സൂം മീറ്റിംഗ്

-സി.

2020 സെപ്തംബര്‍ 12 1442 മുഹര്‍റം 24

സാമാന്യം മെച്ചപ്പെട്ട നിലയ്ക്ക് ഈ ലോക്ഡൗണ്‍ കാലത്തും പ്രവര്‍ത്തിച്ചുവരുന്ന ഒരു പ്രൈമറി മദ്‌റസയുടെ രക്ഷാകര്‍തൃയോഗത്തില്‍ രക്ഷിതാക്കള്‍ക്ക് പത്തുമിനുട്ടുനേരം സദുപദേശം കൊടുക്കാന്‍ വേണ്ടി അധ്യാപക സുഹൃത്തുക്കള്‍ ക്ഷണിച്ചപ്പോള്‍ സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചു. സൂം മീറ്റിംഗായതിനാല്‍ വീട്ടിലിരുന്ന് പങ്കെടുത്താല്‍ മതിയല്ലോ. പറഞ്ഞ സമയത്തുതന്നെ ഓണ്‍ലൈനില്‍ കയറിയപ്പോള്‍ കേട്ടത് രക്ഷിതാക്കളുടെ ബഹളമാണ്. മദ്‌റസാഭാരവാഹികളും രക്ഷിതാക്കളും തമ്മില്‍ വാക്പയറ്റു നടത്തുന്നു. അല്‍പനേരം കാതോര്‍ത്തപ്പോള്‍ കാര്യം മനസ്സിലായി. 'ഓണ്‍ലൈന്‍ ക്ലാസ്സിന് എന്തിനാ ഫീസ്? നിര്‍ബന്ധമാണെങ്കില്‍ പകുതി തരാം. എന്റെ മൂന്നു കുട്ടികള്‍ക്ക് നൂറ്റമ്പത് രൂപ മാസാന്തം തരാനിനി പറ്റില്ല. നിര്‍ബന്ധമാണെങ്കില്‍ നൂറുരൂപ തരാം...' ഈ രൂപത്തിലാണ് ചില രക്ഷിതാക്കള്‍ സംസാരിക്കുന്നത്. 'ഒരു കുട്ടിക്ക് ഏറിയാല്‍ നിങ്ങള്‍ തരുന്ന ഫീസ് നൂറുരൂപയാണ്. അതും അപൂര്‍വം രക്ഷിതാക്കള്‍ മാത്രം. ഇതില്‍ കുറച്ചാല്‍ ഞങ്ങളെങ്ങനെ ഈ സ്ഥാപനം നടത്തിക്കൊണ്ട് മുന്നോട്ടു പോകും' എന്നാണ് കമ്മിറ്റി ഭാരവാഹി ചോദിക്കുന്നത്. ഞാന്‍ വീഡിയോ ഓണ്‍ ചെയ്തതോടെ ബഹളം തെല്ലൊന്ന് അടങ്ങി. 'ഉദ്‌ബോധകന്‍' വന്നതുകൊണ്ട് ഇനി അതിലേക്ക് കടക്കാം എന്നായി ബഹളക്കാരില്‍ ചിലര്‍! വേഗം അവസാനിക്കുകയും ചെയ്യുമല്ലോ.

ആളുകള്‍ക്ക് ഉപദേശങ്ങള്‍ കേള്‍ക്കുക എന്നത് ഒരു ചടങ്ങാണ്. ആഴ്ചയില്‍ ഒരു വെള്ളിയാഴ്ച പള്ളിയില്‍ പോയി രണ്ടു റക്അത്ത് നമസ്‌കരിച്ചില്ലെങ്കില്‍ മഹല്ലില്‍നിന്നു പുറത്താക്കുമോ എന്ന പേടിപോലെ, കുട്ടിയെ ചെറുപ്പത്തില്‍ മദ്‌റസയിലേക്ക് വിട്ടില്ലെങ്കില്‍ സമുദായത്തിന് പുറത്താകുമോ എന്ന് പേടിക്കുന്നു പലരും. അതിനാണ് പലര്‍ക്കും ഈ മതപഠനമെന്ന ചടങ്ങ്! മദ്‌റസാ പഠനത്തെ ഗൗരവമായി കാണുന്ന രക്ഷിതാക്കള്‍ ധാരാളമുണ്ട് എന്ന് വിസ്മരിക്കുന്നില്ല. ഫീസ് കൊടുക്കാതിരിക്കാന്‍ കലഹിക്കുന്ന ഇതേ രക്ഷിതാക്കളുടെ ഇതേ മക്കള്‍ തന്നെ മെച്ചപ്പെട്ട സ്വകാര്യ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ്സിന്ന് ആയിരങ്ങള്‍ ഓണ്‍ലൈനായി ഫീസടക്കുന്നുണ്ട് എന്നത് വിധിവൈപരീത്യമാണ്. ഭൗതിക വിദ്യാഭ്യാസം അനിവാര്യവും ഏറെ ശ്രദ്ധപുലര്‍ത്തേണ്ടതുമാണെന്ന് മറക്കുന്നില്ല. വരുംതലമുറകള്‍ ഇവിടെ അഭിമാനത്തോടെ തലയുയര്‍ത്തി ജീവിക്കണമെങ്കില്‍ ഭൗതിക വിദ്യാഭ്യാസത്തില്‍ നല്ല മുന്നേറ്റം അനിവാര്യം തന്നെ. എന്നാല്‍ അങ്ങനെ കിട്ടുന്ന ഐ.എ.എസ്സും ഐ.പി.എസ്സും മറ്റും മരണത്തോടെ അവസാനിക്കുമെന്നും, നേരും നെറികേടും തിരിച്ചറിയാനാവശ്യമായ മതവിജ്ഞാനം ഇഹലോകത്തെന്നപോലെ ശാശ്വതമായ പരലോകജീവിതത്തിന്നും കൂടി ആവശ്യമുള്ളതാണെന്നുമുള്ള തിരിച്ചറിവ് ഇല്ലാതെപോകുന്നതാണ് പ്രശ്‌നം.

