പ്രളയം കഴുകിയ മനസ്സുകള്‍

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2020 ജനുവരി 11 1441 ജുമാദല്‍ അവ്വല്‍ 16

2018ല്‍ കേരളത്തില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ കൂടുതല്‍ തെക്കന്‍ മേഖലകളെയാണ് ബാധിച്ചത്. ഇത് അറിഞ്ഞയുടന്‍ അന്നാട്ടുകാരോടൊപ്പം കൈകോര്‍ത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ നിരതരാകുവാനും സഹായങ്ങള്‍ എത്തിക്കുവാനും  കേരളത്തില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമൊക്കെ ജനങ്ങള്‍ ഓടിയെത്തി.

മെല്ലെമെല്ലെ കേരള ജനതയുടെ മനസ്സുകളില്‍ ഇടം പിടിച്ചുകൊണ്ടിരുന്ന, വര്‍ഗീയ ധ്രുവീകരണമടക്കം മത-രാഷ്ട്രീയ വിഭാഗീയതകള്‍ വര്‍ധിച്ചു വന്നിരുന്ന ആ സന്ദര്‍ഭത്തില്‍, ഈ സഹായ സഹകരണങ്ങളുടെ കൂട്ടായ്മ മനുഷ്യബന്ധങ്ങളെ ഊട്ടിയുറപ്പിച്ചു. എല്ലാ വിഭാഗീയതകളും എല്ലാവരും അന്ന് മറന്നു. വേദനിക്കുന്ന മനസ്സിന്റെ അനുഭവങ്ങളും കണ്ണുനീരിന്റെ നനവും ജാതിക്കും പാര്‍ട്ടിക്കും വര്‍ഗവര്‍ണങ്ങള്‍ക്കും അതീതമാണെന്ന് നാം അന്ന് തെളിയിച്ചു.

2019ല്‍, കൃത്യം ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ വീണ്ടും ഇന്നാട്ടില്‍ ഒരു പ്രളയം കൂടി ദുരിതം വിതച്ചു. അത് പക്ഷേ, വടക്കന്‍ മേഖലകളെയാണ് അധികം ബാധിച്ചത്. പ്രതീക്ഷിച്ച പോലെ തന്നെ ഇപ്രാവശ്യം തെക്കന്‍ മേഖലയില്‍നിന്നും മനുഷ്യവിഭവങ്ങളും ഭക്ഷ്യ-വസ്ത്ര വസ്തുക്കളും ഓടിയെത്തി. എല്ലാ ഭിന്നതകളും മറന്ന് തങ്ങളുടെ സഹജീവികള്‍ക്കു വേണ്ടി അവര്‍ പ്രവര്‍ത്തിച്ചു.

രണ്ട് പ്രളയംമൂലം നാം കേരളീയര്‍ ഒട്ടനവധി പ്രയാസങ്ങളനഭവിച്ചു. വിലപ്പെട്ട പലതും നഷ്ടമായി എന്നത് ശരി. പക്ഷേ, നമ്മുടെ മനുഷ്യത്വം മരിച്ചിട്ടില്ലെന്ന് ഏവര്‍ക്കും ബോധ്യപ്പെടാന്‍ അതിലൂടെ അവസരം ലഭിച്ചു. പ്രവാചകന്മാരും വേദങ്ങളും കാണിച്ചുതന്ന മാനവികതയുടെ വെളിച്ചം മനുഷ്യമനസ്സുകളില്‍ നിന്ന് തീരെ അസ്തമിച്ചു പോയിട്ടില്ല എന്ന് ആശ്വസിക്കാം.

