മനുഷ്യരാവുക!
ഉസ്മാൻ പാലക്കാഴി
2024 സെപ്തംബർ 14, 1446 റ. അവ്വൽ 11

പാരിന്നു ഭാരമായ്
തീരാതിരിക്കുക,
പോരിന്നിറങ്ങുക
തിന്മയ്‌ക്കെതിരിലായ്.
ഭാരം വഹിക്കുവാ-
നാവതുണ്ടാകുമ്പോൾ
കാര്യബോധത്താൽ
കൺതുറന്നീടുക.
ഒഴുക്കിനൊപ്പം
നീന്തൽ സുഖമത്രെ,
എതിരിലായ് നീന്തുന്ന-
തേറെ പ്രയാസമാം.
ഒഴുക്കിനൊപ്പം
നീങ്ങുന്ന ചണ്ടിയായ്
മാറുംവിധം തരം
താഴാതിരിക്കുക.
ആശവേണ്ടാരെങ്കി-
ലും വന്നുണർത്തുമെ-
ന്നാലസ്യമൊക്കെയും
മാറ്റിവെച്ചീടുക.
ജാതി-മതത്തിന്റെ,
വർഗ-വർണത്തിന്റെ
പേരിലുള്ളക്രമ-
പ്പേക്കൂത്ത് കാണുമ്പോൾ...
കക്ഷി രാഷ്ട്രീയത്തിൻ
മറപറ്റി മർത്യന്റെ
നെഞ്ചിൽ കഠാരക-
ളാഴ്ത്തുന്ന കാണുമ്പോൾ...
പശുവിനെ കൊന്നെന്ന
പേരിൽ മനുജനെ
പേപ്പട്ടി പോൽ തല്ലി-
ക്കൊല്ലുന്ന കാണുമ്പോൾ...
മൗനവും പാലിച്ചി-
രിക്കുന്ന മൂഢരായ്
കാലം കഴിച്ചിടു-
ന്നോരറിഞ്ഞീടണം
അപരന്റെ നെഞ്ചിൽ
തുളക്കും കഠാരകൾ
തന്നിലേക്കെത്തില്ലെ-
ന്നാരും നിനയ്‌ക്കേണ്ട!
നീതിക്കു വേണ്ടി
നിലകൊള്ളുക നമ്മൾ,
നന്മയാൽ ജീവിതം
സമ്പന്നമാക്കുക.
