അശജ്ജിന്റെ കഥ

-സി.

2020 ആഗസ്ത് 01 1441 ദുല്‍ഹിജ്ജ 11

അറേബ്യന്‍ ഉപദീപിന്റെ കിഴക്കെ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന അല്‍അഹ്‌സാ പ്രദേശമടങ്ങുന്ന മേഖലയുടെ പഴയപേര് ബഹ്‌റൈന്‍ എന്നാണ്. ഹിജ്‌റ എട്ടാം വര്‍ഷത്തില്‍ അവിടെനിന്ന് അബ്ദുല്‍ഖൈസ് കുടുംബത്തിലെ ഒരു സംഘം വിശ്വാസികള്‍ നബി ﷺ യെ കാണാനായി മദീനയിലേക്ക് പുറപ്പെട്ടു. ഇസ്‌ലാം സ്വീകരിക്കാനുള്ള ആഗ്രഹമാണവരെ ഈ യാത്രക്ക് പ്രേരിപ്പിച്ചത്. അശജ്ജ് അബ്ദുല്‍ഖൈസ് എന്ന് പേരുള്ള ഒരാളായിരുന്നു സംഘത്തലവന്‍. കൂട്ടത്തില്‍ വിരൂപിയാണെങ്കിലും ചടുലതയും വൈഭവവുമുള്ള വ്യക്തിയായിരുന്നു അശജ്ജ്. നബി ﷺ  അവരെ പ്രതീക്ഷിച്ചിരിക്കുകയുമായിരുന്നു.

ഇരുപതോളം പേരടങ്ങുന്ന സംഘം മദീനയിലെത്തി. തങ്ങളെ കാത്തിരിക്കുന്ന നബി ﷺ യെ കണ്ടപ്പോള്‍ അവര്‍ ആവേശഭരിതരായി വാഹനപ്പുറത്തുനിന്ന് ചാടിയിറങ്ങി, യാത്രാവസ്ത്രം മാറ്റുകയോ വാഹനങ്ങളെ കെട്ടിയിടുകയോ ചെയ്യാതെ ഓടിവന്നു റസൂലിനെ കെട്ടിപ്പിടിക്കാനും കൈയും കാലും പിടിച്ചു ചുംബിക്കാനും തുടങ്ങി.

എന്നാല്‍ നേതാവായ അശജ്ജ് സാവകാശം വാഹനത്തെ ഒരിടത്ത് തളച്ചശേഷം പൊടിപുരണ്ട ശരീരം തട്ടിവൃത്തിയാക്കി, ഭാണ്ഡത്തില്‍നിന്ന് വൃത്തിയുള്ള വസ്ത്രമെടുത്തു ധരിച്ച് സാവധാനം നബി ﷺ യുടെ അടുത്തേക്കുവന്നു. സംഘത്തിന്റെ ഓരോ ചലനവും സാകൂതം നോക്കിനിന്ന നബി ﷺ  പള്ളിയില്‍ അവരെ സല്‍ക്കരിച്ചിരുത്തി. ഇസ്‌ലാമിനെ പരിചയപ്പെടുത്തിക്കൊടുത്തു. പിന്നീട് എല്ലാവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. അശജ്ജിന് കുടുതല്‍ നല്‍കിയിട്ടു പറഞ്ഞു: 'നിശ്ചയം താങ്കള്‍ക്കു രണ്ടു സല്‍ഗുണങ്ങളുണ്ട്; അവധാനതയും ക്ഷമയും.'

ഇമാം മുസ്‌ലിം ഉദ്ധരിച്ച ഒരു ചരിത്രശകലമാണ് മേല്‍ വായിച്ചത്. ദൂരദിക്കില്‍നിന്ന് വരുന്ന ആ സംഘത്തെ നബി ﷺ  നന്നായി നിരീക്ഷിച്ചു. പ്രവാചകനോടുള്ള സ്‌നേഹവും ആവേശവുമായിരുന്നു സംഘത്തിലുള്ളവരെ ഓടിവന്ന് നബിയെ ആലിംഗനം ചെയ്യാന്‍ പ്രേരിപ്പിച്ചത്. ആ ആവേശത്തെ നബി ﷺ  അംഗീകരിച്ചു. അവര്‍ക്കെല്ലാവര്‍ക്കും സമ്മാനവും നല്‍കി. അശജ്ജിന്ന് കൂടുതല്‍ വിലപ്പെട്ട സമ്മാനത്തിന്നു പുറമെ, വിശ്വാസികളില്‍ എന്നുമുണ്ടായിരിക്കേണ്ട രണ്ട് മഹിതമാതൃകയുടെ പ്രശംസാപത്രവും നല്‍കി; 'ക്ഷമയും അവധാനത'യും.

