അതിജീവനം

-സി.

2020 സെപ്തംബര്‍ 19 1442 സഫര്‍ 02

ലോക്ഡൗണിന്നു മുമ്പൊരു ദിവസം സാമാന്യം ഭേദപ്പെട്ട ഒരു കുടുംബത്തിലെ നിക്കാഹില്‍ പങ്കെടുത്തപ്പോള്‍ ഗള്‍ഫിലെ ബിസിനസ്സുകാരനായ ഒരു സുഹൃത്തിനെ കണ്ടു. ഇതില്‍ സംബന്ധിക്കാന്‍ വേണ്ടി മാത്രം നേരെ എയര്‍പോര്‍ട്ടിലിറങ്ങി വരികയാണെന്നും സ്വന്തം വീട്ടില്‍ കയറാന്‍ സമയമില്ലാത്തതിനാല്‍ ഉടന്‍ ഗള്‍ഫിലേക്കു തന്നെ തിരിച്ചുപോവുകയാണെന്നും പറഞ്ഞപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. ആഴ്ചയില്‍ രണ്ടും മൂന്നും തവണ വന്നുപോകുന്ന ഇത്തരം വ്യക്തികള്‍ നാട്ടില്‍ വേറെയുമുണ്ടല്ലോ. അഞ്ചാറു മാസമായി ഇപ്പോള്‍ അദ്ദേഹം നാട്ടില്‍ വന്നിട്ട്. ഇപ്രകാരം എസ്‌കോര്‍ട്ടുവണ്ടികളുടെ അകമ്പടിയോടെ നാടുനീളെ പകലന്തിയോളം ഓടിനടക്കുന്ന നേതാക്കന്മാര്‍ പലരും അധികസമയവും വീട്ടിലിരിപ്പാണ്. പണവും പ്രതാപവും സ്ഥാനമാനങ്ങളും ഇല്ലാഞ്ഞിട്ടല്ല ഈ മഹാവ്യാധി വന്നുപെട്ടുപോകുമോ എന്നതാണ് പേടി. കോവിഡിന്റെ ഭയപ്പാട് മനസ്സിലുണ്ടെങ്കിലും ആഗസ്റ്റില്‍ പ്രതീക്ഷിച്ച പ്രളയം ഉണ്ടായില്ലല്ലോ എന്നതിനാല്‍ ആശ്വസിക്കുന്നവരും ഏറെയുണ്ട്. പല സ്‌കൂളുകളില്‍നിന്നായി ആവശ്യത്തിലധികം അരിയും പലവ്യഞ്ജന കിറ്റുകളും കിട്ടിയിട്ട് തിന്നാന്‍ വേണ്ടാതായിരിക്കുകയാണ് പലര്‍ക്കും. ഇതിനാല്‍ പട്ടിണിയില്ലെങ്കിലും നാട്ടില്‍ ആശങ്കക്കറുതിയില്ല. തിന്നുകുടിച്ചാല്‍ പോരല്ലോ, മനസ്സിനൊരു സുഖംവേണ്ടേ?!

ഈയൊരു സാഹചര്യത്തില്‍, നബി ﷺ യുടെ ഒരു വചനം നാം വായിക്കുക: ''നിങ്ങളിലാരെങ്കിലും കുടുംബത്തില്‍ നിര്‍ഭയരായി നേരംപുലര്‍ന്നാല്‍, അത്യാവശ്യത്തിന്ന് ശാരീരികാരോഗ്യവും അന്നന്നേക്കുള്ള ആഹാരവും കൂടിയുണ്ടായാല്‍ ഭൗതികസുഖം മുഴുവനും നേടിയപോലെയാണവന്‍.'' ഭൗതിക സുഖം എന്ന പദത്തെ എത്ര അര്‍ഥവത്തായിട്ടാണ് നബി ﷺ  ഇതില്‍ വിലയിരുത്തിയത്!

വരുമാനത്തില്‍ കുറവുവരാതിരിക്കാന്‍ കട്ടും കവര്‍ന്നും കൈക്കൂലിവാങ്ങിയും കൃത്രിമം ചെയ്തും മനുഷ്യന്‍ സമ്പാദിക്കുന്നത് തനിക്കും മക്കള്‍ക്കും സുഖമായി കഴിഞ്ഞുകൂടാനാണ്. മതവും ഭക്തിയും പൊക്കിപ്പിടിച്ച് നടക്കുന്ന പലരും പാവങ്ങള്‍ക്കു കൈമാറേണ്ട സകാത്ത് കൊടുക്കാതെയും, കഷ്ടപ്പെടുന്ന സാധുക്കളുടെ ദാരിദ്ര്യം കണ്ടില്ലെന്ന് നടിച്ച് തനിക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ പൂഴ്ത്തിവെച്ചും കഴിയുന്നതും തനിക്കും കുടുംബത്തിന്നും സുഖമായി ജീവിക്കണം എന്ന വിചാരംകൊണ്ടുതന്നെയാണ്.

