പ്രശ്‌ന പരിഹാരത്തിന്റെ പ്രവാചക ഫോര്‍മുല

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2020 ജനുവരി 04 1441 ജുമാദല്‍ അവ്വല്‍ 09

മുഹമ്മദ് നബി ﷺ യുടെ പ്രവാചകത്വത്തിന്ന് അഞ്ചു വര്‍ഷം മുമ്പ് ക്വുറൈശികള്‍ കഅ്ബ ഒന്നു കൂടി പുതുക്കിപ്പണിതു. ഈ പണി നടന്നുകൊണ്ടിരിക്കെ, ഹജറുല്‍ അസ്‌വദ് അതിന്റെ പൂര്‍വസ്ഥാനത്ത് എടുത്തുവെക്കുന്നതുമായി ബന്ധപ്പെട്ട് ക്വുറൈശികളിലെ വിവിധ കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി, തര്‍ക്കം മൂര്‍ച്ചിച്ച് പരസ്പരം യുദ്ധ പ്രഖ്യാപനം വരെയെത്തി. കഅ്ബയെ സ്‌നേഹിച്ചാദരിക്കുന്ന, ഹജറുല്‍ അസ്‌വദിന്ന് മഹത്ത്വം കല്‍പിക്കുന്ന, സര്‍വരുടെയും പ്രാര്‍ഥനാ കേന്ദ്രമായ ആ കഅ്ബയുടെ മുറ്റത്തുവെച്ച് ഒരേ ഗോത്രത്തില്‍പെട്ട ക്വുറൈശികള്‍ ഇരുചേരിയായി തിരിഞ്ഞ് രക്തത്തില്‍ കൈമുക്കി പരസ്പരം യുദ്ധം ചെയ്യാന്‍ ഒരുങ്ങി നിന്നു. നാലഞ്ച് ദിവസത്തോളം വിശുദ്ധ ഹറമിന്റെ മുറ്റത്ത് യുദ്ധഭീതി നിലനിന്നു. ഒടുവില്‍ അവരിലെത്തന്നെ വിവേകികളിടപെട്ട് ഒരു തീരുമാനത്തിലെത്തിച്ചു; നാളെ രാവിലെ ആദ്യം കഅ്ബയിലേക്ക് വരുന്നത് ആരാണോ അയാളുടെ കൈകൊണ്ട് ഹജറുല്‍ അസ്‌വദ് തല്‍സ്ഥാനത്ത് എടുത്തുവെക്കാം.

പിറ്റേന്ന് രാവിലെ അങ്ങോട്ട് വന്നത് മുഹമ്മദ് എന്ന അല്‍അമീനായിരുന്നു. എല്ലാവരും സന്തോഷിച്ചു. യുദ്ധഭീതി അസ്തമിച്ചു. അല്‍അമീനിന്റെ കൈ കൊണ്ട് ഹജറുല്‍ അസ്‌വദ് സ്ഥാപിക്കാന്‍ എല്ലാവര്‍ക്കും സമ്മതമായി. അന്ന് അദ്ദേഹത്തിന്ന് 35 വയസ്സാണ്.

അദ്ദേഹം ഒരു തട്ടം നിലത്തു വിരിച്ച് 'ഹജര്‍' അതില്‍ വെച്ചു. എന്നിട്ട് തട്ടത്തിന്റെ നാലുഭാഗവും എല്ലാ കുടുംബത്തലവന്മാരോടും പിടിച്ചുപൊക്കാനാവശ്യപ്പെട്ടു. പിന്നീട് മുഹമ്മദ് നബി ﷺ  അത് എടുത്തു കഅ്ബയുടെ ഒരു മൂലയില്‍ ഉറപ്പിച്ചു. എല്ലാവരും സസന്തോഷം പിരിഞ്ഞുപോയി.

