പെരുകുന്ന വൃദ്ധസദനങ്ങള്‍
അബൂമുഫീദ്
2024 സെപ്തംബർ 21, 1446 റ. അവ്വൽ 18

രീതി: അഹദോന്റെ തിരുനാമം...
പടച്ചോന്റെ ദുനിയാവില്‍ വസിക്കുന്ന മനുഷ്യാ നീ
പരിമിത സുഖം കണ്ട് മദിച്ചിടേണ്ട-സ്വന്തം
പരലോകം മറന്നിട്ട് ഗമിച്ചിടേണ്ടാ.
പടപ്പോരില്‍ പലരുമിന്നവരുടെ വയസ്സായ
പ്രിയ മാതാപിതാക്കളെ വെറുത്തിടുന്നു-അവരെ
പുറത്താക്കാന്‍ പല മാര്‍ഗം തിരഞ്ഞിടുന്നു
മെനകെട്ട മനസ്സുള്ളോര്‍ മനസ്സാക്ഷിക്കെതിരായി
മടിക്കാതെ, വയസ്സായോര്‍ക്കൊരുക്കി വെച്ച-വൃദ്ധ
സദനത്തില്‍ പിതാ-മാതാക്കളെ തള്ളുന്നു.
മനസ്സിന്റെയകം തന്നില്‍ നിറയുന്ന വിഷമത്തിന്‍
മല താങ്ങാന്‍ അവര്‍ക്കുണ്ടോ കഴിഞ്ഞിടുന്നു-തീരാ
വ്യസനത്തില്‍ അവര്‍ കാലം കഴിച്ചിടുന്നു.
കഴിവുള്ള കാലമത്ര ദുരിതത്തിന്‍ കടല്‍ നീന്തി
കനിമക്കളെ വളര്‍ത്തിയോരുടെ നെഞ്ചത്ത്-കത്തി
ഇറക്കുന്ന പണിയല്ലാഹ് പൊറുക്കില്ലോര്‍ത്തോ.
പഴിയൊട്ടും മൊഴിയാത്ത, അവശരായ് മാറിയോരാം
ഉമ്മബാപ്പമാരെ നെഞ്ചില്‍ ചേര്‍ത്തുവച്ചോളൂ-നാളെ
ഫിറ്ദൗസ് ലഭിയ്ക്കാനായ് ആശ വെച്ചോളൂ...
