നിറമില്ലാത്തവൻ!
നാസർ അടുമാറി, ഐക്കരപ്പടി
2024 ഫെബ്രുവരി 17, 1445 ശഅ്ബാൻ 07

പിറന്നപ്പോൾതന്നെ പേരിട്ടു;
‘നിറമില്ലാത്തവൻ!’
പിന്നെപ്പിന്നെ പേരുകൾ
പലതായി
ദളിതൻ, ആദിവാസി, കാപ്പിരി...
സൗന്ദര്യസങ്കൽപത്തിൽ
ഈ നിറമില്ല.
അഭിസാരികയ്‌ക്കോ
ഈ നിറം മതി!
പാട്ടിലും ഏട്ടിലും നിറയും
ഈ നിറം.
അധികാരത്തിന്റെ അയലത്തില്ല,
വിമോചകന്റെ വാക്കിൽ
തൻ ലക്ഷ്യം നേടുംവരെ
ഈ നിറത്തിന് നിത്യവസന്തം!
അഭ്യസ്തവിദ്യന്റെ
തിസീസിൽ, ഉപന്യാസത്തിൽ
കുത്തിനിറച്ച ഈ നിറം
ഉൾബോധത്തിലെവിടെയുമില്ല
അശേഷം.
ഇവൻ
ലോകപോലീസിന്റെ
കാൽക്കീഴിൽ എരിഞ്ഞമരേണ്ടവൻ.
ഉന്നതവിദ്യയിൽ, ഗവേഷണത്തിൽ
പടിക്കു പുറത്തിരിക്കേണ്ടവൻ!
കളിമൈതാനിയിൽ
വിഷവാക്കിനാൽ
ഏറുകൊള്ളേണ്ടവൻ!
എല്ലാ മനസ്സിലും
ഇവന്റെ പേരുകൾ പതിപ്പിച്ചിട്ടുണ്ട്.
ഇവൻ
‘മുഖ്യധാര’യിൽ വേണ്ട,
‘തോട്ടി’പ്പണിക്ക് ഇവൻ മതി.
‘ആന്റി ഹീറോ’യിൽ ഗംഭീരം.
അങ്ങനെയങ്ങനെ
‘അരികി’ലാവേണ്ടവൻ!
ഞാനൊന്നുറപ്പിച്ചു;
ഈ വരികളിലെവിടെയും
നിറംചേർക്കില്ല,
എന്റെ മനസ്സിലും...