ഇതില്‍ നിന്നൊക്കെ നമുക്ക് പഠിക്കാനുള്ള ഗുണപാഠങ്ങളിലേക്കാണ് നമുക്കിനിയും തിരിഞ്ഞു നോക്കാനുള്ളത്. ഒന്നാമതായി മനുഷ്യ കൂട്ടായ്മയുടെ പ്രയോജനവും ഗുണഫലവും തന്നെയാണ്. ഞാനും എന്റെ സ്വന്തം കാര്യവും എന്ന നിലപാട് ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ഒത്തുപിടിച്ചാല്‍ മലയും മറിക്കാം എന്നാണല്ലോ ചൊല്ല്. നിര്‍മാണവും സംഹാരവും പെട്ടെന്ന് നടത്താന്‍ മനുഷ്യരുടെ കൂട്ടായ്മക്ക് സാധിക്കും. പലതും നമുക്കിവിടെ നിര്‍മിക്കാനുണ്ട്. അധികാരം, പണം, കൈക്കരുത്ത് എന്നിവയ്ക്കപ്പുറത്ത് ഇതെല്ലാം നിയന്ത്രിക്കുന്ന ഒരു രക്ഷിതാവിനെപ്പറ്റിയുള്ള വിശ്വാസവും ബോധവും ഇവിടെ പുനഃസ്ഥാപിക്കണം. അവന്റെ വിധിവിലക്കുകള്‍ വളച്ചുകെട്ടില്ലാതെ പഠിപ്പിക്കപ്പെടണം. അന്ധവിശ്വാസങ്ങളില്‍ നിന്നും ആചാരവൈകൃതങ്ങളില്‍ നിന്നും മനുഷ്യനെ രക്ഷപ്പെടുത്തണം. അതിന് ആത്മാര്‍ഥതയുള്ള കൂട്ടായ്മകളും ചിന്തകളും പദ്ധതികളും ആവശ്യമാണ്. അല്ലാഹുവിന്റെ കോപത്തില്‍ നിന്നും ശിക്ഷയില്‍ നിന്നും നാടിന്നും ജനങ്ങള്‍ക്കും മോക്ഷം ലഭിക്കാന്‍ മനസ്സുകളെ ശുദ്ധീകരിക്കുവാനുള്ള പ്രബോധന കൂട്ടായ്മകള്‍ക്ക് നാം ശക്തിപകരുക.

പ്രളയം വരുത്തിയ ദുരിതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരും സന്നദ്ധ സേവകന്മാരും മതസംഘടനകളും രംഗത്തിറങ്ങി. എന്നാല്‍ മനുഷ്യഹൃദയങ്ങളില്‍ അള്ളിപ്പിടിച്ച തിന്മകളില്‍ നിന്ന് അവരെ രക്ഷിക്കാന്‍ ഇനിയും പ്രയത്‌നങ്ങള്‍ ആവശ്യമുണ്ട് നമുക്ക്. അതിനു വിവേകപൂര്‍വമുള്ള ചുവടുവയ്പുകള്‍ ആവശ്യമാണ്. നാട്ടില്‍ നാശനഷ്ടങ്ങള്‍ വര്‍ധിക്കുന്നത്, മനുഷ്യകരങ്ങള്‍ ചെയ്ത തിന്മകള്‍ മൂലമാണോ എന്ന് നാം ചിന്തിക്കണം.

ഏതുകാര്യത്തിനും മതവും ജാതിയും പാര്‍ട്ടിയും നോക്കുന്ന ദുരവസ്ഥ വര്‍ധിച്ചു വരികയായിരുന്നല്ലോ നാട്ടില്‍. അത് പക്ഷേ, ഈ ദുരിത കാലത്ത് ആരും കണ്ടില്ല. മാതാപിതാക്കളെ സംരക്ഷിക്കുന്ന കാര്യത്തില്‍ പോലും ലാഭനഷ്ടം നോക്കുന്ന ഒരു അഭിശപ്ത ചിന്ത, പ്രത്യേകിച്ചും ഇളം തലമുറകളില്‍ ഏറിവരികയായിരുന്നു. അതും ഈ ദുരിതകാലത്ത് കണ്ടില്ല. ലാഭക്കൊതിയില്ലാതെ തന്നെ പരസ്പര സഹായത്തിന് നാം തയ്യാറായി. ഈയൊരു ബോധം നമ്മുടെ സംസ്‌കാരമായി രൂപപ്പെടണം. നാം അതിനുവേണ്ടി രംഗത്തിറങ്ങണം.

