ചായയില്ലാത്ത പ്രഭാതം
സെയ്തലവി വിളയൂർ
2024 ഏപ്രിൽ 13, 1445 ശവ്വാൽ 04

എത്ര പിടിച്ചെഴുന്നേൽപിച്ചാലും
പിന്നെയുമൊരു മടി
ഉറക്കത്തെ വീണ്ടും വീണ്ടും
മെത്തയിലേക്ക് തള്ളിയിടും.
ഒട്ടും ഉന്മേഷമില്ലാത്ത
കോട്ടുവായകളലക്ഷ്യമായി
അപശബ്ദങ്ങളുണ്ടാക്കി
എങ്ങോട്ടെന്നില്ലാതെ ഇറങ്ങിനടക്കും.
സൂര്യനുദിച്ചാലും
പാതി മാത്രമുണരുന്ന കണ്ണുകൾ
പത്രത്താളുകളിലൂടെ
വേച്ചു വേച്ചു നടക്കും.
കൂനിക്കൂടിയിരിക്കുന്ന തണുപ്പ്
പ്രാർഥിച്ചു മതിയാകാതെ
തുറന്നിട്ടില്ലാത്ത നടയിൽതന്നെ
കൈകൂപ്പി നിൽക്കും.
പുകയുയരാത്ത അടുപ്പിനെയും
അടഞ്ഞുകിടക്കുന്ന മക്കാനിയെയും
വീട്ടിൽപോയ ഭാര്യയെയും
പരവശയായ പ്രഭാതം
ഒറ്റവാക്കിൽ ഒരുമിച്ചു ശപിക്കും.
തേക്കാൻ മടിക്കുന്ന പല്ലുകൾ
പ്രതിഷേധമെന്നോണം
കുറച്ചു നേരത്തേക്കെങ്കിലും
ടൂത്ത് ബ്രഷിനെ മൊഴിചൊല്ലും.
എന്നുമിരുന്ന് ചായ കുടിക്കാറുള്ള,
പൂമുഖത്തെ ചാരുകസേരയിൽ
മരണത്തിന്റെ ശോകമുള്ള
ഒരു മൗനം ഇരുപ്പുറപ്പിക്കും.