കഴുത്തില്‍ മണികെട്ടിയ പശുക്കിടാവ് ഓടുന്തോറും കിലുങ്ങുകയും കിലുങ്ങുന്തോറും ഓടുകയും ചെയ്യും എന്ന് പറയുന്നതുപോലെയാണ് മതവിദ്യാഭ്യാസരംഗത്തെ ഇന്നത്തെ അവസ്ഥ. രക്ഷിതാക്കള്‍ ഗൗരവത്തോടെയും പ്രധാന്യപൂര്‍വവും മദ്‌റസാമേഖലയെ കാണാതിരിക്കുന്നു. അപ്പോള്‍ മതപഠനരംഗം മുരടിക്കുന്നു. കഴിവുള്ള അധ്യാപകര്‍ രംഗത്ത് വരാതിരിക്കുന്നു. തന്മൂലം മക്കള്‍ അറിവില്ലാത്തവരായി മാറുന്നു. അറിവില്ലായ്മ മക്കള്‍ വഴിപിഴക്കാന്‍ കാരണമാകുന്നു. ''...ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ രണ്ടിരട്ടി ശിക്ഷ നല്‍കുകയും അവര്‍ക്ക് നീ വന്‍ ശാപം ഏല്‍പിക്കുകയും ചെയ്യണമേ (എന്നും അവര്‍ പറയും)'' (ക്വുര്‍ആന്‍ 33:67-68).

ഈ വചനത്തിലെ 'അവര്‍' എന്നത് രക്ഷിതാക്കളും മതം പഠിപ്പിക്കുന്ന അധ്യാപകരും നാട്ടിലെയും കുടുംബത്തിലെയും മുതിര്‍ന്നവരുമാകുമോ എന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നു.

സാമാന്യം നല്ല ബ്രാന്റില്‍ കിട്ടുന്ന ഒരു പായ്ക്കറ്റ് ചോക്കലേറ്റിന്റെ തുകപോലും മാസാന്തം മതവിദ്യാഭ്യാസത്തിന്ന് ഫീസ് കൊടുക്കാന്‍ തയ്യാറില്ലാതെ തര്‍ക്കിക്കുന്ന രക്ഷിതാക്കളും, കിട്ടുന്ന കൂലിക്കത്ര മതി എന്ന് വിചാരിക്കുന്ന അധ്യാപകരും ചിന്തിക്കേണ്ട കാര്യമാണത്. പ്രവാചകന്റെ ജോലിയാണ് മതാധ്യാപകര്‍ നിര്‍വഹിക്കുന്നതെങ്കില്‍ പ്രവാചകര്‍ക്ക് കൈത്താങ്ങുനല്‍കിയ സ്വഹാബികളുടെയും ഹവാരിയ്യുകളുടെയും റോളിലാണ് കമ്മിറ്റിയും രക്ഷിതാക്കളും എന്ന് മറക്കാതിരിക്കുക. കൊറോണയെക്കാള്‍ ഭീതിതമായി തിന്മകള്‍ മനുഷ്യരിലേക്ക് പടര്‍ന്നുപിടിക്കുന്ന ഇക്കാലത്ത് നല്ല ധര്‍മജ്ഞാനവും ബോധവും നല്‍കിയില്ലെങ്കില്‍ വ്യാജഭക്തിയുടെ മാസ്‌ക് ധരിച്ചിട്ട് കാര്യമില്ലെന്ന് നാം തിരിച്ചറിയുക.