ചതിക്കുഴികള്‍

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2020 ഒക്ടോബര്‍ 31 1442 റബിഉല്‍ അവ്വല്‍ 13

നല്ല ശ്രദ്ധയും സൂക്ഷ്മതയുമില്ലെങ്കില്‍ ആരും ചതിയില്‍ പെട്ടുപോകും. അതിന്നു മാത്രം ശക്തമാണ് എല്ലാ രംഗത്തുമുള്ള പ്രചണ്ഡമായ പ്രചാരണങ്ങള്‍. കണ്ണഞ്ചിപ്പിക്കുന്ന പരസ്യബോര്‍ഡുകള്‍ കണ്ട് കണ്ണും ചിമ്മി നാമാരും വസ്തുക്കള്‍ വാങ്ങാറില്ലല്ലോ. ഈ ഒരു വിവേകം ജീവിതത്തിലുടനീളം നാം കാണിക്കണം.  

'പത്ത് പേരു പറഞ്ഞാല്‍ പത്തായം തിരിയും' എന്ന് ഒരു പഴഞ്ചൊല്ലുണ്ട്. ഏത് അസത്യവും പറഞ്ഞു ഫലിപ്പിക്കുന്നതിനെയാണ് അത് സൂചിപ്പിക്കുന്നത്. നബി ﷺ യുടെ അടുത്ത അനുയായിയായ മിസ്ത്വഹ്(റ) എന്ന വ്യക്തി പ്രചാരവേലയുടെ  ചതിയില്‍ പെട്ടു വീണുപോയ ഒരു ചരിത്രമുണ്ട്. നബി ﷺ യോടൊപ്പം ബദ്ര്‍ യുദ്ധമടക്കമുള്ള അതിനിര്‍ണായകമായ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം മതത്തിന്നും സമൂഹത്തിന്നും വേണ്ടി ത്യാഗങ്ങള്‍ സഹിച്ച മഹദ്‌വ്യക്തിയാണദ്ദേഹം.

കപടവിശ്വാസികള്‍ നബി ﷺ യുടെ പത്‌നി ആഇശാ(റ)ക്കെതിരെ ഒരു മഹാഅപരാധം പ്രചരിപ്പിച്ചപ്പോള്‍ നിര്‍ദോഷിയായ, വിശുദ്ധനായ മിസ്ത്വഹും(റ) ആ പ്രചാരണത്തില്‍ പെട്ടുപോയി. സത്യാവസ്ഥ മനസ്സിലായപ്പോള്‍ അദ്ദേഹം പശ്ചാത്തപിച്ചുവെങ്കിലും പതിവൃതകളായ സ്ത്രീകള്‍ക്കുനേരെ അപവാദം പ്രചരിപ്പിച്ചാലുള്ള ശിക്ഷ നബി ﷺ യില്‍നിന്ന് അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടിവന്നു.

ചരിത്രം വലിയ ഒരു ഗുരുനാഥനാണ്. അത് എക്കാലത്തും തലമുറകള്‍ക്കു നല്ല പാഠങ്ങള്‍ നല്‍കിക്കൊണ്ടേയിരിക്കും. തനിക്കിഷ്ടമില്ലാത്തവരെ അകറ്റാനും ഒതുക്കാനും പ്രയോഗിക്കുന്ന ദുഷ്പ്രചാരണത്തിന്ന് ഇരുതലമൂര്‍ച്ചയുള്ള വാളിനെക്കാള്‍ ശക്തിയുണ്ട്. ഇതുപോലെ വസ്തുതകളുടെ നിജസ്ഥിതിയറിയാതെ കണ്ടതും കേട്ടതും അപ്പടി മറ്റുള്ളവരിലേക്കെത്തിക്കുന്നതും ആപത്താണ്. സോഷ്യല്‍ മീഡിയകളുടെ സാന്നിധ്യത്തോടെ പ്രകാശവേഗതയില്‍ പ്രചാരണം നടത്താന്‍ സൗകര്യമുള്ള കാലമാണിത്.

