കൈത്താങ്ങ്

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2020 ഡിസംബര്‍ 19 1442 ജുമാദല്‍ അവ്വല്‍ 04

നിവൃത്തിച്ചുകിട്ടേണ്ട ഒട്ടേറെ ആവശ്യങ്ങള്‍ നമുക്കെല്ലാമുണ്ടാവും. പല ആവശ്യങ്ങളും പണംകൊണ്ടോ സ്ഥാനമാനങ്ങള്‍കൊണ്ടോ നേടാനായേക്കാം. ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാന്‍ പലരും മുന്നോട്ടുവന്നേക്കാം. എന്നാല്‍ ഇതൊന്നുമില്ലാത്ത, സാദാ വ്യക്തികളാണ് സമൂഹത്തില്‍ അധികവും. അവര്‍ക്കുമുണ്ടായിരിക്കും നിവൃത്തിച്ചുകിട്ടേണ്ട ആവശ്യങ്ങള്‍ പലതും. നമ്മിലാരും സ്വയം പര്യാപ്തരല്ല എന്ന് നാമോര്‍ക്കണം. നാടോടിക്കഥയിലെ ചുണ്ടെലിയുടെ സഹായം വലയിലകപ്പെട്ട സിംഹരാജനു വേണ്ടിവന്നു എന്ന ഗുണപാഠം ചെറിയതല്ല.

ആവശ്യങ്ങള്‍ പലര്‍ക്കും പലതുമുണ്ടാവും. പാര്‍പ്പിടം, ജീവിതമാര്‍ഗം കണ്ടെത്തല്‍, ബിസിനസ്, പഠനം, ചികിത്സ, വിദഗ്ധനായ ഒരു ഡോക്ടറുടെ ഉപദേശം, മനസ്സിന് സമാധാനം നല്‍കുന്ന ഒരു വാക്ക്, ഇണയെ കണ്ടെത്തല്‍ എന്നിങ്ങനെ മനുഷ്യരുടെ ആവശ്യങ്ങള്‍ വ്യത്യസ്തങ്ങളാണ്. പണമോ, സമയമോ, അധ്വാനമോ മുടക്കില്ലാതെ നമ്മില്‍ പലര്‍ക്കും ഇത്തരം ആവശ്യങ്ങള്‍ പരിഹാരം കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞേക്കും. സത്യസന്ധമായ ഒരു ആദര്‍ശ കൂട്ടായ്മയില്‍ ജീവിക്കുമ്പോള്‍ ഇങ്ങനെ തന്റെ സഹയാത്രികന്റെ പ്രശ്‌നങ്ങളില്‍ ചെറിയ ഒരിടപെടല്‍കൊണ്ട് വലിയ സഹായം നല്‍കാന്‍ കഴിയുമെന്നുറപ്പാണ്.

ശിപാര്‍ശ എന്നു പറയുന്ന ഇടപെടല്‍ സാമൂഹ്യജീവിതത്തില്‍ സര്‍വസാധാരണമാണ്. എന്റെ ഈ കാര്യം സാധിപ്പിച്ചുകിട്ടാന്‍ നിങ്ങളുടെ റെക്കമെന്റ് വേണം എന്ന് കേള്‍ക്കുമ്പോള്‍ പെട്ടെന്ന്  മനസ്സില്‍വരിക ന്യായമല്ലാത്ത വഴിയില്‍കൂടി നിവൃത്തിച്ചുകിട്ടുക എന്നതാണ്. ഇങ്ങനെ അന്യായമായ വഴിയില്‍കൂടിയുള്ള ശിപാര്‍ശ ഇസ്‌ലാം കഠിനമായി നിരോധിച്ചതാണ്. കാരണം പിന്‍വാതിലില്‍ കൂടി കാര്യം നേടുക എന്നതിനര്‍ഥം നേരെ ചൊവ്വെയുള്ള വഴി സ്വീകരിക്കുന്നവരുടെ അവകാശം തട്ടിയെടുക്കുക എന്നാണല്ലോ. നബിﷺ ഏറ്റവുമധികം കോപം പ്രകടിപ്പിച്ച കാര്യമാണ് അന്യായമായ ശിപാര്‍ശ.

