വിട പറയുന്ന റമദാൻ
സെയ്തലവി വിളയൂർ
2024 ഏപ്രിൽ 06, 1445 റമദാൻ 27

പതിനൊന്നു മാസം
കുന്നോളം ഇച്ഛകളെ ഗർഭം ചുമന്നാണ്
പ്രതീക്ഷയുടെ പൂനിലാ മുറ്റത്ത്
ഒരു ശഹ്റു റമദാൻ പിറവികൊള്ളുന്നത്.
അന്നേരം പകലിനെ പട്ടിണിക്കിട്ട്
റയ്യാൻ കവാടങ്ങളിലേക്ക്
പതിയെപ്പതിയെയെന്റെ ഈമാൻ
പിച്ചവെച്ചു തുടങ്ങും.
കയർ പൊട്ടിച്ചോടിയിരുന്ന
എന്റെയൊടുങ്ങാത്ത മോഹങ്ങൾ
മാലാഖമാർ വിരിച്ച വലകളിൽ
ദാരുണമായി കുരുങ്ങിപ്പിടയും.
വയറ്റിലെന്നും
നിറയെ വിശപ്പിനെ കുടിയിരുത്താറുള്ള
ഒരു ഫഖീറിന്റെ നോവ്
ആർഭാടങ്ങളെ മാത്രം പുണർന്ന
സമ്പന്നൻ നന്നായി രുചിച്ചറിയും.
വഴിപിഴപ്പിക്കൽ ഇടപാടുകളിൽ
ഉപഭോക്താക്കൾ കുറയുന്നതിനാൽ
നഷ്ടം പറ്റുന്ന പിശാച്
നില്ക്കക്കള്ളിയില്ലാതെയൊരു മാസം
താത്കാലികമായി പിന്തിരിയും.
ഇല്ലാത്തവന്റെ വരണ്ട ഭൂപ്രദേശങ്ങളിൽ
ഉള്ളവന്റെ കാരുണ്യം പെയ്തിറങ്ങുമ്പോൾ
കുളിർ കോരിച്ചൊരിയുന്ന ഹൃദയങ്ങളിൽ
പ്രത്യാശകളുടെ പുതുനാമ്പുകൾ മുളച്ചുപൊങ്ങും.
യാ, ശഹ്റ റമദാൻ!
വിടപറയാനായ് വിരുന്നെത്തും നീയെന്നും
കണ്ണീരു വറ്റിച്ചു കടന്നുപോകുന്നുവല്ലോ...!

