ഞെട്ടിത്തെറിക്കാതെ...

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2020 നവംബര്‍ 14 1442 റബിഉല്‍ അവ്വല്‍ 27

'ഞെട്ടിത്തരിച്ചുപോയി' എന്ന് കേള്‍ക്കുമ്പോള്‍ പണ്ടൊക്കെ ഒന്ന് പ്രത്യേകം ശ്രദ്ധിക്കാറുണ്ടായിരുന്നു. കാരണം ഞെട്ടേണ്ട കാര്യങ്ങള്‍ അപൂര്‍വമായേ അന്ന് ഉണ്ടാകാറുള്ളൂ. എന്നാല്‍ ഇന്ന് അങ്ങനെയല്ല. എല്ലാ ദിവസവും ഞെട്ടേണ്ട കാര്യങ്ങളേ കേള്‍ക്കുന്നുള്ളൂ! ഒരു ഞെട്ടലിന്റെ വിറയല്‍ മാറുന്നതിന്നുമുമ്പ് പിന്നെയും പിന്നെയും ഞെട്ടേണ്ടിവരുന്നു! നിഗമനങ്ങളും കണക്കുകൂട്ടലുകളും സമവാക്യങ്ങളും ഏതുനിമിഷവും മാറിക്കൊണ്ടേയിരിക്കുകയാണ്. രാഷ്ട്രീയ, മത രംഗങ്ങളിലെ പുതിയപുതിയ വാദങ്ങളും കൂട്ടിക്കിഴിക്കലുകളും കാണുമ്പോള്‍ ഞെട്ടാന്‍ പോലും നേരമില്ലാതെ സ്തംഭിച്ചുപോകുന്നു!

സ്ഥായിയാണെന്ന് വിചാരിച്ചിരുന്ന മത-രാഷ്ട്രീയ ധര്‍മങ്ങള്‍ ഒരു കൂസലുമില്ലാതെ ലംഘിക്കപ്പെടുന്നു. സുരക്ഷിതമെന്ന് കരുതപ്പെട്ടിരുന്ന ഭരണഘടനാവകാശങ്ങളും നീതിലഭ്യതയും പച്ചയായി വലിച്ചുകീറപ്പെടുന്നു. 'അവിഹിതബന്ധം,' 'സത്യം വ്യഭിചരിക്കപ്പെടുക' എന്നിങ്ങനെയുള്ള മലയാള പ്രയോഗങ്ങള്‍ക്ക് ഒരു കാലത്ത് മാനവികമായ സനാതന മൂല്യങ്ങളുടെ പിന്‍ബലമുണ്ടായിരുന്നു. എന്നാല്‍ 'ഉഭയകക്ഷി സമ്മത'ത്തോടെയുള്ള ലൈംഗികവേഴ്ച നിയമവിരുദ്ധമല്ലാതായതോടെ പിന്നെ അവിഹിതം, വ്യഭിചാരം എന്ന പ്രയോഗത്തിന്നു എന്ത് പ്രസക്തിയാണ്? എല്ലാം ഹിതവും ആചാരവുമായി മാറി! ഈ 'തലതിരിഞ്ഞ നൈതികത'യാണ് എല്ലാ രംഗങ്ങളിലും കാണപ്പെടുന്നത്.

നബി ﷺ യുടെ ഒരു പ്രവചനം കാണുക: ''...നാശങ്ങള്‍ വരാനിരിക്കുന്നുണ്ട്. രാവിലെത്തെ വിശ്വാസി വൈകുന്നേരം അവിശ്വാസിയായി മാറും. വൈകുന്നേരത്തെ വിശ്വാസി രാവിലെ അവിശ്വാസിയായി മാറിയിട്ടുണ്ടാവും. തുഛമായ ഭൗതിക താല്‍പര്യങ്ങള്‍ക്കു വേണ്ടി തന്റെ മതത്തെ അവന്‍ വില്‍പന നടത്തിക്കൊണ്ടിരിക്കും'' (മുസ്‌ലിം).

സത്യവും ധര്‍മവും മാറ്റിവെച്ച് താല്‍ക്കാലിക നേട്ടങ്ങളെ കയ്യിലൊതുക്കുന്നതിനെപ്പറ്റിയാണ് നബി ﷺ താക്കീതു ചെയ്യുന്നത്. ഇന്നലെകളിലെ ഹറാമും ശിര്‍ക്കും കുഫ്‌റും ഇന്ന് ഹലാലും അനിവാര്യതയുമായും, മറിച്ചും മാറിക്കൊണ്ടിരിക്കുന്ന അവസ്ഥ മതരംഗങ്ങളില്‍ പോലും നാശം വിതക്കുമെങ്കില്‍, മതത്തിന്നും വേദത്തിന്നും പ്രസക്തിയില്ലാത്ത ഭൗതിക-രാഷ്ട്രീയ മേഖലകളില്‍ സമവാക്യങ്ങള്‍ പരിഹാസ്യമാം വിധം മാറിക്കൊണ്ടിരിക്കുന്നതില്‍ ഞെട്ടാനൊന്നുമില്ല.

