'ബുദ്ധിജീവികള്‍' ഏറിവരികയാണ്!

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2020 ഒക്ടോബര്‍ 17 1442 സഫര്‍ 30

അദൃശ്യകാര്യങ്ങളില്‍ (ഗൈബ്) വിശ്വസിക്കുക എന്നതും, നബി ﷺ  ഒരു കാര്യം കല്‍പിച്ചിട്ടുണ്ട് എന്ന് ബോധ്യമായാല്‍ പിന്നീട് മറ്റൊന്നും ചിന്തിക്കാതെ അത് അപ്പടി അംഗീകരിക്കുക എന്നതും വിശ്വാസത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ പെട്ടതാണ്. നബി ﷺ യുടെ നടപടികള്‍ ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തിലേ ഉണ്ടാകു എന്നതിനാല്‍ അത് അംഗീകരിക്കാന്‍ പരിമിതമായ ജ്ഞാനം മാത്രമുള്ള മനുഷ്യന്‍ ബാധ്യസ്ഥനാണ്. ലോകത്തിന്നു പൂട്ടിട്ടു വിറപ്പിച്ച ഒരു സൂക്ഷ്മജീവിയെ പിടിച്ചുകെട്ടാന്‍ വഴികാണാതെ അനേകലക്ഷങ്ങളെ കുരുതികൊടുക്കേണ്ടിവന്ന ഇക്കാലത്ത് മനുഷ്യജ്ഞാനത്തിന്റെ പരിമിതിയെ കുറിച്ച് അധികം പറയേണ്ടതില്ല.

മനുഷ്യജ്ഞാനത്തിന്റെ ഈ പരിമിതി സ്വയം ബോധ്യപ്പെടുവാനും അല്ലാഹുവാണ് സര്‍വശക്തനെന്ന് ഉറപ്പുവരുത്താനും വേണ്ടിയാണ് ക്വുര്‍ആന്‍ ബുദ്ധി ഉപയോഗിക്കാനാവശ്യപ്പെടുന്നത്. 'നിങ്ങള്‍ ചിന്തിക്കുന്നില്ലേ?,' 'ബുദ്ധിയുള്ളവര്‍ക്ക് ഇതില്‍ ദൃഷ്ടാന്തങ്ങളുണ്ട്!' എന്നിങ്ങനെ ബുദ്ധിയെ പ്രോത്സാഹിപ്പിക്കുകയും പുകഴ്ത്തുകയും ചെയ്തത് ദൈവിക ദൃഷ്ടാന്തങ്ങളെപ്പറ്റി ചിന്തിച്ച് ബോധ്യപ്പെടാനാണ്. ക്വുര്‍ആന്‍ ചിന്തിക്കാത്ത മനുഷ്യരെ മാടുകളോടുപമിച്ചതും, വിഡ്ഢികളെന്ന് വിശേഷിപ്പിച്ചതും ഈ അര്‍ഥത്തിലാണ്. മത നിയമങ്ങളെ ബുദ്ധിപരമായി സമീപിക്കണമെന്ന് എക്കാലത്തും പരിഷ്‌കര്‍ത്താക്കള്‍ ആഹ്വാനം ചെയ്തത് പ്രമാണങ്ങളെ ചോദ്യം ചെയ്യാതെ അംഗീകരിക്കലാണ് ബുദ്ധി എന്ന അര്‍ഥത്തിലാണ്. അഥവാ അന്ധമായ അനുകരണങ്ങളും പ്രമാണങ്ങളെ പിന്‍പറ്റാത്ത സമീപനങ്ങളും ഒഴിവാക്കണമെന്നാണ് പരിഷ്‌കര്‍ത്താക്കള്‍ പറഞ്ഞത്. ആ അര്‍ഥത്തിലാണ് ഇസ്‌ലാമില്‍ ബുദ്ധിക്ക് പ്രാധാന്യമുള്ളത്.

എന്നാല്‍, ഇസ്‌ലാമില്‍ ബുദ്ധിയുടെ സ്ഥാനം ഈ നിലയ്ക്ക് ഗ്രഹിക്കാതെ മതനിയമങ്ങളെ തങ്ങളുടെ പരിമിതമായ ബുദ്ധിക്കനുസരിച്ച് വ്യാഖ്യാനിക്കുന്ന പ്രവണത എക്കാലത്തും ഉണ്ടായിരുന്നു. കേവല ബുദ്ധിയെ ആധാരമാക്കുന്ന ഈ പ്രവണത ഗ്രീക്ക് ഫിലോസഫിയില്‍നിന്നു ഉദ്ഭവിച്ച് കാലഘട്ടങ്ങളിലൂടെ ഇസ്‌ലാമിക ശരീഅത്തിനെ മനസ്സിലാക്കുന്നതിലേക്കുവരെ കയറിക്കൂടിയിട്ടുണ്ട്.

