സമീപനം

-സി.

2020 ഒക്ടോബര്‍ 10 1442 സഫര്‍ 23

ഇസ്‌ലാം കഠിനമായി വിരോധിച്ച കുറ്റങ്ങളിലൊന്നാണ് വ്യഭിചാരം. അത് ചെയ്യുന്നത് മാത്രമല്ല അതിനോടടുക്കുന്ന കാര്യങ്ങള്‍ പോലും മതം ശക്തിയായി വിലക്കി.

''നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ചുപോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു''(ക്വുര്‍ആന്‍ 17:32).

അഥവാ ലൈംഗിക വിചാരത്തിന്ന് വഴിവെക്കുന്ന നോട്ടവും കാഴ്ചയും സാമീപ്യവും വേഷവും സാഹചര്യവും ഉത്തേജനാത്മകമായ ശ്രവണങ്ങളുമെല്ലാം ഇസ്‌ലാം വിലക്കി. വ്യഭിചാരക്കുറ്റത്തിന്റെ ശിക്ഷ കഠിനമാണ്. വ്യഭിചാരാരോപണം നടത്തുന്നവന്‍ അതിന്ന് നാല് സാക്ഷികളെ ഹാജറാക്കിയില്ലെങ്കില്‍ അവനുമുണ്ട് ശിക്ഷ. സ്വന്തം ഭാര്യ വ്യഭിചാരത്തിലേര്‍പ്പെട്ടത് നേരില്‍ കണ്ട ഒരാള്‍ നബിയോട് ചെന്ന് വിവരം പറഞ്ഞപ്പോള്‍ നാല് സാക്ഷികളെ ഹാജറാക്കിയില്ലെങ്കില്‍ നിന്നെ ആദ്യം ശിക്ഷിക്കുമെന്നാണ് നബി ﷺ  അദ്ദേഹത്തിന്ന് മറുപടി കൊടുത്തത്. മദ്യവും വ്യഭിചാരവും തുടങ്ങി എല്ലാ തിന്മകളും നിത്യജീവിതത്തിന്റെ ഭാഗമായി കരുതിയ ജാഹിലിയ്യാ കാലത്തെ മനുഷ്യനെ ഇസ്‌ലാമിക സംസ്‌കാരം പഠിപ്പിച്ച് ക്രമാനുഗതമായി വളര്‍ത്തിക്കൊണ്ടുവന്ന ഇസ്‌ലാമിന്റെ ആദ്യകാലത്താണു ഈ സംഭവം.

ഇതുപോലെ മറ്റൊരു സംഭവും കൂടി ഇമാം അഹ്മദ്(റ) ഉദ്ധരിച്ചത് കാണുക; മനുഷ്യരോടുള്ള സമീപനത്തിന്റെ പ്രവാചകശൈലിയാണ് ഈ പറയുന്ന സംഭവം നമ്മെ പഠിപ്പിക്കുന്നത്: ഒരു യുവാവ് നബി ﷺ യുടെ അടുത്തുവന്ന് ഒരു ആവശ്യം ഉന്നയിക്കുകയാണ്: 'നബിയേ...എനിക്ക് വ്യഭിചരിക്കാന്‍ അനുവാദം തരണം!' സാമൂഹ്യ സാഹചര്യവും ആ യുവാവിന്റെ മനോനിലപാടും കൃത്യമായി മനസ്സിലാക്കിയ നബിയുടെ അനുയായികളാവട്ടെ വല്ലാത്ത നീരസവും അസഹിഷ്ണുതയും പ്രകടിപ്പിച്ചുകൊണ്ട് അയാളോട് മാറിനില്‍ക്കാനാവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ നബി ﷺ  അയാളെ അടുത്തേക്ക് വിളിച്ചു. മെല്ലെ സംസാരം തുടങ്ങി: 'താങ്കള്‍ വ്യഭിചരിക്കുന്നത് നിങ്ങളുടെ ഉമ്മയെയായാലോ?' അയാള്‍: 'വേണ്ട!' നബി ﷺ : 'ശരിയാണ് ഒരു മനുഷ്യനും മക്കളുമൊത്ത് അതിഷ്ടപ്പെടുകയില്ല...' ഇങ്ങനെ നബി ﷺ  അയാളോട് സഹോദരിയെപ്പറ്റിയും പിതൃസഹോദരിയെപ്പറ്റിയും ചോദിച്ചു. അപ്പോഴൊക്കെ വളരെ വെറുപ്പോടെ അയാളത് നിരാകരിച്ചു. അപ്പോള്‍ നബി ﷺ  അദ്ദേഹത്തിന്റെ തലക്കുമീതെ കൈവെച്ചുകൊണ്ട് ഇങ്ങനെ പ്രാര്‍ഥിച്ചു: 'അല്ലാഹുവേ, ഇദ്ദേഹത്തിന്റെ പാപം നീ പൊറുത്താലും. ഇദ്ദേഹത്തിന്റെ ഹൃദയം ശുദ്ധീകരിച്ചാലും. അദ്ദേഹത്തിന്റെ ലൈംഗിക വിശുദ്ധി സംരക്ഷിക്കേണമേ.' ഈ സംഭവത്തിന്റെ ശേഷം അദ്ദേഹം അത്തരം തിന്മകളിലേക്ക് തിരിഞ്ഞുനോക്കിയിട്ടുപോലുമില്ലെന്ന് ചരിത്രം.

സമൂഹവുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കേണ്ട ബുദ്ധിപൂര്‍ണമായ സമീപനം എങ്ങനെയാവണം എന്നതാണ് ഈ സംഭവം നമുക്കു നല്‍കുന്ന പാഠം. ക്രൂരനോ, ശത്രുവോ, അസൂയാലുവോ ആരാവട്ടെ; നല്ല സമീപനം കൊണ്ട് അവനെ നമുക്ക് കീഴ്‌പെടുത്താന്‍ കഴിഞ്ഞേക്കും.

''നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു'' (ക്വുര്‍ആന്‍ 41:34).

''നീ നിന്റെ ദാസന്‍മാരോട് പറയുകയും ചെയ്യുക; അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്. തീര്‍ച്ചയായും പിശാച് അവര്‍ക്കിടയില്‍ (കുഴപ്പം) ഇളക്കിവിടുന്നു. തീര്‍ച്ചയായും പിശാച് മനുഷ്യന്ന് പ്രത്യക്ഷ ശത്രുവാകുന്നു'' (ക്വുര്‍ആന്‍ 17:53).

നല്ല വാക്കുകളും സമീപനങ്ങളും കൊണ്ട് ശത്രുവെ കീഴ്‌പ്പെടുത്തുക മാത്രമല്ല, എത്രവലിയ മനഃസംഘര്‍ഷമുള്ളവര്‍ക്കും ആശ്വാസം നല്‍കാന്‍ സാധിക്കും. രോഗങ്ങള്‍, ദാരിദ്ര്യം, പ്രകൃതിദുരന്തങ്ങള്‍, ധനനഷ്ടം തുടങ്ങി പലകാരണങ്ങളാലും മനസ്സ് തളര്‍ന്നിരിക്കുന്ന ഒട്ടേറെ മനുഷ്യരെ നമുക്കുചുറ്റും കാണാം. അവരെയൊക്കെ ഒന്ന് വിളിച്ച് നല്ലവാക്ക് പറയാനും കാര്യങ്ങളന്വേഷിക്കാനും പ്രാര്‍ഥിക്കാനും നാം സമയം കണ്ടെത്തണം. കൈനിറയെ കൊടുക്കുന്നതിനെക്കാള്‍ ആ നല്ല ഒരു വാക്കു മതി ആരുടെയും മനം കുളിര്‍ക്കാന്‍. ഹൃദ്യമായ സമീപനം ഒരു വലിയ സഹായമാണ്. ആരെയും കീഴ്‌പെടുത്താന്‍ പോന്ന ആയുധമാണ്. സര്‍വോപരി മഹാ പുണ്യകര്‍മമാണ്.