'അക്ബര്‍ ദി ഗ്രേറ്റ്!'

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2020 ഒക്ടോബര്‍ 24 1442 റബിഉല്‍ അവ്വല്‍ 06

വര്‍ഷങ്ങള്‍ക്കു മുമ്പ് മധ്യകേരളത്തില്‍ നടന്ന ഒരു വമ്പിച്ച യുവജന വിദ്യാര്‍ഥി സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ജില്ലയിലെ ഒരു മേധാവി ഇസ്‌ലാമിനെ പ്രശംസിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ''മുസ്‌ലിംകള്‍ മഹാനായ അക്ബര്‍ ചക്രവര്‍ത്തിയെ പ്രകീര്‍ത്തിച്ചുകൊണ്ട് അഞ്ചുനേരവും 'അല്ലാഹു അക്ബര്‍' എന്ന് പള്ളികളില്‍നിന്നു വിളിച്ചുപറയാറുണ്ട്'. ഇതുകേട്ട് ശ്രോതാക്കളായി വന്ന വിവിധ മത സമൂഹങ്ങളില്‍ പെട്ട പതിനായിരക്കണക്കിന്ന് യുവജന വിദ്യാര്‍ഥികള്‍ ഊറിച്ചിരിച്ചു; 'ഗോഡ് ഈസ് ദി ഗ്രേറ്റും' 'അക്ബര്‍ ദി ഗ്രേറ്റും' തമ്മിലെ വ്യത്യാസമറിയാത്ത ഈ മഹാജ്ഞാനിയുടെ സ്ഥാനത്തെയോര്‍ത്ത്!

ഈയിടെ ക്വുര്‍ആനിനെ മുഖ്യവിഷയമാക്കി മീഡിയകളില്‍ ആടിത്തിമിര്‍ക്കുന്ന രാഷ്ട്രീയതാരങ്ങളുടെ വൈഭവങ്ങള്‍ കണ്ടപ്പോഴാണ് പഴയ ആ സംഭവം ഓര്‍ക്കാനിടയായത്. കൊറോണയും ക്വുര്‍ആനും തമ്മില്‍ വല്ല രഹസ്യബന്ധവുമുണ്ടോ എന്നുവരെ ഇനി മീഡിയകളില്‍ ചര്‍ച്ചവന്നാലും അത്ഭുതപ്പെടാനില്ല! വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ക്വുര്‍ആന്‍ കയറിവന്നതിന്റെ നിജസ്ഥിതി ഉത്തരവാദപ്പെട്ടവര്‍ കണ്ടെത്തട്ടെ. നാം ചിന്തിക്കേണ്ടത് ക്വുര്‍ആനിനെ മനുഷ്യര്‍ക്കു മുമ്പില്‍ സത്യസന്ധമായി സമര്‍പ്പിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്നതിനെപ്പറ്റിയാണ്.

ഇസ്‌ലാമിനെയും ക്വുര്‍ആനിനെയും ബോധപൂര്‍വം കൃത്യമായ അജണ്ടകളുടെ അടിസ്ഥാനത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. അവരുടെ വായപൊത്താനോ മറ്റുനിലയ്ക്ക് തടുക്കാനോ ആര്‍ക്കുമാവില്ല. ഇസ്‌ലാം അത് ആവശ്യപ്പെടുന്നുമില്ല. 'ലാറൈബ ഫീഹി' (ഈ ഗ്രന്ഥത്തില്‍ സംശയത്തിന്ന് ഒരു പഴുതുമില്ല) എന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ട് അല്ലാഹു അവതരിപ്പിച്ച ക്വുര്‍ആനിനെ വര്‍ഗീയമോ, രാഷ്ട്രീയമോ ആയ അജണ്ടകള്‍ മുന്‍നിര്‍ത്തി സംശയങ്ങളുണ്ടാക്കുന്നവരെ നമുക്ക് അവഗണിക്കാം. എന്നാല്‍ അവരുണ്ടാക്കുന്ന സംശയങ്ങളുടെയും വ്യാജ ആരോപണങ്ങളുടെയും സത്യാവസ്ഥ മനുഷ്യരിലേക്കെത്തിക്കാന്‍ നാം ശ്രമിക്കണം.

ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ക്വുര്‍ആനിന്റെ അനുയായികളെന്ന് അവകാശപ്പെടുന്നവരുടെ ചെയ്തികളാണ് ക്വുര്‍ആനിനെയും ഇസ്‌ലാമിനെയും തെറ്റിദ്ധരിക്കാന്‍ കാരണമായത് എന്നു കണ്ടെത്താനാവും. ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്ക് അടിക്കാന്‍ വടികൊടുക്കുന്നവരും അതിന്റെ അനുയായികള്‍ തന്നെയാണ്. ഹിന്ദുമത വിശ്വാസമുള്ള ഒരു വ്യക്തിയോ ഒരു ആള്‍ക്കൂട്ടമോ ചെയ്യുന്ന തെറ്റുകള്‍ക്ക് ഹിന്ദുമതത്തെ ആരും പഴിപറയാറില്ല. സഭയിലൊരാള്‍ നീചകൃത്യം ചെയ്താല്‍ അതുകാരണം സഭാവിശ്വാസത്തെയും സംവിധാനങ്ങളെയും ചീത്തവിളിക്കാറുമില്ല. എന്നാല്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും കാര്യത്തില്‍ അങ്ങനെയല്ല കാണുന്നത്. മുസ്‌ലിംകള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് പ്രതിസ്ഥാനത്ത് ഇസ്‌ലാമും മുഹമ്മദ് നബി ﷺ യും ക്വുര്‍ആനുമാണ് വിചാരണ ചെയ്യപ്പെടുന്നത് എന്നത് ഏറെ വിചിത്രമാണ്.

ഈ പ്രവണത തിരുത്തപ്പെടാന്‍ സത്യസന്ധമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുക എന്നതേ മാര്‍ഗമുള്ളു. ലിങ്കുകള്‍ വഴിയുള്ള ആശയ പ്രചരണങ്ങള്‍ ഏറെ നടക്കുന്ന കാലമാണിത്. പ്രകാശവേഗതയില്‍ മനുഷ്യരെ പരസ്പരം അടുപ്പിക്കുവാനുള്ള സംവിധാനങ്ങള്‍ ഇന്നുണ്ട്. എന്നാല്‍ അതോടൊപ്പം അതിലേറെ ശക്തിയില്‍ മനുഷ്യരെ പലപേരിലും അകറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അറിയാനും അറിയിക്കാനും വേണ്ടി അല്ലാഹു തുറന്നുതന്ന ഈ മഹത്തായ അനുഗ്രഹങ്ങളെ പൂര്‍ണമായും പ്രയോജനപ്പെടുത്തി ഇസ്‌ലാമിനെയും ക്വുര്‍ആനിന്റെ മാനവികതയെയും മനുഷ്യബന്ധങ്ങളെന്ന ലിങ്കുവഴി ജനങ്ങളിലെത്തിക്കാന്‍ ഇനിയും വലിയ ശ്രമങ്ങള്‍ വേണ്ടതുണ്ട്.

രാജ്യത്തിന്റെ ഭരണരംഗത്തുള്ളവര്‍, നിയമജ്ഞര്‍, എക്‌സിക്യൂട്ടീവുകള്‍, കലാസാഹിത്യ, സാംസ്‌കാരിക രംഗത്ത് നേതൃത്വം നല്‍കുന്നവര്‍, നിയമപാലന മേധാവികള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് ഏകനിയന്താവിന്റെ മാര്‍ഗദര്‍ശനം എത്തിച്ചുകൊടുക്കാന്‍ വഴികണ്ടെത്തിയാല്‍, അല്ലാഹു അക്ബറും അക്ബര്‍ ചക്രവര്‍ത്തിയും തമ്മിലുള്ള ബന്ധം തിരിച്ചറിയാനെങ്കിലും അത് സഹായിക്കും; തെറ്റിദ്ധരിക്കാതിരിക്കാനും. വസ്തുതകള്‍ അറിഞ്ഞുകൊണ്ടല്ല പലരും ഇസ്‌ലാമിനെ തെറ്റായി ധരിക്കുന്നത്.

''അവര്‍ അവരുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് വിചാരിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു'' (ക്വുര്‍ആന്‍ 61:8) എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ.

ഈ പ്രകാശപൂര്‍ത്തീകരണം അല്ലാഹുവിന്റെ കല്‍പനപ്രകാരം അവന്റെ പക്കല്‍നിന്നുള്ള സഹായത്തോടെ മനുഷ്യരാണ് നിര്‍വഹിക്കേണ്ടത്. സാഹചര്യങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തി, മനുഷ്യ സമൂഹത്തിന്റെ പൊതുനന്മക്കുവേണ്ടി, സദുദ്ദേശ്യത്തോടെ പ്രബോധനവൃത്തത്തെ നാം ഇനിയും വിപുലീകരിക്കണം. അല്ലാഹു സഹായിക്കട്ടെ.