യുക്തിവാദികള്‍ എന്തുകരുതുമെന്ന് പേടിച്ച് പ്രമാണങ്ങളെ വളച്ചൊടിക്കുക, ഇസ്‌ലാം ബുദ്ധിയുടെ മതമാണെന്ന വസ്തുതയെ മറയാക്കി ക്വുര്‍ആനിനെയും ഹദീഥുകളെയും ദുര്‍വ്യാഖ്യാനിക്കുക, ഹദീഥുകളെ നിഷേധിക്കുക, മതം നിരോധിച്ച പലതും പരിഷ്‌കാരത്തിന്നു വേണ്ടി തള്ളുക തുടങ്ങിയ പ്രവണതകള്‍ ഏറിവരികയാണിക്കാലത്ത്, നാം സൂക്ഷിക്കണം.

ഇസ്‌ലാം ഒരു കാര്യം നിരോധിച്ചിട്ടുണ്ടെങ്കില്‍ (ലഹരിപദാര്‍ഥങ്ങള്‍, മ്യൂസിക് എന്നിവ ഉദാഹരണം) അതിന്റെ യുക്തിയും ന്യായവും മനുഷ്യന്റെ പരിമിത യുക്തിക്ക് അളക്കാന്‍ കഴിയില്ല. കല്‍പനകളുടെ കാര്യവും അതുതന്നെ. ആ ന്യായവും യുക്തിയും കണ്ടെത്തി ഇസ്‌ലാമിക നിയമങ്ങളുടെ ദൈവികത സ്ഥാപിക്കാനാണ് ബുദ്ധി ഉപയോഗിക്കേണ്ടത്. മുഅ്ജിസത്തുകള്‍ (നബിമാരുടെ അമാനുഷികത) ദുര്‍വ്യാഖ്യാനിക്കുന്നതും സ്വഹീഹായ ഹദീഥുകള്‍ നിഷേധിക്കുന്നതും ബുദ്ധിയല്ല; അജ്ഞതയും ദൗര്‍ബല്യവുമാണ്.

മതത്തില്‍ സ്ഥിരപ്പെട്ട ഒരു വസ്തുത ബുദ്ധിക്ക് നിരക്കുന്നില്ലെന്ന് പറഞ്ഞു തള്ളുന്നതും സ്ഥിരപ്പെടാത്ത ഒരു അന്ധവിശ്വാസത്തിന്ന് പ്രാമാണികത വരുത്താന്‍ ദുര്‍വ്യാഖ്യാനിക്കുന്നതും ഒരുപോലെയാണ്. പൗരോഹിത്യത്തിന്റെ രണ്ടുമുഖം മാത്രം. ചിലയാളുകളെ മഹത്ത്വവല്‍കരിക്കാന്‍ വേണ്ടി സ്വപ്‌നകഥകള്‍ മെനയുന്നതും, അവരുടെ വിസര്‍ജ്യങ്ങള്‍വരെ ശുദ്ധമാണെന്ന് തട്ടിവിടുന്നതും, ഇസ്‌ലാമിന്ന് രാഷ്ട്രീയ വ്യാഖ്യാനം നല്‍കി ഹറാമും ഹലാലും കാലത്തിന്നനുസരിച്ച് മാറ്റിപ്പറയുന്നതും തുടങ്ങി പലരും അബദ്ധത്തില്‍ അകപ്പെട്ടത് ബുദ്ധിക്ക് പ്രമാണത്തെക്കാള്‍ വിലകല്‍പിച്ചതുകൊണ്ടാണ്.

അതൊക്കെ വെറും കസര്‍ത്തുകള്‍ മാത്രമാണെന്ന് കാലം തെളിയിക്കും. എന്നാല്‍ പ്രമാണബദ്ധമായ നിലപാട് എന്നും അവശേഷിക്കുകയും ചെയ്യും. താല്‍ക്കാലികമായ നേട്ടങ്ങള്‍ക്കു വേണ്ടി യാഥാര്‍ഥ്യങ്ങളെ വളച്ചൊടിക്കുന്നവര്‍ക്ക് കാലം തിരിച്ചടി കൊടുക്കുന്നത് ചരിത്രത്തില്‍ പുതുമയൊന്നുമല്ല. പരമസത്യമാണ് പ്രമാണം.

''അതിന്റെ മുന്നില്‍കൂടിയോ പിന്നില്‍കൂടിയോ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ടതാണത്രെ അത്'' (ക്വുര്‍ആന്‍ 41:42).