ലൈക്കടിക്കുക

-സി.

2020 സെപ്തംബര്‍ 26 1442 സഫര്‍ 09

വികസിച്ചുവരുന്ന ഒരു പട്ടണത്തില്‍ മുസ്‌ലിംകള്‍ക്ക് നമസ്‌കരിക്കാന്‍ ഒരു മസ്ജിദിന്നുവേണ്ട ഭൂമി കുറഞ്ഞ വിലയ്ക്ക് ഒത്തുകിട്ടിയപ്പോള്‍, എത്രയും പെട്ടെന്ന് ആ പണം കൊടുത്തു സ്ഥലം സ്വന്തമാക്കാന്‍ കടംവാങ്ങുവാന്‍ തീരുമാനിച്ചു. സര്‍വാദരണീയനും വയോവൃദ്ധനുമായ ഒരു വ്യക്തിയെ മുന്നിലിരുത്തി കടംതരുവാന്‍ കഴിവുള്ളയാളെന്ന് പ്രതീക്ഷിക്കുന്ന ഒരു സഹോദരന്റെ വീട്ടിലെത്തി. നാലുദിവസം കുടുംബ സമേതം ഊട്ടിയില്‍ കഴിഞ്ഞു തിരിച്ചെത്തി വിശ്രമിക്കുന്ന സമയത്ത് കടംചോദിച്ചു ചെന്നതിന്റെ നീരസം മാന്യമായി പ്രകടിപ്പിച്ചതോടൊപ്പം ഊട്ടിയില്‍നിന്ന് ഒരു വളര്‍ത്തുനായയെ വാങ്ങാന്‍ ഭീമമായ സംഖ്യ വേണ്ടിവന്നതിനാല്‍ കടംതരാന്‍ പ്രയാസമാണെന്നറിയിച്ചപ്പോള്‍ വെറുംകയ്യോടെ മടങ്ങേണ്ടിവന്നു. പിന്നീട് ആ സഹോദരന്‍ ഖേദിച്ചുമടങ്ങി സദ്‌വൃത്തിയില്‍ മുഴുകിയിരിക്കെയാണ് മരണപ്പെട്ടത് എന്നറിഞ്ഞു. അല്‍ഹംദുലില്ലാഹ്.

സ്വന്തം സുഖമായി ജീവിക്കുമ്പോള്‍ സമൂഹത്തിന്റെ ആവശ്യങ്ങളോ ദുരിതങ്ങളോ പലരുടെയും മനസ്സില്‍ തട്ടുന്നില്ല എന്നു പറയാനാണ് ഈ സംഭവം ഒാര്‍ത്തത്. നാം ഒന്നു കരുതി പ്രവര്‍ത്തിച്ചാല്‍ എത്രയോ സഹോദരങ്ങളെ കണ്ണീരില്‍നിന്ന് എളുപ്പത്തില്‍ കരകയറ്റാനാകുമെന്ന് നാമോര്‍ക്കണം.

അഭിമാനം കാത്തുസൂക്ഷിച്ച് ധര്‍മനിഷ്ഠയോടെ ജീവിക്കുന്ന എത്രയോപേര്‍ നമുക്കു ചുറ്റുമുണ്ട്. പറക്കമുറ്റാത്ത അനാഥകള്‍, അഗതികള്‍, ആരോടും പ്രയാസം പറയാതെ മാനംകാത്ത് ജീവിക്കുന്ന വിധവകള്‍, ഹലാലായത് തിന്നണമെന്നു കൊതിച്ച് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ ശ്രമിച്ചിട്ടും അതിനു കഴിയാത്ത ഹതഭാഗ്യര്‍, തലചായ്ക്കാനിടമില്ലാത്തവര്‍, പുരനിറഞ്ഞു നില്‍ക്കുന്ന പെണ്‍മക്കളുടെ നെടുവീര്‍പ്പുകള്‍ കേട്ട് ഉറക്കമൊഴിക്കുന്ന രക്ഷിതാക്കള്‍... അങ്ങനെ പലരും.

നമ്മളിലൊരാള്‍ മാത്രം വിചാരിച്ചാല്‍ പരിഹരിക്കാവുന്നല്ല ഈ പരീക്ഷണങ്ങള്‍. എന്നാല്‍ ഒത്തുപിടിച്ചാല്‍ അനായാസം കഴിയാവുന്നതേയുള്ളൂ. സുരക്ഷിതമായി ഒരു കൊച്ചുകൂരയില്‍ കിടന്നുറങ്ങാനുള്ള ഭാഗ്യം കാത്തിരിക്കുന്ന വീടില്ലാത്ത എത്രയോപേര്‍ നമുക്കിടയിലുണ്ട്. സാമൂഹ്യ-രാഷ്ട്രീയ-മത-സാംസ്‌കാരിക രംഗങ്ങളില്‍ എത്രയോ വലിയ 'ആനക്കാര്യ'ങ്ങളുള്ളപ്പോള്‍, നാട്ടിലെ ആരുമറിയാത്ത പാവത്തിന്റെ പ്രയാസങ്ങള്‍ പലരും 'ചേനക്കാര്യ'മായി മറന്നുപോവുകയാണ്.

