തേനീച്ചയും ഈച്ചയും പിന്നെ നമ്മളും

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2020 ഡിസംബര്‍ 26 1442 ജുമാദല്‍ അവ്വല്‍ 11

ചെറിയ രണ്ടു പ്രാണികളാണെങ്കിലും ഇവയെപ്പറ്റി ആലോചിക്കുന്നവര്‍ക്ക് ഇവയില്‍ ധാരാളം പാഠങ്ങളുണ്ട്. രണ്ടു ജീവികളും നമുക്കുചുറ്റും അങ്ങിങ്ങായി പാറിപ്പറന്നു നടക്കുന്നതിനാല്‍ എല്ലാവര്‍ക്കും സുപരിചിതമാണ്. അന്യായമായി ആരെയും ഉപദ്രവിക്കാതെ, മരങ്ങള്‍ക്കും ചെടികള്‍ക്കുമിടയില്‍ പൂക്കളെ മാത്രം തേടി നടന്ന്, അവയുടെ തേന്‍ നുകര്‍ന്ന്, മധുരമുള്ള തേന്‍ മാത്രം മനുഷ്യര്‍ക്കു നല്‍കുന്ന തേനീച്ചയാണൊന്ന്. നേതൃത്വത്തിനോടുള്ള അനുസരണ, കഠിനാധ്വാനം, പരസ്പര സഹകരണം, പ്രതികൂലാവസ്ഥകളെ അതിജീവിക്കാനുള്ള സഹനം, ബുദ്ധിപരമായ നിര്‍മാണ പാടവം, വൃത്തിഹീനമായ സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കല്‍ തുടങ്ങിയ ഒട്ടേറെ നന്മകള്‍ അല്ലാഹു തേനീച്ചയുടെ പ്രകൃതത്തില്‍ നിക്ഷേപിച്ചിരിക്കുന്നു.

എന്നാല്‍ ഈച്ചയോ? മഹാനാശകാരിയായ ഒരു പ്രാണി. വൃത്തിഹീനമായ വസ്തുക്കളെവിടെയുണ്ടോ അവ മാത്രം തെരഞ്ഞുകണ്ടെത്തി അവിടെയിരിക്കുന്നു. എന്നിട്ട് ആ മാലിന്യങ്ങള്‍ നാടാകെ പരത്തുന്നു. മഹാമാരികള്‍ക്ക് കാരണമായ രോഗാണുക്കളെ വഹിക്കുന്നതിനാല്‍ ഈച്ച എന്നും മനുഷ്യസമൂഹത്തിന്റെ പേടിസ്വപ്‌നമാണ്. പുരാതന ഗ്രീക്കുകാരും അസ്സീരിയക്കാരും ഈച്ചയുടെ ശല്യത്തില്‍നിന്ന് മോചനം നേടാന്‍ വേണ്ടി ബലി നടത്തിയിരുന്നുവത്രെ! ഒന്നാം ലോകമഹായുദ്ധത്തിന്നു മുമ്പ് അമേരിക്കന്‍ ജനത ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരം ദിവസവും ഉച്ചക്ക് ഒരുമണിക്ക് അഞ്ചുമിനിട്ടു മുമ്പായി ഈച്ചകളെ കൊല്ലുന്ന ഇടവേളയായി നിശ്ചയിച്ചിരുന്നുവത്രെ! ഈച്ചയും തേനീച്ചയും തമ്മില്‍ എത്ര അന്തരം!

ഒരു സത്യവിശ്വാസിയെ നബി ﷺ തേനീച്ചയോട് ഉപമിച്ചത് കാണുക: അബൂറസീനുല്‍ ഉഖൈലി(റ) ഉദ്ധരിക്കുന്നു; നബി ﷺ പറഞ്ഞു: ''സത്യവിശ്വാസിയുടെ ഉപമ തേനീച്ചയെപ്പോലെയാണ്. അത് നല്ലതേ തിന്നുകയുള്ളു. നല്ലത് സ്രവിക്കുകയും ചെയ്യും'' (ത്വബ്‌റാനി).

