രോഗലക്ഷണം തിരിച്ചറിയുക

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2020 ഡിസംബര്‍ 12 1442 റബീഉല്‍ ആഖിര്‍ 27

ചൂടും തണുപ്പും ഇടയ്ക്കിടയ്ക്ക് മഴയും മാറിവരുന്ന ഈ കാലാവസ്ഥയില്‍ കഫക്കെട്ടും തുമ്മലും പനിയും സാധാരണ വരാറുള്ളതാണ്. കാലാവസ്ഥാജന്യമായ രോഗങ്ങളെപ്പറ്റി എല്ലാകാലത്തും നമ്മുടെ ആരോഗ്യവകുപ്പ് അപ്പപ്പോള്‍ ഉണര്‍ത്താറുമുണ്ട്. എന്നാല്‍ കോവിഡ് കാലം വന്നതോടെ ഇപ്പറഞ്ഞ സാധാരണ ജലദോഷം പോലും പേടിയോടെയാണ് നാം നോക്കിക്കാണുന്നത്. രോഗലക്ഷണങ്ങള്‍ക്കു നേരെയുള്ള ഈ ജാഗ്രത എന്തായിരുന്നാലും നല്ലതുതന്നെ.

വേറെയും ചില രോഗലക്ഷണങ്ങളെപ്പറ്റി ജാഗ്രത പുലര്‍ത്താന്‍ ഈ അനുഭവത്തില്‍നിന്ന് നാം പാഠം പഠിക്കണം. ചിന്തിക്കുന്നവര്‍ക്ക് നല്ലൊരു പരീക്ഷണം തന്നെയാണ് കോവിഡ്. ഒരു കാര്യവും മനുഷ്യന്റെ നിയന്ത്രണത്തിലല്ല എന്ന് ബോധ്യപ്പെട്ട കാലമാണിത്. ഇത്രയൊക്കെയായിട്ടും സര്‍വനിയന്താവായ റബ്ബിലേക്ക് കൂടുതലൊന്ന് അടുക്കണം എന്ന വിചാരം നമുക്ക് വന്നിട്ടുണ്ടോ? കോവിഡ് ഭീതിയെ വകഞ്ഞുമാറ്റി അങ്ങാടികളും കളിക്കളങ്ങളും ജിമ്മുകളും വിനോദകേന്ദ്രങ്ങളും സജീവമായിക്കൊണ്ടിരിക്കുന്നു. പള്ളിയില്‍ മാത്രമാണിപ്പോള്‍ കോവിഡു ഭയം ബാക്കി നില്‍ക്കുന്നത്. ദിവസം പത്തുനേരം അങ്ങാടിയില്‍ ചെന്ന് ആവശ്യം നിറവേറ്റുന്നവര്‍ അഞ്ചുനേരം പള്ളിയില്‍ വരാതിരിക്കാന്‍ കോവിഡാണ് മുഖ്യപ്രതി.

മതകാര്യത്തിലും നമ്മില്‍ ചില ലക്ഷണങ്ങള്‍ കാണുമ്പോള്‍ ഒന്നു ടെസ്റ്റ് ചെയ്യാന്‍ നാം സ്വയം തയ്യാറാവണം. മുന്‍ഗാമികളായ സ്വഹാബിമാര്‍ അരുതാത്ത ചില ചെറിയ ലക്ഷണങ്ങള്‍ കാണുമ്പോള്‍ സ്വയം പരിശോധിക്കാറുണ്ടായിരുന്നുവത്രെ. ഈമാനിന്റെ ദൗര്‍ബല്യം, കാപട്യം തുടങ്ങിയ രോഗലക്ഷണങ്ങള്‍ക്കായിരുന്നു അവര്‍ പ്രത്യേക പരിഗണന നല്‍കിയിരുന്നത്.

അബൂബക്കര്‍ സ്വിദ്ദീക്വും(റ) ഹന്‍ദലത്തും(റ) ഒരിക്കല്‍ നബി ﷺ യുടെ അടുത്തുചെന്ന് ഞങ്ങളിരുവര്‍ക്കും കാപട്യത്തിന്റെ ലക്ഷണങ്ങളുണ്ടോ എന്ന് ചോദിച്ചതായി മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവത്തില്‍ കാണാം. നബി ﷺ യുടെ രഹസ്യ സൂക്ഷിപ്പുകാരന്‍ എന്ന അപരനാമത്തിന്റെ ഉടമയായ ഹുദൈഫ(റ)യോട് ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ) ചോദിച്ചു: 'കപട വിശ്വാസികളെ നബി ﷺ  താങ്കള്‍ക്ക് എണ്ണിപ്പറഞ്ഞു തന്നപ്പോള്‍ അക്കൂട്ടത്തില്‍ എന്റെ പേരുണ്ടോ?' മുപ്പതിലധികം സ്വഹാബിമാര്‍, തങ്ങളില്‍ കാപട്യമുണ്ടോ എന്ന് ഭയപ്പെട്ടിരുന്നതായി എനിക്കറിയാം എന്ന് അബൂമുലൈക(റ) പറഞ്ഞതായി ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്.