ഊക്കും അധികാരവുമുണ്ടായാല്‍ ഏത് സത്യ, നൈതിക ധര്‍മങ്ങളെയും തട്ടിമാറ്റി തല്‍ക്കാലം താല്‍പര്യങ്ങള്‍ നിലനിര്‍ത്താനായേക്കും. നീണ്ടനാവും കുറച്ചു കൗശലവുമുണ്ടായാല്‍ ഏതു പഞ്ഞിക്കെട്ടിനെയും സ്വര്‍ണക്കട്ടികളാക്കി ചിത്രീകരിക്കാനും പറ്റിയേക്കും. താല്‍ക്കാലിക നേട്ടങ്ങളില്‍ അഭിരമിച്ചും ഭവിഷ്യത്തുകളെപ്പറ്റി ആലോചിക്കാതെയും എന്തു കൈകാര്യം ചെയ്താലും പിന്നീട് ഖേദിക്കേണ്ടിവരുമെന്ന ചരിത്രപാഠം ഓര്‍ക്കുന്നത് എല്ലാവര്‍ക്കും നല്ലതാണ്.

മതരംഗമാവട്ടെ, രാഷ്ട്രീയരംഗമാവട്ടെ സമൂഹം ഇടപെടുന്ന ഏത് മേഖലയിലും കൃത്യമായ നിലപാടും സത്യധര്‍മങ്ങളോടുള്ള പ്രതിബദ്ധതയും സൂക്ഷിക്കുകയാണ് നിലനില്‍പിന്നു നല്ലത്. കലുഷിതമായ അന്തരീക്ഷത്തില്‍ പ്രത്യേകിച്ചും നാമതു ശ്രദ്ധിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒരു തെരഞ്ഞെടുപ്പിന്റെ വക്കിലാണ് ഇപ്പോള്‍ നാട്. ലോക്ഡൗണിന്റെ ശാന്തതമാറി, നാടും മനസ്സും ഇളകുന്ന നാളുകളാണ് മുന്നില്‍. അന്ധമായ രാഷ്ട്രീയ തരംഗങ്ങളല്ല, നീതിയും സത്യവും സേവന മനസ്സുമുള്ള വ്യക്തികളാണ് ഈ സന്ദര്‍ഭത്തിലെ ഏറ്റവും വലിയ നൈതികത. ഈ സദ്ഗുണങ്ങളാവട്ടെ വ്യക്തിനിഷ്ഠമാണുതാനും.

ഈജിപ്ത്യന്‍ സാഹിത്യകാരനായ മുസ്തഫ ലുത്വ്ഫി പറയുന്ന ഒരു കഥയുടെ സാരം ഇതാണ്: പരസ്പരം പോരടിക്കുന്ന രണ്ടു കക്ഷികള്‍ക്കുവേണ്ടി അങ്ങാടിയില്‍ രണ്ടുപേര്‍ രൂക്ഷമായി ഏറ്റുമുട്ടുന്നു. അണികള്‍ ചേരിതിരിഞ്ഞ് ഇരുവരെയും പ്രോത്സാഹിപ്പിക്കുന്നു. അവസാനം രണ്ടുപേരും അവശരായി പിരിഞ്ഞുപോകുന്നു. അണികളും അവരുടെ വഴിക്ക് പോയി. എന്നാല്‍ ആ രണ്ടുപേരും ചെന്നുകയറുന്നത് ഒരേ കുടിലിലേക്കാണ്. പിന്നീട് ഒരു ഉമ്മ വിളമ്പിക്കൊടുക്കുന്ന ഭക്ഷണം രണ്ടുപേരും ഒരേ പാത്രത്തില്‍ നിന്നു വാരിത്തിന്നുന്നു. പിന്നീട് ഇരുവരും ഒരു പായയുടെ രണ്ടറ്റങ്ങളില്‍ അവശരായി കിടന്നുറങ്ങുന്നു. ഒരു ഉമ്മയുടെ മക്കള്‍ അങ്ങാടിയില്‍ ആര്‍ക്കോവേണ്ടി ഏറ്റുമുട്ടിയതായിരുന്നു!

ഇതാവരുത് ആരുടെയും രാഷ്ട്രീയം. ഇങ്ങനെയാവരുത് സാമൂഹ്യബന്ധം.