ദുര്‍ബലരോടൊപ്പം

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2020 നവംബര്‍ 21 1442 റബീഉല്‍ ആഖിര്‍ 06

മക്കാമുശ്‌രിക്കുകളുടെ നേതാവും മുസ്‌ലിംകളുടെ ബദ്ധശത്രുവുമായിരുന്ന അബൂസുഫ്‌യാന്‍ ഹുദൈബിയാസന്ധിക്കുശേഷം മദീന സന്ദര്‍ശിക്കാന്‍ വന്നു. നബി ﷺ യും മക്കാമുശ്‌രിക്കുകളും തമ്മില്‍ സന്ധി നിലനില്‍ക്കുന്ന കാലമായിരുന്നു അത്. ക്വുറൈശി യജമാനന്മാരുടെ ക്രൂരമായ പീഡനങ്ങള്‍ക്കിരയായിരുന്ന ബിലാല്‍(റ), സുഹൈബ്(റ), സല്‍മാന്‍(റ) തുടങ്ങിയ മര്‍ദിതര്‍ മുസ്‌ലിംകളായശേഷം മദീനയില്‍ സ്വസ്ഥമായി ജീവിക്കുന്നുണ്ടായിരുന്നു. മേല്‍പറഞ്ഞ മൂന്നുപേരും ഒരിടത്തിരിക്കുമ്പോള്‍ അവരുടെ മുമ്പില്‍ കൂടി അബൂസുഫ്‌യാന്‍ നടന്നുപോകുന്നത് കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ''അല്ലാഹുവിന്റെ ശത്രുവായ ഇയാള്‍ ഇനിയും വാളിന്നിരയായിട്ടില്ലേ?'' നിരപരാധികളും നിരാലംബരുമായ തങ്ങളെ പണ്ട് മക്കയില്‍വെച്ച് ക്രൂരമായി മര്‍ദിച്ചവരുടെ നേതാവായ അബൂസുഫ്‌യാനെ കണ്ടപ്പോള്‍ തികട്ടിവന്ന വികാരമായിരുന്നു അത്.

അബൂബക്കര്‍ സ്വിദ്ദീക്വ്(റ) ഇത് കേട്ടപ്പോള്‍ ക്ഷോഭിതനായി. പൊതുവെ സൗമ്യസ്വഭാവിയായിരുന്ന അബൂബക്കര്‍(റ) പെട്ടെന്ന് പ്രതികരിച്ചു. ''ക്വുറൈശി നേതാവായ ഈ കാരണവരോട് അങ്ങനെ പറയാമോ?'' മക്കക്കാരുമായി സന്ധിനിലനില്‍ക്കുന്ന കാലത്ത് അവരുടെ നേതാവിനെപ്പറ്റി ആക്ഷേപിച്ചു പറയുന്നത് ശരിയല്ല എന്നാണ് അബൂബക്കര്‍(റ) കരുതിയത്. മാത്രമല്ല നബി ﷺ യുടെ ഭാര്യ ഉമ്മുഹബീബ(റ)യുടെ പിതാവാണ് അബൂസുഫ്‌യാന്‍. ഇസ്‌ലാമിന്റെ കഠിനശത്രുവാണ് അന്ന് അദ്ദേഹമെങ്കിലും മക്കയില്‍നിന്ന് പലായനം ചെയ്തു മദീനയിലെത്തിയ സ്വന്തം കുടുംബങ്ങളെയും നാട്ടുകാരെയും സന്ദര്‍ശിക്കാനാണ് മദീനയിലെത്തിയിരുക്കുന്നത്. ആ ബഹുമുഖ വ്യക്തിത്വത്തെ പ്രകോപിപ്പിക്കാതെ മദീനാസന്ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകാന്‍ അവസരമുണ്ടാക്കിയാല്‍ ഒരു മനംമാറ്റത്തിന്ന് സാധ്യതയുണ്ടെങ്കിലോ എന്നൊക്കെ ചിന്തിച്ചു കൊണ്ടാണ് ബിലാല്‍(റ), സുഹൈബ്(റ), സല്‍മാന്‍(റ) എന്നിവരോട് അബൂബക്കര്‍(റ) കയര്‍ത്തുസംസാരിച്ചത്.

