇഹപര വിജയത്തിൻ
മാർഗെ ചരിക്കണം.
ഏതു വിപത്തിലും
നീ ക്ഷമിച്ചീടണം.
ഉപകാരമേകാൻ നീ
തല്പരനാകണം.
പ്രാർഥനയെപ്പഴും
മുറുകെ പിടിക്കണം
പാരിതിൽ നല്ലൊരു
മർത്യനായ് മാറണം.
തെല്ലുമഹങ്കാരം
കാട്ടി നടക്കല്ലെ,
വിനയം അലങ്കാര-
മാണെന്നറിയണം.
കരുണ നീ കാട്ടണം
ജീവജാലങ്ങൾക്ക്
കാരുണ്യവാൻ കരുണ
നിന്നോടു കാണിക്കും.
എൻ പൊൻ മകനേ, നീ
നന്നായ് വളർന്നിടൂ
നേരിന്റെ കാവലായ്
എന്നും വിളങ്ങിടൂ...