മറ്റൊരു റിപ്പോര്‍ട്ടുപ്രകാരം ഈ നബി വചനം ഇങ്ങനെ വായിക്കാം: ''മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ ആ അല്ലാഹുവാണെ സത്യം, ഒരു സത്യവിശ്വാസി തേനീച്ചയെപോലെത്തന്നെയാണ്. അത് വിശുദ്ധമായത് മാത്രം തിന്നു, വിശുദ്ധമായത് സ്രവിച്ചു; ചില്ലകളൊടിക്കാതെ, നാശമൊന്നും വരുത്താതെ'' (അഹ്മദ്).

വിശുദ്ധ ക്വുര്‍ആനിലെ 16ാം അധ്യായമാണ് തേനീച്ച എന്നര്‍ഥമുള്ള 'അന്നഹ്ല്‍.' അതില്‍ ഇപ്രകാരം കാണാം: ''നിന്റെ നാഥന്‍ തേനീച്ചക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു. മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക. പിന്നെ എല്ലാതരം ഫലങ്ങളില്‍നിന്നും നീ ഭക്ഷിച്ചുകൊള്ളുക. എന്നിട്ട് നിന്റെ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിച്ചുകൊള്ളുക. അവയുടെ ഉദരങ്ങളില്‍നിന്നും വ്യത്യസ്ത വര്‍ണങ്ങളിലുള്ള പാനീയം പുറത്തുവരുന്നു. അതില്‍ മനുഷ്യര്‍ക്കു രോഗശമനമുണ്ട്. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്.'' (16:68-69).

ചിന്തിക്കാനുള്ള അല്ലാഹുവിന്റെ കല്‍പനയും നബി ﷺ സത്യവിശ്വാസിയെ തേനീച്ചയോടുപമിച്ചതും ഒന്നിച്ചുവായിച്ചാല്‍ സ്വയം വിലയിരുത്താന്‍ ആര്‍ക്കും സാധിക്കും. നാം കാണുന്നിടത്തും കേള്‍ക്കുന്നിടത്തും ഇപപഴകുന്നിടത്തും മാലിന്യക്കൂമ്പാരങ്ങള്‍ എമ്പാടുമുണ്ട്. ഈച്ചയുടെ സ്വഭാവമാണ് നമ്മില്‍ ഒരാളുടേതെങ്കില്‍ ഈ മാലിന്യങ്ങളോടായിരിക്കും അയാള്‍ക്കിഷ്ടം. അത്തരം കൂട്ടുകാരോടും സാഹചര്യങ്ങളോടുമായിരിക്കും അയാളുടെ ബന്ധങ്ങള്‍. പിന്നീട് അയാള്‍ ആ രോഗബീജങ്ങളുടെ വാഹിനിയായി മാറുകയും ചെയ്യും. സ്വയം നശിക്കുന്നതോടൊപ്പം മറ്റുള്ളവരെക്കൂടി നശിപ്പിക്കുന്ന നികൃഷ്ട ജന്തുവായി അയാള്‍ പരിണമിക്കും. എന്നാല്‍ തേനീച്ചയെപ്പോലെ നല്ലതു കണ്ടെത്തി തിന്നാന്‍ നാം ശ്രമിക്കണം. നമ്മുടെ സമ്പത്തില്‍നിന്ന് കൊടുത്തുതീര്‍ക്കേണ്ട സകാത്ത് വിഹിതം കൊടുക്കാതെ ബാക്കിവെച്ചാല്‍ അത് മാലിന്യമായിരിക്കും എന്നോര്‍ക്കുക. അപ്രകാരം നല്ലത് പഠിക്കുകയും നല്ലത് കേള്‍ക്കുകയും നല്ലവരുമായി ചങ്ങാത്തം കൂടുകയും ചെയ്താല്‍ നല്ലത് മാത്രം പറയാനും നല്ലസ്വഭാവം പുലര്‍ത്താനും നമുക്ക് സാധിക്കും. തേനീച്ചയുടെ ജീവിതത്തില്‍ ഒട്ടധികം സല്‍മാതൃകകളുടെ പാഠങ്ങളുണ്ടായത് കൊണ്ടാണല്ലോ ഇതില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്ന് അല്ലാഹു പറഞ്ഞത്.