നബിﷺ മക്കാരാജ്യം കീഴടക്കിയ ആ യാത്രയില്‍ (ഫത്ഹുമക്ക) മഖ്‌സൂം ഗോത്രത്തിലെ ഫാത്വിമ എന്നുപേരുള്ള ഒരു സ്ത്രീ ഒരാഭരണം മോഷ്ടിച്ചു. ഉന്നതകുലത്തില്‍ പെട്ട ഈ സ്ത്രീയെ മോഷണത്തിന്നുള്ള ശിക്ഷയില്‍നിന്ന് ഒഴിവാക്കിക്കിട്ടാന്‍ ചിലര്‍ നബിയോട് ശിപാര്‍ശ പറയിക്കാന്‍ തീരുമാനിച്ചു. ഉസാമ(റ) ഇതിന്റെ ഗൗരവം ഓര്‍ക്കാതെ ആ സ്ത്രീയുടെ കാര്യത്തില്‍ ശിക്ഷ ഒഴിവാക്കിക്കൊടുക്കാന്‍ നബിയോട് ശിപാര്‍ശ ചെയ്തു. ഇതുകേട്ട നബിﷺ വല്ലാതെ കോപിച്ചു. മുഖം വിവര്‍ണമായി. 'അല്ലാഹുവിന്റെ ശിക്ഷയുടെ കാര്യത്തിലാണോ നിന്റെ ഈ ശിപാര്‍ശ?''ഉസാമ(റ)ക്ക് കാര്യം ബോധ്യമായി. അദ്ദേഹം പിന്‍വാങ്ങിക്കൊണ്ട് പറഞ്ഞു: 'നബിയേ, എനിക്ക് പൊറുത്തുകിട്ടാന്‍ താങ്കള്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചാലും.'

പിന്നീട് നബിﷺ ഇങ്ങനെ പ്രഖ്യാപിച്ചു: 'നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്നവര്‍ നശിക്കാനുണ്ടായ കാരണം അവരിലെ മാന്യന്‍ മോഷ്ടിച്ചാല്‍ ഒഴിവാക്കിവിടുകയും, ദുര്‍ബലന്‍ മോഷ്ടിച്ചാല്‍ കൈമുറിക്കുകയും ചെയ്തിരുന്നതുകൊണ്ടാണ്. അല്ലാഹുവാണെ, മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് മോഷ്ടിച്ചതെങ്കിലും ഞാനവളുടെ കൈ മുറിക്കും'' (ബുഖാരി, മുസ്‌ലിം). പിന്നീട് ആ സ്ത്രീയുടെ കൈ മുറിക്കപ്പെട്ടു. ശിഷ്ടകാലം അവര്‍ പശ്ചാത്തപിച്ചു മടങ്ങിയതായി ചരിത്രത്തിലുണ്ട്.

ഇതാണ് ചീത്തശിപാര്‍ശ. നല്ല ശിപാര്‍ശ ഏറെ പുണ്യകരവും പ്രധാനപ്പെട്ടതുമാണ്. അല്ലാഹു പറയുന്നു: ''വല്ലവനും ഒരു നല്ല ശിപാര്‍ശ ചെയ്താല്‍ ആ നന്മയില്‍ ഒരു പങ്ക് അവന്നുണ്ടായിരിക്കും. എന്നാല്‍ വല്ലവനും ഒരു ചീത്ത ശിപാര്‍ശ ചെയ്താല്‍ ആ തിന്മയില്‍ ഒരു പങ്കും അവനുണ്ടായിരിക്കും. അല്ലാഹു എല്ലാ കാര്യങ്ങളുടെയും മേല്‍നോട്ടക്കാരനാകുന്നു'' (ക്വുര്‍ആന്‍ 4:85).

അതിനാല്‍ നാം സഹജീവികള്‍ക്കുവേണ്ടി നല്ല ശിപാര്‍ശ ചെയ്യാന്‍ പിശുക്കു കാണിക്കാതിരിക്കുക. പലരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചിലപ്പോള്‍ നമ്മുടെ ഒരിടപെടല്‍ മതിയാവും. നിങ്ങള്‍ അയാളെ ഒന്ന് സഹായിക്കണം എന്ന ഒരു ഫോണ്‍കോള്‍ മതി ചിലകാര്യങ്ങള്‍ പരിഹരിച്ചുകിട്ടാന്‍. പരിഹാരം തേടുന്ന പരാതിക്കാര്‍ നമുക്കിടയില്‍ തന്നെ ധാരാളമുണ്ടാവുമെന്ന് നാം മറക്കരുത്. സ്വന്തം പ്രയാസങ്ങള്‍ പറഞ്ഞ് നമ്മെ ശല്യപ്പെടുത്താന്‍ മടിക്കുന്നവരായിരിക്കും അധികപേരും. ഒരാള്‍ തന്റെ സഹോദരന്ന് വേണ്ടി അവന്റെ അഭാവത്തില്‍ പ്രാര്‍ഥിക്കുന്നതതിന് പ്രത്യേകം ഉത്തരം നല്‍കപ്പെടുമെന്നും അതുപോലെ ഒരു നന്മ പ്രാര്‍ഥിക്കുന്നവന്ന് ലഭിക്കുമെന്നും നബിﷺ പറഞ്ഞിട്ടുണ്ട് (മുസ്‌ലിം)