മദീനയിലെ നബി ﷺ യുടെ പള്ളിയില്‍ ധ്യാനത്തില്‍ (ഇഅ്തികാഫ്) മുഴുകിയിരിക്കുകയായിരുന്ന ഇബ്‌നു അബ്ബാസി(റ)ന്റെ അടുത്ത് ഒരാള്‍ തന്റെ ദുരിതങ്ങള്‍ ചെന്നുപറഞ്ഞു. ഇത് കേട്ടപ്പോള്‍ എഴുന്നേറ്റ് പള്ളിയില്‍നിന്നിറങ്ങി പ്രശ്‌നം പരിഹരിച്ചുകൊടുക്കാന്‍ വേണ്ടി അയാളുടെ കൂടെ പുറപ്പെടാനൊരുങ്ങിയപ്പോള്‍ ആഗതന്‍ ചോദിച്ചു: 'താങ്കള്‍ ഇഅ്തികാഫിലാണെന്ന കാര്യം മറന്നോ?' ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: 'ഇല്ല, എന്നാല്‍ പള്ളിയില്‍ പത്തുവര്‍ഷം ധ്യാനിച്ചിരിക്കുന്നതിനെക്കാള്‍ പുണ്യം മനുഷ്യന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനിറങ്ങിത്തിരിക്കുന്നതാണെന്ന്, ഈയടുത്തകാലത്ത് നമ്മോട് വിടപറഞ്ഞ റസൂല്‍ ﷺ  പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്' (ത്വബ്‌റാനി).

'വിധവകള്‍ക്കും അഗതികള്‍ക്കും വേണ്ടി സേവനത്തിന്നിറങ്ങിയവര്‍ക്ക് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവരുടെ പുണ്യമുണ്ടെ'ന്ന, ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്ത നബിവചനം ഇതോടൊപ്പം ചേര്‍ത്തുവായിക്കുക.

സകാത്ത് സംവിധാനം നമുക്കുണ്ട്. പുറമെ ദാനധര്‍മങ്ങള്‍ ഏറെ നല്‍കുന്ന സ്വഭാവവും നമുക്കിടയിലുണ്ട്. ഇതിന്റെയൊക്കെ ഫലം കിട്ടേണ്ടവര്‍ക്ക് എത്തുന്നില്ല. ശ്രദ്ധിക്കാന്‍ ഒരാളില്ലാത്തതാണ് പ്രധാന പ്രശ്‌നം. നമ്മുടെ ഓരോ പ്രദേശത്തും സ്വമേധയാ ഒരാള്‍ മുന്നിട്ടിറങ്ങിയാല്‍ പലതും നമുക്ക് പരിഹരിക്കാന്‍ കഴിയും. ഞാനും എന്റെ മക്കളും എന്ന പുതപ്പിന്നുള്ളിലാണ് അധികമാളുകളും. അത് സ്വാഭാവികവുമാണ്. 'പിശുക്ക് മനസ്സുകളില്‍നിന്നു വിട്ടുമാറാത്തതാണ്' എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ (ക്വുര്‍ആന്‍ 4:128). തന്നെയും തന്റെ മക്കളെയും പോലെയാണ് 'മറ്റുള്ളവനും അവന്റെ മക്കളും' എന്ന വിചാരമുള്ള ഒരാള്‍ മതി; വീടില്ലാത്തവന്ന് വീടും തൊഴിലില്ലാത്തവന്ന് തൊഴിലും വിവാഹവും ചികിത്സയും മറ്റും ലഭ്യമാക്കാന്‍ കഴിയും.

സഹായം അര്‍ഹിക്കുന്നവരുണ്ട്. സഹായിക്കാന്‍ സന്മനസ്സുള്ളവരുമുണ്ട്. ഇതിന്നിടക്ക് നില്‍ക്കാനാണ് സേവകന്മാര്‍ വേണ്ടത്. വീടായോ മറ്റു സഹായമായോ ഒരു പദ്ധതി നാം തുടങ്ങിവച്ചാല്‍ അത് പൂര്‍ത്തീകരിക്കാന്‍ നാമറിയാത്ത പലരും എത്തിപ്പെടുമെന്നത് അനുഭവ യാഥാര്‍ഥ്യമാണ്. ഏതൊരു നന്മയിലും അല്ലാഹുവിന്റെ കൈകള്‍ അദൃശ്യമായി നീണ്ടുവരും. വലിയ വലിയ ആനക്കാര്യങ്ങള്‍ക്കിടയില്‍ ഈ ചേനക്കാര്യം ഏറ്റെടുക്കാനാരുണ്ട്? ഇതിനൊക്കെയാണ് ലൈക്കടിക്കേണ്ടത്!