അവരുടെ തിരിച്ചുവരവും നമ്മുടെ തിരിച്ചറിവും

-സി.

2020 ജൂലൈ 25 1441 ദുല്‍ഹിജ്ജ 04

'നമ്മുടെ സമരം രോഗികളോടല്ല, രോഗത്തോടാണ്' എന്ന മൊഴി കേള്‍ക്കാത്തവരുണ്ടായിരിക്കുകയില്ല. പക്ഷേ, സമൂഹത്തില്‍ കുറച്ചുപേരുടെയെങ്കിലും സമീപനം ഇതിന്നെതിരാണെന്ന് പറയാതെ വയ്യ. വീട്ടിലെ ഒരംഗം ഗള്‍ഫില്‍നിന്നെത്തിയിട്ടുണ്ട് എന്ന് ഓഫീസിലേക്ക് ഫോണ്‍വിളി വന്നപ്പോള്‍തന്നെ സഹപ്രവര്‍ത്തകര്‍ക്ക് പലഹാരവിതരണം ചെയ്യേണ്ടിവന്ന അനുഭവം ഓര്‍ക്കുന്നു. കാരണം ഗള്‍ഫുകാരന്റെ നാട്ടിലേക്കുള്ള വരവിനെ അത്രമാത്രം മഹാഭാഗ്യമായിട്ടായിരുന്നു ആളുകള്‍ കണ്ടിരുന്നത്. ഒരു ഗള്‍ഫുകാരന്‍ നമ്മുടെ കൂടെ സംഘത്തിലുണ്ടെങ്കില്‍ വാഹനത്തിന് ടിക്കറ്റെടുക്കേണ്ടതും ഹോട്ടലില്‍ ബില്ലടക്കേണ്ടതുമെല്ലാം അവന്‍തന്നെ എന്നായിരുന്നു നാട്ടിന്‍പുറങ്ങളിലെ അലിഖിത നടപ്പുനിയമം. ഒരു കല്യാണമുണ്ടായാല്‍ സ്വകുടുംബത്തിന്റെയും ബന്ധുക്കളുടെയും ഡ്രസ്സടക്കമുള്ള സകല പത്രാസുകളുടെ ചെലവും ഗള്‍ഫുകാരന്റെമേല്‍ കെട്ടിവെക്കുമായിരുന്നു. ഒന്നോ രണ്ടോ മാസം കഴിഞ്ഞ് അയാള്‍ തിരിച്ചുപോകുന്നത് നല്ല ഒരു സംഖ്യ കടവും പേറിയായിരിക്കും!

മഹല്ലു പള്ളിയുടെ വികസനത്തിനു മുതല്‍ മതസംഘടനകളുടെ മഹാസമ്മേളനങ്ങള്‍ കൊഴുപ്പിക്കാന്‍ വരെ ഗള്‍ഫിനെ ആശ്രയിച്ചു നാം. തെരഞ്ഞെടുപ്പിന്റെ ചര്‍ച്ച നാട്ടില്‍ തുടങ്ങുന്നതിനു മുമ്പുതന്നെ രാഷ്ട്രീയ പ്രചാരണങ്ങളൂടെ ബജറ്റ് ഗള്‍ഫുകാര്‍ക്ക് നല്‍കി സ്വീകരണം ഏറ്റുവാങ്ങാന്‍ ഗര്‍ഫിലേക്ക് വിമാനം കയറുന്ന നേതാക്കളും കുറവായിരുന്നില്ല. ജന്മദേശത്തിനോടുള്ള കൂറും സ്‌നേഹവും നാട്ടിലെ മത,രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളോടുള്ള ഗൃഹാതുരത്വവും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കുന്ന ലേബര്‍ക്യാമ്പുകളിലെ പ്രവാസിയെപോലും ധര്‍മിഷ്ടനാക്കി. അവന്റെ ദാനധര്‍മത്തെ ആശ്രയിച്ച് നാട്ടില്‍ എല്ലാ രംഗങ്ങളിലും പരിധിവിട്ട ധൂര്‍ത്ത് അരങ്ങേറി. ഇപ്പോഴതെല്ലാം കെട്ടടങ്ങിക്കൊണ്ടിരിക്കുകയാണ്. പാവപ്പെട്ടവര്‍ക്കു വേണ്ടി ആത്മാര്‍ഥമായി സഹായഹസ്തം നീട്ടിയ പ്രവാസികളില്‍ നല്ലൊരു ശതമാനവും ഒരു ചോദ്യചിഹ്നമായി നാട്ടിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. നാമവരെ സ്വീകരിക്കണം. അവര്‍ നാട്ടിനും നാട്ടാര്‍ക്കും ദാനമായി തന്നത് കടമായി ഗണിച്ച് പ്രത്യുപകാരം ചെയ്യാന്‍ നാം ഉണരണം.

