പച്ചവെള്ളവും കാരക്കയും

-സി.

2020 ഒക്ടോബര്‍ 03 1442 സഫര്‍ 16

ഉര്‍വത്തുബ്‌നു സുബൈര്‍(റ) മദീനയിലെ താബിഉകളില്‍ പ്രസിദ്ധരായ ഏഴു നിയമപണ്ഡിതന്മാരില്‍ ഒരാളായിരുന്നു. നബി ﷺ സ്വര്‍ഗമുണ്ട് എന്ന് വെളിപ്പെടുത്തിയ പത്തുപേരില്‍ ഒരാളായ സുബൈറുബ്‌നു അവ്വാമിന്റെയും(റ) അബൂബക്കര്‍ സ്വിദ്ദീക്വി(റ)ന്റെ പുത്രി അസ്മാഇന്റെയും(റ) മകനാണ് ഉര്‍വത്ത്. ആഇശ(റ)യില്‍നിന്നാണ് ഉര്‍വത്ത് ഫിക്വഹ്(മതവിധികള്‍) അധികവും പഠിച്ചുതുടങ്ങിയത്.

ഒരിക്കല്‍ അദ്ദേഹം ആഇശ(റ)യോട് നബി ﷺ യുടെ ജീവിതശീലങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു കൊടുത്തു: ''ഞങ്ങള്‍, നബി ﷺ യുടെ കുടുംബത്തില്‍ അടുപ്പില്‍ തീ കത്തിക്കാതെ രണ്ടു മാസക്കാലം കഴിഞ്ഞു കൂടിയിട്ടുണ്ട്!'' ഇത് കേട്ടപ്പോള്‍ ഉര്‍വത്ത് ചോദിച്ചു: ''അപ്പോള്‍ നിങ്ങളെങ്ങനെയാണ് ജീവിച്ചത് ഭക്ഷണമില്ലാതെ?'' ആഇശ(റ) പറഞ്ഞു: ''വെള്ളവും കാരക്കയും മാത്രം തിന്നു കഴിഞ്ഞു! ചിലപ്പോഴൊക്കെ മദീനയിലെ അയല്‍ക്കാര്‍ പാലുകൊണ്ടുവന്നുതരുമ്പോള്‍ അതും കുടിക്കാറുണ്ടായിരുന്നു.''

നബി ﷺ യുടെ മരണശേഷം നാല്‍പത്തി എട്ട് വര്‍ഷത്തോളം ജീവിച്ച ആഇശ(റ) പണ്ടത്തെ ദാരിദ്ര്യകാലവും പിന്നീടുണ്ടായ സമൃദ്ധിയുടെ കാലവും രണ്ടും നേരിട്ടറിഞ്ഞ വ്യക്തിയാണ്. അവര്‍ ഇളംതലമുറയിലെ സഹോദരിപുത്രനെ പഴയകാലത്തെ ദാരിദ്ര്യാനുഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നതില്‍നിന്ന് നമുക്കേറെ പഠിക്കാനുണ്ട്; കരുതിയിരിക്കാനുമുണ്ട്.

ഹിജ്‌റ 90 വരെ ജീവിച്ചുവെന്ന് ചരിത്രത്തില്‍ കാണുന്ന ഉര്‍വത്ത്(റ) മക്കയില്‍ ഒമ്പതു വര്‍ഷം മക്കാഗവര്‍ണറായിരുന്ന തന്റെ സഹോദരന്റെ കൂടെയും താമസിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം മരണംവരെയും ലളിതജീവിതത്തിന്റെയും വിനയത്തിന്റെയും മാതൃകയായിട്ടാണ് അറിയപ്പെട്ടത്. അത് ഒരുപക്ഷേ, ചെറുപ്പത്തില്‍ കണ്ടറിഞ്ഞ നബി ﷺ യുടെ ലളിത ജീവിതത്തിന്റെ സ്വാധീനഫലമായിരിക്കാം

പറഞ്ഞുവരുന്നത് നമ്മുടെ ഇളംതലമുറകള്‍ക്ക് ലളിത ജീവിതത്തെപ്പറ്റിബോധം ചെറുപ്പത്തിലേ നട്ടുവളര്‍ത്തേണ്ട ആവശ്യകതയെപ്പറ്റി സൂചിപ്പിക്കാനാണ്. പൊതുവെ ആര്‍ഭാടജീവിതത്തില്‍ വളര്‍ന്ന ഒരു തലമുറയാണ് ഇന്നത്തെ യുവാക്കളും അതിന്ന് താഴെയുള്ളവരും. അതിന്റെ അരികുപറ്റി മുതിര്‍ന്നവരും കുറെയൊക്കെ ആര്‍ഭാഢത്തിന്റെ അടിമകളായി. നിത്യജീവിതാവശ്യങ്ങള്‍ മുതല്‍ സാമൂഹ്യമേഖലകളിലെ മുഴുവന്‍ രംഗങ്ങളിലും ഏറ്റവും മുന്തിയതില്‍ താഴെ ആര്‍ക്കും വേണ്ട! കാശില്ലെങ്കില്‍ കടംവാങ്ങിയിട്ടോ പിരിവെടുത്തിട്ടോ കാര്യം ഉഷാറാക്കുക എന്ന രീതിയാണുള്ളത്.

കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടിലേറെക്കാലമായി കേരളീയ സമൂഹത്തിന്റെ ജീവിതത്തില്‍ വന്ന ഈ സൗഖ്യഭ്രമത്തിന്ന് നിമിത്തമായത് ഗള്‍ഫ് തന്നെയാണ്. കേരളത്തിലെ പരമ്പരാഗത ഭക്ഷ്യവസ്തുക്കള്‍ തിന്നുന്നതും കൃഷിചെയ്യുന്നതും വരെ പിന്തള്ളപ്പെട്ടു. ഫാസ്റ്റ്ഫുഡ് സംസ്‌കാരത്തിലേക്ക് നാം വഴിമാറി. മറ്റുകാര്യങ്ങളില്‍ പണം ചെലവാക്കുന്നതും ഇതുപോലെത്തന്നെ. സുഖസൗകര്യങ്ങളില്‍ ജനിച്ചു, അതില്‍ത്തന്നെ വളര്‍ന്ന തലമുറകള്‍ക്ക് ലാളിത്യത്തിന്റെ പാഠങ്ങള്‍ വാചാകര്‍മണാ ഉദ്ദേശ്യപൂര്‍വം നാം നല്‍കിക്കൊണ്ടിരിക്കണം; ഇനിയുള്ളകാലത്ത് പ്രത്യേകിച്ചും.

കേരളീയര്‍ക്ക് ഗള്‍ഫ് പച്ചപിടിച്ചതോടെ ജനിച്ചമണ്ണിന്റെ പച്ചപ്പ് നാം തന്നെ നഷ്ടപ്പെടുത്തി. ചക്കയും കപ്പയും ഇലകളും പടിക്കുപുറത്ത് കടന്നു; ആര്‍ക്കും വേണ്ടാതായി. ഇയ്യിടെയായി റോഡിലിരുവശത്തും വെയിലും മഴയും വകവയ്ക്കാതെ വഴിയാത്രക്കാരെ മാടിവിളിച്ചുകൊണ്ട് ഭക്ഷണങ്ങള്‍ മുതല്‍ നിത്യജീവിതത്തിന്നു വേണ്ട പലതും കച്ചവടം ചെയ്യാനിറങ്ങിത്തിരിച്ച പല സുഹൃത്തുക്കളും ഗള്‍ഫിലെ ശീതീകരിച്ച മുറികളില്‍ ജോലി ചെയ്തിരുന്നവരായിരുന്നു എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. ഇതില്‍ നമുക്ക് ഏറെ പഠിക്കാനുണ്ട്.

സ്വര്‍ണക്കടത്തിന്റെയും അജ്ഞാത പെട്ടികളുടെയും ബിസിനസ്സ് തട്ടിപ്പുകളുടെയും ഓണ്‍ലൈന്‍ ചൂതാട്ട വഞ്ചനകളുടെയും പിന്നാമ്പുറം, ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാനല്ല, മറിച്ച് ആര്‍ഭാഢങ്ങളില്‍ ആര്‍മാദിച്ചു ജീവിക്കാനുള്ള ആഗ്രഹമാണ്. ആ ആര്‍മാദങ്ങള്‍ കണ്ടാണ് പുതുതലമുറ വളരുന്നത്.

അതിനാല്‍ എല്ലാ രംഗത്തും മിതത്വത്തിന്റെ ശൈലി പറഞ്ഞും കാണിച്ചു കൊടുത്തും ഇന്നത്തെ തലമുറയെ വളര്‍ത്തിക്കൊണ്ടുവരണം. അതാണ് നബി ﷺ യുടെയും സച്ചരിതരായ പിന്‍ഗാമികളുടെയും ജീവിത പാഠം. വരാതിരിക്കട്ടെ എന്ന പ്രാര്‍ഥനയോടൊപ്പം തന്നെ, വരാന്‍ സാധ്യതകൂടിയ വറുതിയുടെ നാളുകള്‍ക്കുവേണ്ടി ചെലവുചുരുക്കലിന്റെ മനോഭാവം വളര്‍ത്തിയെടുക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.