ഗാസയിലെ പൂമൊട്ടുകൾ
ലാമിയ. കെ, എടത്തനാട്ടുകര
2024 ഏപ്രിൽ 20, 1445 ശവ്വാൽ 11

തളംകെട്ടിക്കിടക്കും രക്തക്കുളങ്ങളെ
മറികടക്കവെയാരാഞ്ഞു; എവിടെ
ഖാൻ യൂനിസിലെ ട്രക്കുകൾ?
പിറന്ന നാടും വീടും പിന്നെയോ
ആറടി മണ്ണും വിട്ടേച്ചു പോകുന്നു.
തിരികെ വരുമ്പോൾ കാത്തിരിക്കും
(അതൊരു പാഴ്‌സ്വപ്‌നമാകാം)
ഈ മണ്ണ് മാത്രം; ആറടി മണ്ണ്!
തീപ്പുകച്ചുരുളില്ലാത്ത നാടുതേടി
കുഞ്ഞു കണ്ണുകൾ പരതുന്നു, മേലെ
നക്ഷത്രങ്ങളുണ്ടോ, മഴവില്ലുണ്ടോ?
അല്ല, ഇതെല്ലാം അന്യമായിട്ടുണ്ടിന്ന്.
തേടുന്നത് രാക്ഷസപ്പറവയുടെ മുരൾച്ച
ഭീതിയുടെ കരിനിഴൽ ചലനം
പറന്നടുക്കുമത,് തീമഴ പെയ്യിക്കും
ചാമ്പലാക്കിടുമെല്ലാം നിമിഷങ്ങൾക്കകം
തോക്കുമുനകളിൽ പൊഴിയുന്നു ബാല്യങ്ങൾ
കുഴിമാടങ്ങളിലിറക്കിവെക്കും കുഞ്ഞു
മേനികൾക്കൊപ്പമാ പിതൃഹൃദയങ്ങൾ
നീറ്റലായൊഴുക്കും അശ്രുകണങ്ങൾ.
എന്തു ചെയ്തിവർ കുരുന്നുകൾ?
വിടരുംമുമ്പേ ആ മൊട്ടുകളെ പറിച്ചെടുക്കും
കരാളതേ, മാപ്പില്ലൊരിക്കലും!
ചരൽകല്ലാൽ പ്രതിരോധിക്കുമ്പോഴും
മാതാവിന്റെ കൈപിടിച്ച് നടക്കുമ്പോഴും
മൂളിവന്ന വെടിയുണ്ടയാൽ
ചെഞ്ചായമണിഞ്ഞ മൊട്ടുകളേ,
നിങ്ങൾക്ക് ലഭിക്കാനുണ്ടൊരുദ്യാനം
ഈ ചെറുതുണ്ടു മണ്ണിനെക്കാൾ
അനന്തവിശാലവും അലംകൃതവുമായത്.

