സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം

ഉസ്മാൻ പാലക്കാഴി

2024 ആഗസ്റ്റ് 17, 1446 സ്വഫർ 13

രീതി: ഉടനെ കഴുത്തെന്റേതറുക്കൂ...

എവിടെ ദുരന്തം വന്നണഞ്ഞെന്നാലും
എപ്പോൾ സഹായത്തിൻ വിളി വന്നാലും
അവിടെ മലയാളി പറന്നടുക്കും
അവധൂതനായ് എത്തി കരം പിടിക്കും

ഇവിടെ, മലനാടാം വയനാട്ടില്
ഇരവിൽ ജനം നല്ല ഉറക്കത്തില്
കല്ലും ജലം മണ്ണും ഇരച്ചെത്തുന്നു
കുല്ലും(1) തകർത്തത് കുതിച്ചെത്തുന്നു

നാടും നാട്ടുകാരും സകല വീടും
നദിയിൽ പതിച്ചല്ലോ നിമിഷംകൊണ്ട്
ഞെട്ടിത്തരിച്ചല്ലോ മലയാളികൾ
ഞങ്ങൾ ഇതാവന്നെന്നുടൻ വിളികൾ

മണ്ണിന്നടിയിലായ് പുതഞ്ഞുപോയ
മർത്യശരീരങ്ങൾ തിരച്ചിലായി
പട്ടാളവുമെത്തി സുസജ്ജരായി
പാലം അതിവേഗം പണിയലായി

സ്വന്തം തടിമറന്നഹോരാത്രവും
സാഹസികമായി തിരഞ്ഞു ചുറ്റും
ജീവൻ വെടിഞ്ഞോരുണ്ടതിൻ മാർഗത്തിൽ
ജീവിച്ചിരിപ്പോരേ, അതോർക്കൂ നിങ്ങൾ

ചൂരൽമല വിട്ട് പല ദേഹങ്ങൾ
ചാലി,യാറിലെത്തി മൃതദേഹങ്ങൾ
ഒട്ടും അറപ്പില്ലാ, വെറുപ്പില്ലാതെ
ഒക്കെ കരകേറ്റി മടിയില്ലാതെ

ഉരുളിൽ ഒരു നാട് തകർന്നുവല്ലോ
ഉശിരുള്ളവർ താങ്ങായ് നിരനിന്നല്ലോ
ദാനം ഉരുൾ പോലെ ഒഴുകിയല്ലോ
ദയകൊണ്ടിവർ കണ്ണ് നിറച്ചുവല്ലോ


*1) എല്ലാം