എന്തായിരുന്നാലും ഈ വിഷയം നബി ﷺ യുടെ അടുത്തെത്തി. നബി ﷺ  അബൂബക്കറി(റ)നെ വിളിച്ച് ചോദിച്ചത് എന്താണെന്നല്ലേ? 'അബൂബക്കര്‍! നീ ആ പാവങ്ങളെ ദേഷ്യം പിടിപ്പിച്ചുവോ? നീ അവരെ ദ്വേഷ്യപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നിന്റെ റബ്ബിനെയാണ് നീ ദ്വേഷ്യപ്പെടുത്തിയതെന്നോര്‍ക്കണം.' ഇത് കേട്ടപ്പോള്‍ അബൂബക്കര്‍(റ) ആ മൂന്ന് സഹോദരങ്ങളുടെയും അടുത്തേക്ക് ഓടിച്ചെന്നിട്ട് ചോദിച്ചു: 'എന്റെ പ്രിയപ്പട്ട സഹോദരങ്ങളേ, ഞാന്‍ നിങ്ങള്‍ക്ക് ദ്വേഷ്യം വരുത്തുന്ന എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?' അവര്‍ പറഞ്ഞു: 'പ്രിയ സഹോദരാ! ഇല്ല. അല്ലാഹു താങ്കള്‍ക്കു പൊറുത്തുതരട്ടെ.'

ഇമാം മുസ്‌ലിം ഉദ്ധരിച്ച ഈ സംഭവം നമുക്ക് ഒട്ടേറെ പാഠങ്ങള്‍ നല്‍കുന്നുണ്ട്. സന്ധികാലത്ത് മദീനയിലെത്തിയ, തന്റെ ഭാര്യാപിതാവും മക്കയിലെ നേതാവുമായ അബൂസുഫ്‌യാനെ ആക്ഷേപിച്ചതല്ല നബി ﷺ ക്ക് മനോവിഷമമുണ്ടാക്കിയത്. മറിച്ച് ദുര്‍ബലരും മര്‍ദിതരുമായ ആ പാവപ്പെട്ടവരെ തന്റെ മറ്റൊരു ഭാര്യാപിതാവും അടുത്ത സുഹൃത്തുമായ അബൂബക്കര്‍(റ) ആക്ഷേപിച്ചതാണ്. സമൂഹത്തിലെ പാവങ്ങളോടുള്ള സ്‌നേഹവും അവരുടെ മഹത്ത്വവും നബി ﷺ  നമ്മെ പഠിപ്പിക്കുകയാണ് ഈ സംഭവത്തില്‍ കൂടി.

'നിങ്ങളുടെ കൂട്ടത്തിലെ ദുര്‍ബലന്മാരെ എന്റെയടുത്തേക്ക് കൊണ്ടുവരിക. നിശ്ചയം നിങ്ങള്‍ക്ക് സഹായം നല്‍കപ്പെടുന്നതും ആഹാരം നല്‍കപ്പെടുന്നതും ദുര്‍ബലന്മാരുണ്ടായതുകൊണ്ട് മാത്രമാണ്' എന്ന് നബി ﷺ  പറഞ്ഞതായി കാണാം (അബൂദാവൂദ്).

തനിക്ക് ന്യായമായി തോന്നിയ ഒരു കാര്യത്തില്‍ അവരെ ആക്ഷേപിച്ചത് തെറ്റായിപ്പോയി എന്ന് ബോധ്യപ്പെട്ടപ്പോള്‍ ആ പാവങ്ങേളാട് മാപ്പുപറഞ്ഞ അബൂബക്കറി(റ)ന്റെ മാതൃകയും ഇതിനോട് ചേര്‍ത്തുവായിക്കണം. ചെയ്തത് ശരിയല്ലെന്ന് ബോധ്യപ്പെട്ടാല്‍ ഏതു പാവപ്പെട്ടവന്റെ മുമ്പിലും വിനയത്തോടെ ചെന്ന് തിരുത്താനുള്ള വിവേകം അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. പാവങ്ങളെ നാം ആദരിക്കുക; അവരെ കണ്ടറിഞ്ഞ് സഹായിക്കുക.