അങ്ങ് ആസാമിലും ബീഹാറിലും ജാര്‍ഖണ്ഡിലും കെടുതികളുണ്ടായപ്പോള്‍ കേരളത്തിലെ മസ്ജിദുകളില്‍ നിന്നും മറ്റും ഫണ്ട് സ്വരൂപിച്ചയച്ചത് ഓര്‍ക്കുക. കേരളത്തിലെ കെടുതികളില്‍ കണ്ട്, രാജ്യത്തിലെ ദാരിദ്ര്യമനുഭവിക്കുന്ന വടക്കന്‍ സംസ്ഥാനങ്ങളില്‍വരെ പിരിവുകള്‍ നടന്നതും നാം കണ്ടു. ഇതാണ് ഭാരതീയന്റെ പാരമ്പര്യം. അവിടെ ജാതിയോ വര്‍ഗമോ ഭാഷയോ തടസ്സമായില്ല. ഇതാണ് കേരളീയന്റെ സംസ്‌കാരം.  

ചുരുക്കത്തില്‍ നല്ല കൂട്ടായ്മകള്‍ക്കും അവയുടെ നേതൃത്വത്തിനും ഒരുപാട് കാര്യങ്ങളിവിടെ ചെയ്യാനുണ്ട്. നമുക്ക്ചുറ്റും നല്ല കൂട്ടായ്മകളില്‍കൂടി എന്തൊക്കെ ചെയ്യാമെന്ന് ഓരോരുത്തരും ആലോചിക്കുക.

പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ രാജ്യത്ത് കൊടുമ്പിരി കൊള്ളുകയാണ്. മാനവസൗഹാര്‍ദത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന, ജനങ്ങളെ മതപരമായി ധ്രുവീകരിക്കാനുള്ള കുത്സിത ശ്രമമാണ് പൗരത്വ ഭേദഗതി ബില്ലിലും എന്‍.ആര്‍.സിയിലും നാം കാണുന്നത്. ഒരു മതവിഭാഗത്തോട് വ്യക്തമായ വിരോധം വച്ചുപുലര്‍ത്തുന്ന ഭരണാധികാരികളുടെ നിലപാട് നീചമാണ്. ഇന്ത്യയില്‍ മതനിരപേക്ഷത നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന, ഭരണഘടനക്ക് വിരുദ്ധമായ നിയമങ്ങളെ അംഗീകരിച്ചു കൂടാ എന്ന നിലപാടുള്ള എല്ലാവരും മതത്തിന്റെയും ജാതിയുടെയും പാര്‍ട്ടിയുടെയും വ്യത്യാസങ്ങള്‍ മറന്ന് ആ കരിനിയമങ്ങളെ ചെറുത്തു തോല്‍പിക്കുവാന്‍ ജാഗ്രതയോടെ സമര രംഗത്തുണ്ടെന്നത് സന്തോഷരമായ കാര്യമാണ്, ആശാവഹമാണ്.

ജീവിതത്തിന്റെ സകല മേഖലകളിലും നന്മകള്‍ സംസ്ഥാപിക്കുവാന്‍ നാം മുന്‍കൈയെടുക്കണം. ധര്‍മചിന്തയും സദാചാര നിഷ്ഠയും മാതൃകാജീവിതവും നയിക്കുന്ന നല്ല മനുഷ്യരായി നാം മാറണം. ഒരു നന്മക്ക് തുടക്കക്കാരാവാന്‍ നമുക്ക് സാധിച്ചാല്‍ ആ നന്മ ഈ ഭൂമിയില്‍ നിലനില്‍ക്കുന്ന കാലമത്രയും അത് ചെയ്യുന്നവര്‍ക്ക് കിട്ടുന്ന പ്രതിഫലത്തിന് സമാനമായ പ്രതിഫലം നാം മരിച്ചാലും നമുക്ക് കിട്ടിക്കൊണ്ടിരിക്കുമെന്ന നബിവചനം മറക്കാതിരിക്കുക.

''...പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക...''(ക്വുര്‍ആന്‍ 5:2).