വര്‍ഗീയത, വ്യക്തിതാല്‍പര്യങ്ങള്‍, അധികാരമോഹം, പ്രതികാരദാഹം തുടങ്ങിയ വികടവിചാരങ്ങളും സ്വഭാവങ്ങളുമാണ് ദുഷ്പ്രചാരണങ്ങള്‍ നടത്താന്‍ പലരെയും പ്രേരിപ്പിക്കുന്നത്. പ്രചാരണങ്ങളുടെ വ്യാപനത്തിന്നനുസരിച്ച് അതിന്റെ സ്വാധീനവും വര്‍ധിക്കുന്നു. വളരെ സത്യസന്ധരായ വ്യക്തികളായിരിക്കും ചിലപ്പോള്‍ ഇതില്‍ പെട്ടുപോകുന്നത്. പിന്നീട് അത്തരം നല്ല വ്യക്തികളായിരിക്കും ഈ പ്രചാരണത്തിന്ന് വിശ്വാസ്യതയുള്ള പ്രചാരം നല്‍കുന്നത്. ഇത്തരം സത്യസന്ധരില്‍നിന്ന് കേള്‍ക്കുന്ന കാര്യങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങാന്‍ സ്വാഭാവികമായും അധികമാളുകളുമുണ്ടായിരിക്കും. അവസാനം സത്യാവസ്ഥ ബോധ്യപ്പെടുമ്പോഴേക്കും കാര്യം കൈവിട്ടുപോയിരിക്കും. ഇതിന്നിടക്ക് അനേകം കലഹങ്ങളും ബന്ധവിഛേദനങ്ങളും നാശങ്ങളും ഭിന്നിപ്പുകളും അതുമൂലം ഉണ്ടായിക്കഴിഞ്ഞിരിക്കും. മിസ്ത്വഹ്(റ) ഒരു ചതിയില്‍പെട്ട, മേല്‍ സംഭവത്തിലെ ഗുണപാഠങ്ങള്‍ നമുക്ക് ഉള്‍ക്കൊള്ളാം.

ഈച്ചകള്‍ക്ക് വൃണം പഥ്യമെന്നപോലെ പരദൂഷണങ്ങളും വിവാദങ്ങളുംകൊണ്ട് ഉപജീവിക്കുന്നവരെ എക്കാലത്തും കാണാം. അതില്‍ പെട്ടുപോയി നാം നമ്മുടെ സ്വത്വം നഷ്ടപ്പെടുത്തരുത്. ഊഷ്മളമായ ബന്ധത്തില്‍ ജീവിക്കുന്ന പലരും പിന്നീട് യാതൊരു തെറ്റും പരസ്പരം ചെയ്യാതെ ശത്രുക്കളായി മാറുന്ന അനുഭവങ്ങള്‍ നാട്ടില്‍ ഏറെയുണ്ട്. ആരോ 'ഇറ്റിച്ചു'കൊടുത്ത വിദ്വേഷവിഷമാണിതിന്ന് കാരണം. കടുപ്പമുള്ള നിലപാടുകള്‍ സ്വീകരിക്കുക മാത്രമാണിതിന്ന് പരിഹാരം.

നിലപാടുകളില്ലാത്തവര്‍ നിരപരാധികളാണെങ്കില്‍ പോലും ചതിയില്‍ പെട്ടുപോകും. രാഷ്ട്രീയ രംഗത്തും സാമൂഹ്യ രംഗത്തും നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന്റെ കാരണം ഒരു പരിധിവരെ നിലപാടില്ലായ്മയാണ്. ഇസ്‌ലാം വിശ്വാസികള്‍ക്ക് ഈ വിഷയത്തില്‍ നല്ല മാര്‍ഗദര്‍ശനം നല്‍കുന്നുണ്ട്. ക്വുര്‍ആന്‍ പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടെ സ്വന്തം കാര്യങ്ങള്‍ നന്നായി ശ്രദ്ധിച്ചുകൊള്ളുക. നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചിട്ടുണ്ടെങ്കില്‍ വഴിപിഴച്ചവര്‍ നിങ്ങള്‍ക്കൊരു ദ്രോഹവും വരുത്തുകയില്ല...'' (5:106).

സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടി വിദ്വേഷങ്ങളും അപവാദങ്ങളും പ്രചരിപ്പിച്ച് ഛിദ്രതയുണ്ടാക്കുകയും പിന്നീട് ആ നാശം ബൂമറാങ്ങിനെപോലെ തിരിച്ചുവന്നതും, ആലോചനയില്ലാതെ അബദ്ധത്തില്‍ പെട്ട നല്ല മനുഷ്യര്‍ ഖേദിക്കാനിടവരുന്നതുമായ ഒട്ടേറെ ദുരനുഭവങ്ങള്‍ ഗതകാല മത സാമൂഹ്യജീവിതത്തില്‍ കാണാം.