വിവേകത്തിനെക്കാള്‍ വികാരത്തിന് ഇടംലഭിച്ച ഒരു സാമൂഹ്യഘടനയിലാണ് നാം ജീവിക്കുന്നത്. ഉദ്ദേശ്യം നല്ലതാണെങ്കില്‍ പോലും അവധാനത വേണമെന്നാണല്ലോ മേല്‍സംഭവം പഠിപ്പിക്കുന്നത്. അലി(റ) പറഞ്ഞതായി തിര്‍മിദി ഉദ്ധരിച്ച ഒരു വചനം ഇങ്ങനെയാണ്: 'നിന്റെ പ്രിയപ്പെട്ടവനെ മിതമായി സ്‌നേഹിക്കുക. ഒരുദിവസം അവന്‍ നിന്റെ വെറുക്കപ്പെട്ടവനായേക്കാം. നീ വെറുക്കുന്നവനെ മിതമായി വെറുത്താല്‍ മതി. ഒരു ദിവസം അവന്‍ നിന്റെ പ്രിയപ്പെട്ടവനായേക്കാം.'

കുടുംബജീവിതത്തിലായാലും സാമൂഹ്യകൂട്ടായ്മയിലായാലും വൈകാരികത നമ്മെ അനീതിചെയ്യാന്‍ പ്രേരിപ്പിച്ചുകൂടാ. 'ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്' എന്നാണ് ക്വുര്‍ആന്‍ (5:8) പഠിപ്പിക്കുന്നത്. ഏതൊരു വിഷയത്തിലും ആഗ്രഹത്തെക്കാളും ആവേശത്തെക്കാളും പ്രധാന്യം കല്‍പിക്കേണ്ടത് ശരിയോ തെറ്റോ എന്നതിനാണ്. 'മെല്ലെത്തിന്നാല്‍ മുള്ളും തിന്നാം' എന്ന പഴമൊഴിക്ക് വലിയ അര്‍ഥമുണ്ട്.

'അവധാനത അല്ലാഹുവിങ്കല്‍നിന്നുള്ളതും ധൃതി പിശാചില്‍നിന്നുമുള്ളതുമാണ്' എന്ന് നബി ﷺ  പറഞ്ഞിട്ടുള്ളത് ഓര്‍ക്കുക. കുറ്റങ്ങളും കുറവുകളും കണ്ടെത്തി ഉൗതിവീര്‍പ്പിച്ച് കാണിക്കാന്‍ ആയിരം കണ്ണുകള്‍ നമുക്കുചുറ്റുമുണ്ട്. വ്യക്തികളുടെ മതവും ജാതിയും ജനിച്ച നാടും നോക്കി ആരോപണങ്ങള്‍ക്ക് കൊഴുപ്പുകൂട്ടുവാന്‍ ലജ്ജിക്കാത്ത വര്‍ഗീയത വളര്‍ന്നുവരികയാണ് നാട്ടില്‍. ആട്ടിനെ പട്ടിയാക്കുന്ന മീഡിയക്കസര്‍ത്തുകള്‍ വേറെയും ശക്തിപ്രാപിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ചും അവധാനതയുടെയും വിവേകപൂര്‍വമായ ചുവടുവയ്പിന്റെയും പ്രാധാന്യം പറയേണ്ടതില്ലല്ലോ. ഏതൊരു കൂട്ടായ്മയിലും ഇത്തരം പക്വമായ സമീപനം പ്രധാനമാണ്. പരസ്പരം അഭിപ്രായങ്ങള്‍ പങ്കുവെക്കുമ്പോള്‍ വളരെ ചിന്തിച്ചും സന്ദര്‍ഭങ്ങള്‍ മനസ്സിലാക്കിയും ചെയ്യണം. താല്‍ക്കാലികമായ ക്ഷോഭത്തിന്റെയും അമിതാവേശത്തിന്റെയും പക്വതയില്ലാത്ത തീരുമാനങ്ങളുടെയും ദുരനുഭവങ്ങള്‍ സ്വന്തം ജീവിതത്തില്‍നിന്നു തന്നെയാണ് പഠിക്കേണ്ടത്.