മക്കയിലെ പൂങ്കുയിൽ
ഉസ്മാൻ പാലക്കാഴി
2024 ജൂലായ് 13, 1446 മുഹർറം 07

രീതി: പേർഷ്യയിലേക്കെന്നുരത്ത്....
മക്കയിൽ പിറന്ന മുത്ത്, ഹബ്ശയിൽ വേരുള്ള സ്വത്ത്
മുഷ്‌കനുമയ്യ തൻ അടിമയായ് കഴിയുന്ന കാലത്ത് -കേട്ടു
മുത്ത് നബി പുതു ദീനുമായ് വന്നെന്നു ബക്കത്ത്.
അന്നു ബിലാൽ ആശവെച്ചു, ചെന്നു കാണാനായ് ശ്രമിച്ചു
അത്തിരു ദൂതന്റെ മുമ്പിൽ എത്തി യാചിച്ചു-വേഗം
അഹദിൻ മതമത് നുകരുവാൻ വഴിയെന്ത്, ചോദിച്ചു.
കാപ്പിരിയായുള്ള ബിലാൽ, അടിമയായ് കഴിഞ്ഞിടും ഹാൽ
കടുത്ത പട്ടിണി മർദനത്താൽ ശുഷ്‌കമായ ഉടൽ-കണ്ട്
കവിളിലൊന്നു തലോടി ചേർത്തു പിടിക്കലായി റസൂൽ.
കലിമ ചൊല്ലി മടങ്ങി പൂമാൻ, കരളിലാകെ നിറഞ്ഞു ഈമാൻ
ഖൽബു തയ്യാറാണു ദുരിതക്കടലതു താണ്ടാൻ-റബ്ബിൻ
കാവൽ അതിലാണാകെയാശ ദീൻവഴി നീങ്ങാൻ.
കാര്യം യജമാനൻ അറിഞ്ഞു, മാനം പോയി എന്നുരഞ്ഞു
കൊന്നുകളയാമെന്ന ചിന്തയതുള്ളിലായ് നിറഞ്ഞു-സ്വന്തം
കൂട്ടുകാരുടെ പ്രീതി നേടാനായ് വഴി തിരഞ്ഞു.
ചുട്ടുപൊള്ളും മണലിലന്ന്, നഗ്നനായ് കിടത്തിടുന്നു
ചങ്കിൽ കയറും കെട്ടി നെഞ്ചിൽ കല്ലു വെച്ചിടുന്നു-പിന്നെ
ചെക്കൻമാർക്കു കളിച്ചിടാനായ് വിട്ടുനൽകുന്നു
മർദനം നിറുത്തിടേണോ, ലാത്തയെ വിളിച്ചിടേണം
മുഹമ്മദിൻ പുതു ദീനിനെ നീ വിട്ടുകളയേണം-എന്ന്
മൃഗമവൻ ഉമയ്യ ശാസന നൽകി, അറിയേണം.
ഇല്ല എനിക്കതിനാവുകില്ല, ഞാൻ വിളിച്ചു തേടുകില്ല
ഇനിയൊരിക്കലും അഹദിനോടല്ലാതെ ദുഅയില്ല-ഉള്ളിൽ
ഇസ്സത്തോടെ ബിലാല് വേദനയേൽക്കവെ ചൊല്ലി.
