പുതുവർഷവും വിടപറയുന്ന വർഷവും
തെസ്‌ന വീരാൻ
2024 ജനുവരി 06, 1445 ജു.ഉഖ്റാ 24

അസ്തമയത്തോടടുത്ത ‘2023’,
തിട്ടപ്പെടുത്തിയ ആയുസ്സിന്റെ
പുസ്തകത്തിൽനിന്നും
ഒരേടും പറിച്ചുകൊണ്ടാണു മടക്കം!
കഴിഞ്ഞ കലണ്ടറിൽ, എന്നെ
നോക്കുന്ന അക്കങ്ങളിലെ
നേട്ടങ്ങളും നഷ്ടങ്ങളും
ഇഷ്ടങ്ങളും പിണക്കങ്ങളും
എന്റെത് മാത്രമെന്ന്
എന്നോടു പറയുന്നു!
എന്റെത് തന്നെയാണല്ലോ
ഞാൻ പഠിച്ച പാഠങ്ങൾ,
ഞാൻ കണ്ടെത്തിയ വഴികൾ,
ഞാൻ പിന്നിട്ട ദൂരങ്ങൾ.
കൂടെ നിഴലായവരും
പുറകെ ഞാനുണ്ടെന്നു പറഞ്ഞ്
വിജനതയിലേക്ക് തള്ളിയിട്ടവരും
വീണിടത്തുനിന്നും എഴുന്നേൽക്കാൻ
വിരൽത്തുമ്പ് നീട്ടിയവരും ഏറെയുണ്ട്!
നന്മകളും സ്‌നേഹവും നന്ദിയും
എന്റെതായി നിങ്ങളിൽ എന്നുമുണ്ടാകും.
ജന്മം തന്നവരും കൂടെപ്പിറപ്പുകളും
പ്രിയപ്പെട്ടവനും ബന്ധുക്കളും
നാട്ടുകാരും കൂട്ടുകാരും എനിക്കേയിയ
കരുത്ത് എന്റെ ഹൃദയത്തിൽ
എത്രയോ ആഴങ്ങളിലാണ്.
മഞ്ഞുതുള്ളി പോലെ ഇറ്റുവീഴാൻ
വെമ്പി നിൽക്കുന്ന വർഷമേ,
എനിക്കു നിന്നിലൂടെ നാഥൻ നീട്ടിയത്
ആത്മാർഥ സൗഹൃദങ്ങളുടെ അർഥങ്ങളും
അഹങ്കാരത്തിന്റെ കറുത്ത
മനസ്സുകളിൽനിന്നുള്ള പാഠങ്ങളുമാണ്.
എല്ലാ വർഷങ്ങളും ആരംഭം കുറിക്കുന്നത്
ശുഭ പ്രതീക്ഷകളും സുന്ദര സ്വപ്നങ്ങളും
മനസ്സിനു നൽകിക്കൊണ്ടാണ്.
നാളെയും ഞാൻ ഞാനാണ്,
പുതുവർഷത്തിലും പോയ-
വർഷങ്ങളിലും അങ്ങനെത്തന്നെ.
പ്രതീക്ഷകൾ വച്ചുപുലർത്താം,
പ്രതിസന്ധികളിൽനിന്നും
തലയുയർത്തി നിൽക്കാൻ
കരുത്തു നൽകുന്നത്
പ്രതീക്ഷകളാണല്ലോ.
ചുമരിൽ തൂങ്ങാൻ തിടുക്കം കാട്ടുന്ന
പുതു കലണ്ടറിൽ ഒരുപക്ഷേ,
ഏതെങ്കിലും ഒരക്കത്തിൽ
എത്തുമ്പോഴായിരിക്കാം
ഈ യാത്രയുടെ അന്ത്യം.
പ്രവചിക്കാനാവില്ലല്ലോ,
നാഥന്റെ തീരുമാനമെപ്പോഴെന്ന്.
പകർച്ചവ്യാധികളും മാറാരോഗങ്ങളും
വരൾച്ചയും വെള്ളപ്പൊക്കവും
യുദ്ധവും കലാപങ്ങളുമില്ലാത്ത
പുതുവർഷത്തിനായി പ്രാർഥിക്കാം.
വറ്റാത്ത കാരുണ്യത്തിനുടവനല്ലാതെ
ആരുണ്ട് നമുക്ക് ചോദിക്കുന്നതെന്തും
തരുന്നവനായിട്ട്!