അലിയ്യുബ്‌നു അബീത്വാലിബ്(റ) പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്ന ഒരു പദ്യശകലം ഇങ്ങനെ സംഗ്രഹിക്കാം:

'ഐശ്വര്യമുള്ളപ്പോള്‍ കൂട്ടുകാരെത്രയോ,

ദുരിതഘട്ടത്തിലോ ശത്രുക്കളെല്ലാരും!

കണ്‍വട്ടത്തിലെല്ലാരും പുഞ്ചിരിതൂകുന്നു,

കാണാമറയത്തോ പല്ലിറുമ്മീടുന്നു!'

കോവിഡിന്റ വ്യാപനവും പ്രവാസികളുടെ മടക്കവും ചേര്‍ത്തുവെച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളുകളും ഹാസ്യഡോക്യുമെന്ററികളും കാണുമ്പോള്‍ ഈ പദ്യശകലത്തിന്റെ പൊരുള്‍ ഓര്‍മവരുന്നു. എത്ര വലിയ നന്ദികേടാണിത്!

പ്രവാസത്തിന്റെ സമൃദ്ധിയില്‍ വേണ്ടത്ര ഭാവിവിചാരമില്ലാതെ വലിയ വീടുവെച്ച് അതിനുള്ളില്‍ അന്നത്തിന് വകയില്ലാതെ കഷ്ടപ്പെടുന്നവരുണ്ട് നമുക്ക് ചുറ്റും. കിട്ടുന്നതുകൊണ്ട് മാന്യമായി കാലംകഴിച്ച്, അഭിമാനികളായി ഉള്ളിലിരിക്കുന്നവരുമുണ്ട്. ഇവരെയാക്കെ തിരിച്ചറിയാന്‍ നമുക്ക് സാധിക്കണം.

അവരൊക്കെ ഗള്‍ഫില്‍ ജോലി ചെയ്തിരുന്നതുകൊണ്ട് നേരിട്ടും അല്ലാതെയും സമൃദ്ധി നാട്ടിലും വീടുകളിലുമുണ്ടായിരുന്നു. ആ കാലം ഇനി തിരിച്ചുവരുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനാല്‍ പരിധിവിട്ട ഉപഭോഗസംസ്‌കാരവും ധൂര്‍ത്തിലമര്‍ന്ന ജീവിതശൈലികളും മാറ്റാന്‍ നാം സ്വയം തീരുമാനിക്കണം. കോവിഡാനന്തര സമൂഹത്തില്‍ പുതിയ ഒരു സാമ്പത്തിക അച്ചടക്കവും സ്വത്വബോധവും നാം നേടേണ്ടതുണ്ട്. കിട്ടിവന്ന സുഖഭോഗങ്ങളില്‍ മതിമറന്നുജീവിക്കുന്ന ഇളംതലമുറയെ പുതിയ സാമൂഹ്യ വെല്ലുവിളികള്‍ നേരിടാന്‍ നാം പാകപ്പെടുത്തേണ്ടതുണ്ട്. മത, സാമൂഹ്യ, രാഷ്ട്രീയ രംഗത്തുള്ളവര്‍ യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം.