കുരങ്ങിന്‌ ഏണിവച്ചുകൊടുക്കരുത്‌

-സി.

2020 ആഗസ്ത് 22 1442 മുഹര്‍റം 03

ആകാശത്ത് മിന്നിത്തിളങ്ങുന്ന പൂര്‍ണചന്ദ്രന്റെ നിഴല്‍ ദുര്‍ഗന്ധംവമിച്ച് കണ്ടാലറയ്ക്കുന്ന ഓടയിലെ വെള്ളത്തില്‍ തെളിഞ്ഞുകാണാറുണ്ട്. അതുകൊണ്ട് ആ ചന്ദ്രശോഭയ്‌ക്കോ അതിന്റെ ഔന്നത്യത്തിന്നോ യാതൊരു കോട്ടവും തട്ടാറില്ല; ചന്ദ്രന്‍ അതിന്റെ നിത്യപ്രഭ വിതറിക്കൊണ്ട് മാനത്ത് പരിലസിച്ചുകൊണ്ടേയിരിക്കും.

മുഹമ്മദ് നബി ﷺ യെക്കുറിച്ച് ആക്ഷേപകരമായി പരാമര്‍ശിച്ചുകൊണ്ട് ബാംഗ്ലൂരില്‍ ഒരാള്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. ഇതേറ്റുപിടിച്ച് ആ നാട്ടില്‍ ഒരു കലാപമുണ്ടായി. നഷ്ടങ്ങളുണ്ടായി. മരണങ്ങളുണ്ടായി. ഈ നികൃഷ്ടപോസ്റ്റുമൂലം നബി ﷺ യുടെ മഹത്ത്വം ഇടിയുകയോ, ഈ വൈകാരികമായ അക്രമങ്ങള്‍ കൊണ്ട് അവിടുത്തെ മഹത്ത്വം ഉയരുകയോ ചെയ്യുന്നില്ല. ചരിത്രയാഥാര്‍ഥ്യങ്ങള്‍ക്ക് തമസ്‌കരിക്കാന്‍ കഴിയാത്ത, നേരെചൊവ്വെ ചിന്തിക്കുന്ന ലോകത്തെ വിവരമുള്ളവര്‍ അംഗീകരിച്ച് ആദരിക്കുന്ന ഒരു ഉല്‍കൃഷ്ട വ്യക്തിപ്രഭാവമാണ് നബിയുടേത്. ഓടയിലെ ദുര്‍ഗന്ധംകൊണ്ട് ചന്ദ്രന്റെ സൗന്ദര്യത്തിന്ന് ഒരു മങ്ങലും ഏല്‍ക്കുകയില്ല എന്നപോലെ, ദുര്‍ഗന്ധപൂരിതമായ മനസ്സും സംസ്‌കാരവുമുള്ളവര്‍ നബി ﷺ യുടെ മഹത്ത്വത്തിന്ന് നേരെ കുരച്ചുചാടിയിട്ട് ഒന്നും സംഭവിക്കാനില്ല. ഈ ദുഷ്ടവൃത്തികള്‍ക്ക് നബി ﷺ യുടെ ജനനത്തോളം പഴക്കമുണ്ട്താനും. പിന്നെയെന്തിനീ വൈകാരികതകള്‍?

അന്യായമായ ആക്ഷേപങ്ങള്‍ക്കതീതനായിട്ടല്ല നബി ﷺ  വളര്‍ന്നത്. അദ്ദേഹം കല്ലെറിയപ്പെട്ടു. വീടുവളയപ്പെട്ട് വധശ്രമത്തിന് വിധേയനായി. വിഷം നല്‍കി അദ്ദേഹത്തിന്റെ കഥകഴിക്കാന്‍ വരെ ശ്രമമുണ്ടായി. അദ്ദേഹത്തിന്റെ മൃതദേഹത്തെ കട്ടുകടത്താന്‍ പോലും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്നിട്ടെന്തുണ്ടായി?

അല്ലാഹു പറഞ്ഞു: ''സന്മാര്‍ഗവും സത്യമതവുമായി തന്റെ റസൂലിനെ നിയോഗിച്ചത് അവനാകുന്നു. അതിനെ എല്ലാ മതത്തിന്നും മീതെ തെളിയിച്ചുകാണിക്കാന്‍ വേണ്ടി. സാക്ഷിയായിട്ട് അല്ലാഹു തന്നെ മതി'' (ക്വുര്‍ആന്‍ 48:28).

തന്നെ അക്രമിച്ച് മുറിവേല്‍പിച്ചവര്‍ക്ക് വിവേകം കൊടുക്കാന്‍ വേണ്ടി പ്രാര്‍ഥിക്കുകയാണ് നബി ﷺ ചെയ്തത്. ആ നബിയെ അവിവേകികള്‍ അധിക്ഷേപിച്ചാല്‍ കലഹിക്കേണ്ട കാര്യമില്ല. മറിച്ച് നബി ﷺ യുടെ സന്ദേശം മനുഷ്യരിലേക്കെത്തിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.

ഇരുപത്തിരണ്ടു വര്‍ഷം നബി ﷺ യെ ഉപദ്രവിക്കാന്‍ കിട്ടുന്ന പഴുതുകളെല്ലാം പയറ്റിയ വ്യക്തിയായിരുന്നു അംറുബ്‌നു ആസ്വ്(റ). ഒടുവില്‍ അദ്ദേഹം നബി ﷺ യുടെ അടുത്ത അനുയായി ആയിത്തീര്‍ന്നു. പില്‍ക്കാലത്ത് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേക്ക് ഇസ്‌ലാമിക സന്ദേശമെത്തിക്കാന്‍ നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. നബിനിന്ദ ജീവിതലക്ഷ്യമാക്കിയ പലരും പില്‍ക്കാലത്ത് നബി ﷺ യെ അടുത്തറിഞ്ഞിട്ടുണ്ട്; അല്ലാത്തവരുമുണ്ട്. നബി ﷺ യെ ചെറുപ്പകാലംതൊട്ട് പോറ്റിവളര്‍ത്തി, പ്രവാചകനായശേഷവും സംരക്ഷണം നല്‍കിയ പിതൃവ്യന്‍ അബൂത്വാലിബ് നബിയില്‍ വിശ്വസിച്ചിട്ടല്ല മരിച്ചത്. വിശ്വാസം, സന്മാര്‍ഗം എന്നതൊക്കെ കൃത്രിമമായി ഉണ്ടാക്കാന്‍ കഴിയുന്നതല്ല എന്നു വ്യക്തം. സന്മനസ്സും സത്യാന്വേഷണവുമുള്ളവര്‍ക്ക് ലഭിക്കുന്ന ഭാഗ്യമാണത്.

ഒരാള്‍ പ്രവാചകനെ അംഗീകരിച്ചിട്ടില്ല എന്നതോ, അദ്ദേഹത്തെ നിന്ദിക്കുന്നു എന്നതോ വിശ്വാസികളെ സംബന്ധിച്ച് വൈകാരികമാവേണ്ട വിഷയമല്ല. മുസ്‌ലിംകളെ പരമാവധി പ്രകോപിപ്പിച്ചും ദുര്‍ബല ഹൃദയരെയും അവിവേകികളെയും അക്രമംചെയ്യാന്‍ പ്രേരിപ്പിച്ചും മുതലെടുക്കുന്നവരെ നാം തിരിച്ചറിയണം. ഒന്നുറപ്പാണ്, ഇസ്‌ലാമിക നിയമസംഹിതകളെയും പ്രവാചക ജീവിതത്തെയും വിശുദ്ധ ക്വുര്‍ആനിന്റെ അധ്യാപനങ്ങളെയും അവയുടെ യഥാര്‍ഥ സ്രോതസ്സുകളില്‍നിന്ന് വീക്ഷിക്കുന്ന ഒരാള്‍ക്കും ഇസ്‌ലാമില്‍ അപമാനവികമായി ഒന്നും കണ്ടെത്താന്‍ കഴിയില്ല. കാരണം അത് ദൈവികമാണ്. എന്നാല്‍ പ്രമാണബദ്ധമല്ലാതെ ഇസ്‌ലാമിനെ ഉള്‍ക്കൊണ്ടവരുടെ ചെയ്തികളും ദുരാചാരങ്ങളും ഇസ്‌ലാമിനെ തെറ്റിദ്ധരിക്കാനും ആക്ഷേപിക്കാനും കാരണമാവും. അതാണ് മുമ്പേ സൂചിപ്പിച്ചപോലെയുള്ള സംഭവങ്ങളില്‍ പ്രകടമാവുന്നത്. അതിന്ന് മതം ഉത്തരവാദിയുമല്ല. തീപ്പന്തവും ഏറുകല്ലുകളും മുഴുത്തമുഷ്ടികളും ഇസ്‌ലാം നിലനിര്‍ത്താനും പ്രചരിപ്പിക്കാനും ആവശ്യമില്ല. ന്യായവും സത്യസന്ധമായ നിലപാടുംകൊണ്ടാണ് നിലനില്‍ക്കേണ്ടതും നിലനിര്‍ത്തേണ്ടതും. കുരങ്ങിന് ഏണിവച്ചുകൊടുക്കുന്ന വിധത്തിലുള്ള മതാവേശം എല്ലാവര്‍ക്കും നാശമേ വരുത്തിവയ്ക്കുകയുള്ളൂ.