എന്നാല്‍ ഇതൊന്നുമല്ല ജീവിത സുഖമെന്നും, സുഖസൗഖ്യത്തിന്റെ മാനദണ്ഡം വേറെയാണെന്നും നാം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ഇറ്റലിയില്‍ കൊറോണയുണ്ടെന്ന് കേട്ടപ്പോഴേക്കും തടികേടാവുമെന്ന് പേടിച്ച് വായും മൂക്കും കെട്ടി അഞ്ചുനേരം കയ്യും മുഖവും കഴുകി കരുതിയിരുന്ന നാം, ആ സാധനം നമ്മുടെ മൂക്കിന്നു മുന്നില്‍, സ്വന്തം മുറ്റത്തെത്തിയപ്പോള്‍ ഇനിയെന്തൊക്കെ മൂടിക്കെട്ടണമെന്നറിയാതെ അന്തിച്ചുനില്‍ക്കുകയാണ്. ഇവിടെ ചില യാഥാര്‍ഥ്യങ്ങള്‍ നാം തിരിച്ചറിയണം. ജീവിതത്തില്‍ മനുഷ്യന്‍ കൂട്ടുന്ന കണക്കുകള്‍ തെറ്റും. എല്ലാം സൃഷ്ടിച്ചു നിയന്ത്രിക്കുന്ന അല്ലാഹുവിന്റെ കണക്കാണ് ശരി. അതിന്നു മനുഷ്യന്‍ വഴങ്ങിയേതീരൂ.

മനുഷ്യന്‍ എത്രയോ ദുര്‍ബലനാണെന്ന യാഥാര്‍ഥ്യം ഈ ദുരന്തകാലത്ത് കുടുതല്‍ തെളിഞ്ഞുവരികയാണ്. കിട്ടുന്ന മുഴുവന്‍ ശക്തിയും സംഭരിച്ച് ഈ ദൗര്‍ബല്യത്തെ അതിജീവിക്കുകയാണ് ബുദ്ധിയുള്ള നിലപാട്. ഈ അതിജീവന ശക്തി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജീവിതം ക്രമീകരിക്കുന്നതുവഴി മാത്രമെ നേടാനാവൂ. നല്ല മനസ്സോടെ കൂടുതല്‍ നന്മചെയ്തുകൊണ്ടു മാത്രമെ ഇത് സാധിക്കുകയുള്ളു. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) ഇങ്ങനെ പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്: ''നല്ലതൊന്നും പ്രവര്‍ത്തിക്കാതെ, ഒരു സൂര്യാസ്തമയം കഴിഞ്ഞ് എന്റെ ഒരു ദിവസത്തെ ആയുസ്സുകൂടി കുറയുന്നതിനെക്കാള്‍ ഖേദം എനിക്ക് മറ്റൊരു വിഷയത്തിലും തോന്നിയിട്ടില്ല.''

കുറച്ചൊക്കെ സമൃദ്ധിയും അഹങ്കാരവും അശ്രദ്ധയും ആര്‍ഭാഢാസക്തിയുമെല്ലാം കൂടി അതിരു വിട്ടപ്പോള്‍ ഒരു പിടിച്ചുകെട്ടല്‍ അനിവാര്യമായിരുന്നു. അതായിരിക്കാം ഈ ലോക്ഡൗണ്‍ കാലം. ഓരോ സൂര്യനും അസ്തമിക്കുമ്പോള്‍ നമുക്കു തോന്നും നാളേക്ക് ശരിയാക്കാമെന്ന്. എന്നാല്‍ നമ്മുടെ ഒരു ദിവസത്തെ വിലപ്പെട്ട ആയുസ്സാണ് അസ്തമിക്കുന്നതെന്ന് നാം മറക്കരുത്. സ്വന്തത്തിന്നും കുടുംബത്തിന്നും സമൂഹത്തിന്നും നാടിന്നും തന്നാലാവുന്ന നല്ല കാര്യങ്ങളെന്തെങ്കിലും ചെയ്താല്‍ ഖേദിക്കേണ്ടി വരില്ല. 'ജീവിതകാലം നീളുംതോറും നന്മകള്‍ വര്‍ധിപ്പിക്കാനുള്ള അവസരമാക്കേണമേ' എന്ന് നബി ﷺ   എപ്പോഴും പ്രാര്‍ഥിക്കാറുണ്ടായിരുന്നു.