ഇത്തരം സംഭവങ്ങള്‍ നമുക്കു നല്‍കുന്ന പാഠമെന്താണ്? അവര്‍ നിത്യവും ആത്മപരിശോധന നടത്താറുണ്ടായിരുന്നു. തങ്ങളുടെ വിശ്വാസവിശുദ്ധിക്ക് എന്തെങ്കിലും കളങ്കമേല്‍ക്കുന്നുണ്ടോ എന്ന് സദാ അവരെല്ലാം ശ്രദ്ധിക്കാറുണ്ടായിരുന്നു. തങ്ങള്‍ എപ്പോഴും തിന്മയിലേക്ക് ആപതിക്കാന്‍ സാധ്യതയുണ്ടെന്ന ബോധം അവരെ അലട്ടിയിരുന്നു. ആത്മവിശുദ്ധി നിലനിര്‍ത്താന്‍ അവര്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. ഇതായിരുന്നു മഹാന്മാരായ പൂര്‍വികരുടെ അവസ്ഥ.

ക്ഷണികമായ ഇഹലോകജീവിതത്തില്‍ ആരോഗ്യം നിലനിര്‍ത്താന്‍ വേണ്ടി ചെറിയ ഒരു രോഗലക്ഷണത്തെപ്പോലും നാം ഏറെ ഭയപ്പെടാറുണ്ട്. അത് ആവശ്യവുമാണ്. എന്നാല്‍ ശാശ്വതമായ പരലോക വിജയം ഉറപ്പിക്കാന്‍ വേണ്ടി, അതിന്ന് വിഘാതമാവുന്ന വിശ്വാസപരവും സ്വഭാവപരവുമായ രോഗലക്ഷണങ്ങളെയും തിരിച്ചറിഞ്ഞ് ചികിത്സിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ദുരിതങ്ങളും ദുരനുഭവങ്ങളും എത്രമുന്നില്‍ കണ്ടാലും പുനരാലോചിക്കാനോ വിനയപ്പെടാനോ തോന്നാത്തവരെപ്പറ്റി ക്വുര്‍ആന്‍ താക്കീതുനല്‍കുന്നതിങ്ങനെയാണ്:

''നിനക്കു മുമ്പ് നാം പല സമൂഹങ്ങളിലേക്കും (ദൂതന്‍മാരെ) അയച്ചിട്ടുണ്ട്. അനന്തരം അവരെ (ആ സമൂഹങ്ങളെ) കഷ്ടപ്പാടും ദുരിതവും കൊണ്ട്നാം പിടികൂടി; അവര്‍ വിനയശീലരായിത്തീരുവാന്‍ വേണ്ടി'' (6:42).

''അങ്ങനെ അവര്‍ക്ക് നമ്മുടെ ശിക്ഷ വന്നെത്തിയപ്പോള്‍ അവരെന്താണ് താഴ്മയുള്ളവരാകാതിരുന്നത്? എന്നാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയാണുണ്ടായത്. അവര്‍ ചെയ്തുകൊണ്ടിരുന്നത് പിശാച് അവര്‍ക്ക് ഭംഗിയായി തോന്നിക്കുകയും ചെയ്തു''(6:43).

ദുരിത കാലങ്ങള്‍, അത് വ്യക്തിക്കായാലും സമൂഹത്തിന്ന് മൊത്തമായാലും സ്വയം പിന്‍മാറാനും ഭയപ്പെട്ടു നിശ്ചലമായിരിക്കാനും ദുഃഖിച്ച് ദുര്‍ബലരാകാനുമുള്ളതല്ല. മറിച്ച് വിശ്വാസികള്‍ അവയെ അതിജീവിക്കണം. പ്രാര്‍ഥനകളും പ്രകീര്‍ത്തനങ്ങളും വര്‍ധിപ്പിക്കുക, ആരാധനാകര്‍മങ്ങളില്‍ കുടുതല്‍ നിഷ്ഠപാലിക്കുക, ജനോപകാരപ്രദമായ സേവനങ്ങളില്‍ പൂര്‍വാധികം മുഴുകുക എന്നിവയാണ് അതിജീവനമാര്‍ഗം. അല്ലാതെ ചുളുവില്‍ ഒഴിഞ്ഞുമാറുകയല്ല പരിഹാരം.