ഹലീമ

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2020 ഡിസംബര്‍ 05 1442 റബീഉല്‍ ആഖിര്‍ 20

യതീമായിട്ടാണ് മുഹമ്മദ് എന്ന കുട്ടി ജനിച്ചത്. ത്വാഇഫിലെ പ്രാന്തപ്രദേശത്ത് താഴ്‌വരകളില്‍ താമസിക്കുന്ന ബനൂസഅദ് ഗോത്രക്കാര്‍ മക്കത്തുവന്ന് പ്രമുഖരുടെ മക്കളെ മുലപ്പാലുകൊടുത്തു വളര്‍ത്താന്‍ കൊണ്ടുപോകുക അക്കാലത്ത് പതിവായിരുന്നു. സ്വഛമായ വായു ശ്വസിച്ച് തണുപ്പുള്ള പ്രദേശത്ത് കുഞ്ഞുങ്ങള്‍ വളരട്ടെ എന്നതായിരുന്നു ഈ പതിവിന്ന് പ്രേരണയായത്. ബനൂസഅദുകാര്‍ക്കാണെങ്കില്‍ ഇതൊരു  ജീവിത വരുമാനമാര്‍ഗമായിരുന്നു.

വേഷത്തിലും ഭാവത്തിലും ഭാരിദ്ര്യം നിഴലിച്ചിരുന്ന ഹലീമക്ക് പ്രമുഖരാരും കുഞ്ഞുങ്ങളെ കൊടുത്തില്ല. കൂടെ വന്നവരൊക്കെ സമ്പന്നരുടെ കുഞ്ഞുങ്ങളെ തെരഞ്ഞെടുത്തപ്പോള്‍ ഹലീമക്ക് ഒടുവില്‍ ഈ അനാഥക്കുഞ്ഞിനെ സ്വീകരിക്കേണ്ടിവന്നു!

ഇത് ബനൂസഅദ് ഗോത്രത്തിലെ ഹാരിഥ്-ഹലീമ ദമ്പതികളുടെ സൗഭാഗ്യജീവിതത്തിന്റെ തുടക്കമായിരുന്നു. രണ്ടുവര്‍ഷത്തെ മുലകുടി കാലത്തിന്നുശേഷം മുഹമ്മദ് എന്ന കുഞ്ഞ് കുറച്ചുകാലംകൂടി ഹലീമയുടെ കുടുംബത്തില്‍ കഴിഞ്ഞു. പിന്നീട് പ്രവാചകത്വത്തിന്ന് അദ്ദേഹത്തെ പാകപ്പെടുത്താന്‍ വേണ്ട അത്ഭുത സംഭവങ്ങള്‍ പലതുമുണ്ടായി. കാലം അല്‍പം മുന്നോട്ടു ചലിച്ചു. മുഹമ്മദ് ﷺ  പ്രവാചകനായി. പതിമൂന്ന് വര്‍ഷത്തെ ദുരിതപൂര്‍ണമായ മക്കാജീവിതത്തിന്നു ശേഷം മദീനയിലെത്തി. പിന്നെയും സംഭവബഹുലമായ എട്ടു വര്‍ഷം പിന്നിട്ടപ്പോഴേക്കും അഷ്ടദിക്കുകളില്‍ ഇസ്‌ലാം എത്തി. തന്റെ പിതാമഹന്‍ തൗഹീദിന്നു വേണ്ടി സ്ഥാപിച്ച കഅ്ബയും മക്കാരാജ്യവും അദ്ദേഹം തിരിച്ചുപിടിച്ചു. ഹിജ്‌റ ഒമ്പതാം വര്‍ഷമായപ്പോഴേക്കും റോമാ സാമ്രാജ്യവും പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാരുമടക്കം മുഹമ്മദ് നബി ﷺ യെ അറിഞ്ഞ് ആദരിക്കുന്ന അവസ്ഥയിലെത്തി.

ഹിജ്‌റ എട്ടാം വര്‍ഷം ഹുനൈന്‍ യുദ്ധം കഴിഞ്ഞ് നബി ﷺ യും പന്ത്രണ്ടായിരത്തിലധികം വരുന്ന സൈന്യവും മദീനയിലേക്ക് തിരിച്ചുപോകുന്ന വഴിയില്‍ ജഅ്‌റാനയില്‍ വിശ്രമിക്കാനിറങ്ങിയതായിരുന്നു.ഇതിന്നിടക്ക് അങ്ങകലെനിന്ന് വയോവൃദ്ധയായ ഒരു സ്ത്രീ വേച്ചുവേച്ചു നടന്നുവരുന്നത് നബി ﷺ  കാണുകയാണ്. അല്‍പനേരം ശ്രദ്ധിച്ചു നോക്കിയശേഷം നബി ﷺ  ചാടിയെഴുന്നേറ്റ് തന്റെ തട്ടമെടുത്ത് നിലത്തു വിരിച്ച ശേഷം ആ കിഴവിയെ ഏറെ ആദരപൂര്‍വം സ്വീകരിച്ച് കൈപിടിച്ചു കൊണ്ടുവന്ന് തന്റെ അരികില്‍ ചേര്‍ത്തിരുത്തി. ഇതു കണ്ട് യുവാക്കളായ സ്വഹാബികള്‍ അത്ഭുതം കൂറി! മഹാനായ റസൂല്‍ ﷺ  ഈ പടു കിഴവിയെ ഇത്രയധികം ആദരിക്കാന്‍ എന്താകാര്യം? അവര്‍ പരസ്പരം ചോദിച്ചു. മുതിര്‍ന്ന സ്വഹാബികള്‍ പറഞ്ഞു കൊടുത്തു: 'പാല്‍കൊടുത്തു വളര്‍ത്തിയ പോറ്റുമ്മ ഹലീമ(റ).' പുതിയ ആ തലമുറക്ക് ഇത് ഏറെ അത്ഭുതമായിരുന്നു.

ഏറെ ഗുണപാഠങ്ങളുണ്ട് ഈ ചരിത്രത്തില്‍. മക്കള്‍ വളര്‍ന്ന് മഹാന്മാരും വിദഗ്ധരുമായി മാന്യതയുടെ പട്ടംചൂടി നടക്കുമ്പോള്‍, വയോവൃദ്ധരായ, ഒരു വൈദഗ്ധ്യവുമില്ലാത്ത, ചേലും കോലവുമില്ലാത്ത മാതാപിതാക്കളെ കണ്ണിലെ കരടായി കാണുന്ന മക്കള്‍ ഏറെയുണ്ട് ഇക്കാലത്ത്. പഠിക്കുന്ന സ്ഥാപനങ്ങളിലെ പി.ടി.എ മീറ്റിംഗുകളിലേക്ക് വൃദ്ധമാതാപിതാക്കളെ കൊണ്ടുവരാന്‍ ലജ്ജിക്കുന്ന പഠിപ്പുള്ള പുതുയൗവനമാണ് വളരുന്നത്. പിന്നിട്ടവഴികള്‍ നാം മറക്കരുത്. നാം ഇവിടെ ഈ ഉയരങ്ങളിലെത്തിയതിന്റെ പിന്നില്‍ ഒരുപാട് ത്യാഗങ്ങളുണ്ട്. വളര്‍ച്ചയുടെ പടവുകളുണ്ട്. ആകാശത്തുനിന്ന് കെട്ടിത്തൂക്കിയ നൂലിലൂടെ ഇറങ്ങിവന്നവരല്ല ആരും. ഒരു വ്യക്തി എന്ന നിലക്കും സമൂഹം എന്ന നിലക്കും സംഘടന-കുട്ടായ്മ എന്ന നിലക്കും ആരൊക്കെയോ വിരിച്ച പായയിലാണ് കിടക്കുന്നതെന്നും നാം തുടക്കക്കാരല്ല തുടര്‍ച്ചക്കാരാണ് എന്നും ഒരിക്കലും മറക്കരുത്.

പ്രവാചകത്വത്തിന്റെ വിശ്വപ്രഭാവവും കല്‍പിച്ചതെന്തും ശിരസ്സാവഹിക്കാന്‍ സന്നദ്ധരായ പതിനായിരങ്ങളുടെ നിറസാന്നിധ്യവുമുണ്ടായിട്ടും, വേച്ചുവേച്ചു നടന്നുവരുന്ന ഹലീമ എന്ന പടുകിഴവിയെ സ്വന്തം തട്ടത്തില്‍ ആദരിച്ചു ചേര്‍ത്തിരുത്തി മാതൃക കാണിച്ച നബി ﷺ യുടെ ഈ സുന്നത്താണ് വിശ്വാസികളുടെ സാമൂഹ്യബന്ധങ്ങള്‍ക്ക് അടിസ്ഥാനമാകേണ്ടത്. പഴയയാഥാര്‍ഥ്യങ്ങളെ മറച്ചുവെച്ച് പുതിയ നുണകള്‍ തുടങ്ങിവെക്കുന്ന തത്രപ്പാടിലാണ് ഇന്ത്യയിലെ ഫാസിസം. ഇത് ഒരു പൊതുസംസ്‌കാരമായി വളരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ബാബരി വിധി ഒരു വ്യവഹാരത്തിന്റെ തീര്‍പ്പു മാത്രമല്ല ഒരു പുതിയ സമീപനത്തിന്റെ തുടക്കവും കൂടിയാണ്. ഈ സമീപനമാകട്ടെ എല്ലാ മതങ്ങള്‍ക്കും ധര്‍മവ്യവസ്ഥകള്‍ക്കും എതിരുമാണ്.