അതിനെയൊന്നു ചുംബിക്കാന്‍ അല്ലെങ്കില്‍ ഒരു പ്രാവശ്യമെങ്കിലും കൈകൊണ്ടു സ്പര്‍ശിക്കാന്‍ ഹജ്ജിനും ഉംറക്കും പോകുന്ന എല്ലാവരും കൊതിക്കുന്നു. മറ്റൊന്നുകൊണ്ടുമല്ല; നബി ﷺ  അങ്ങനെ ചെയ്തു എന്നത് കൊണ്ട് മാത്രം.

ഹജറുല്‍ അസ്‌വദുമായി ബന്ധപ്പെട്ട ഈ പൂര്‍വകാല ചരിത്ര സംഭവം നമുക്ക് ചില ഗുണപാഠങ്ങള്‍ നല്‍കുന്നുണ്ട്.

കഅ്ബയോടും ഹജറിനോടുമുള്ള ഭക്തിയാണ് അതിന്റെ പേരില്‍ യുദ്ധം ചെയ്യാന്‍ വരെ അവരെ പ്രേരിപ്പിച്ചത്. പക്ഷേ, ആ പുണ്യം നേടുന്ന കാര്യത്തില്‍ കുടുംബ താല്‍പര്യവും സ്വാര്‍ഥതകളും അവരെ പിടികൂടി. അങ്ങനെ ഒരു നന്മക്കുവേണ്ടി അവിവേകം ചെയ്യാന്‍ അവര്‍ മുതിര്‍ന്നു. അത് പക്ഷേ, അല്ലാഹു നിയുക്ത പ്രവാചകന്റെ കൈകൊണ്ട് നല്ല നിലയ്ക്ക് പരിഹരിച്ചു.

ലക്ഷ്യം നല്ലതാണെങ്കില്‍ പോലും പടലപിണക്കങ്ങളും കലഹങ്ങളും മനുഷ്യരില്‍ സാധാരണയാണ്. സ്വന്തമായ അഭിപ്രായങ്ങളും ചിന്താശേഷിയുമുള്ള സമൂഹങ്ങളില്‍ അഭിപ്രായ വൈവിധ്യം സ്വാഭാവികമാണുതാനും. അത് പക്ഷേ, എല്ലാ നന്മകളെയും നശിപ്പിക്കുന്ന വിധം തീരാത്ത പകയും വിദ്വേഷവുമായി നിലനില്‍ക്കാതിരിക്കാന്‍ പ്രവാചകചര്യ പിന്തുടരുന്ന വിശ്വാസികള്‍ ശ്രദ്ധിക്കണം. അക്കാര്യത്തില്‍ ഞാനോ നീയോ എന്ന അഹംബോധം പിടികൂടിപ്പോകരുത്.

നാടിന്നും മനുഷ്യ സമൂഹത്തിന്നും സ്വസമുദായത്തിന്നും നല്ലതു മാത്രം ആഗ്രഹിച്ചുകൊണ്ടാവണം ഒരു പ്രബോധക കൂട്ടായ്മ മുന്നോട്ടു പോകുന്നത്. നന്മയാണ് എല്ലാവരുടെയും മനസ്സില്‍ ഉണ്ടാകേണ്ടത്. എന്നാല്‍ ഭിന്നസ്വരങ്ങള്‍ സ്വഭാവികവുമാണ്. കഴിയുന്നത്ര ഭിന്നശബ്ദങ്ങള്‍ പരിഹരിച്ച്, വ്യക്തി വൈവിധ്യങ്ങള്‍ കണ്ടറിഞ്ഞ്, വ്യക്തികളുടെ കഴിവുകളും കഴിവുകേടുകളും ഭൗര്‍ബല്യങ്ങളും മനസ്സിലാക്കി വിവേകപൂര്‍വം, ഭദ്രമായ ഒരു കൂട്ടായ്മയായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കണം. അതാണ് വിശ്വാസി സമൂഹത്തിന്റെ മാതൃകയും ചരിത്രവും.

''അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്? നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്‍മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല'' (ക്വുര്‍ആന്‍ 41:33-35).