കുരങ്ങും കുരുവിയും

-സി.

2020 ആഗസ്ത് 15 1441 ദുല്‍ഹിജ്ജ 25

നാം ചരിത്രം സൃഷ്ടിക്കുന്നില്ലെങ്കില്‍ ചരിത്രം നമ്മെ സൃഷ്ടിക്കുമെന്നത് ഒരു പ്രാപഞ്ചികയാഥാര്‍ഥ്യമാണ്. ചരിത്രം സ്വയം സൃഷ്ടിക്കാത്ത പൂര്‍വിക സമൂഹങ്ങളുടെ ചരിത്രം മറ്റുള്ളവര്‍ അവരവരുടെ കാഴ്ചപ്പാടുകളനുസരിച്ച് മെനഞ്ഞുണ്ടാക്കി. എന്നാല്‍ സ്വന്തം ചരിത്രം സൃഷ്ടിച്ചവര്‍ക്ക് എന്നും കാലത്തെ അതിജീവിച്ചു നിലനില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അജ്ഞതാന്ധകാരകാലത്തെ വകഞ്ഞുമാറ്റി മുന്നേറാന്‍ മുസ്‌ലിം പൂര്‍വികര്‍ ശ്രമിച്ചപ്പോള്‍ അതിനെ തടുക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അതുകൊണ്ടാണ് ശാസ്ത്ര, സാങ്കേതിക മുന്നേറ്റങ്ങളില്‍ തമസ്‌കരിക്കപ്പെടാനാകാതെ മുസ്‌ലിം നാമങ്ങളും സംജ്ഞകളും ഇന്നും നിലനില്‍ക്കുന്നത്. കൊറോണ വൈറസിന്റെ അപ്രതീക്ഷിതമായ കടന്നുകയറ്റം പൊടുന്നനെ ലോകത്തെത്തന്നെ സ്തംഭിപ്പിച്ചപ്പോള്‍, പ്രവാചക പാഠങ്ങളുടെ പ്രസക്തിയെ ലോകാരോഗ്യസംഘടനയിലെ ബൂദ്ധിജീവികളടക്കം ചര്‍ച്ചക്കെടുത്തത് ചരിത്രത്തെ ആര്‍ക്കും മണ്ണിട്ടുമൂടാന്‍ പറ്റില്ല എന്നതിന്റെ തെളിവാണ്.

മാനവികതയെ നേര്‍വഴിയിലേക്കു നയിച്ച നബിമാരുടെ മാര്‍ഗദര്‍ശനവും പ്രമാണബദ്ധമായ ജീവിത നിലപാടും നേടാന്‍ കഴിയാതെ, അന്ധവിശ്വാസങ്ങളുടെ ജീര്‍ണിച്ചദുര്‍ഗന്ധം വമിക്കുന്ന ആശയങ്ങള്‍ കൈവിടാത്തവര്‍ കഴിഞ്ഞകാല ചരിത്രങ്ങളുടെ പൊന്‍തൂവലുകള്‍ മോഷ്ടിക്കാനും, അന്യരുടെ ചരിത്രങ്ങള്‍ അവകാശപ്പെടാനും, ചരിത്രം സൃഷ്ടിച്ചവരെ തമസ്‌കരിക്കാനും എമ്പാടും ശ്രമം നടത്തികൊണ്ടിരിക്കുന്നുണ്ടിവിടെ.

മാനവിക നവോത്ഥാനങ്ങളുടെ ഉറവിടങ്ങളും ഇന്ത്യാരാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രങ്ങളും രാജ്യം ഇതുവരെ ഉയര്‍ത്തിപ്പിടിച്ചുപോന്ന ജനാധിപത്യ, മതേതര ഘടനാചരിത്രവുമടക്കമുള്ളവയുടെ ഗതിമാറ്റാന്‍ ശുഢമായ തന്ത്രങ്ങള്‍ നടക്കുന്നു. അധികാരവും പൗരോഹിത്യജീര്‍ണതകളുടെ പുനഃസ്ഥാപനവുമാണ് ഇതിന്റെയൊക്കെ ലക്ഷ്യം എന്ന് നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്ക് ബോധ്യമാണ്. ഇവിടെ ആര്‍ക്കും ആരെയും തടുക്കാന്‍ കഴിയില്ലെങ്കിലും നന്മപുലരണം എന്നാഗ്രഹിക്കുന്നവര്‍ക്ക് ചില ബാധ്യതകളുണ്ട്. നവോത്ഥാനത്തിന്റെ ചരിത്രം അട്ടിമറിക്കുക എന്നതിന്റെയര്‍ഥം നവോത്ഥാനത്തിന്ന് നിമിത്തമായ ആശയങ്ങളെ കുഴിച്ചുമൂടുക എന്നാണ്. അപ്രകാരം ഇന്ത്യാരാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തെയും മതേതര-ജനാധിപത്യ വളര്‍ച്ചയുടെ നാള്‍വഴികളെയും വക്രീകരിക്കുക എന്നാല്‍ വസ്തുതകളെയും സത്യത്തെയും ചിതയിലിട്ട് തീകൊടുക്കുക എന്നാണ്. വേരുമുറിഞ്ഞ വൃക്ഷംപോലെ രാജ്യത്തിന്റെ പൈതൃകം ഇതുമൂലം ഉണങ്ങി നശിച്ചുപോകുമെന്ന് നാം ഭയപ്പെടണം.

ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം തന്റെ 'ഹിദായത്തു ല്‍ അദ്കിയാ'യില്‍ ഒരു ഉപമ പറയുന്നുണ്ട്. 'സ്വന്തമായി വീടുവെക്കാതെ മരക്കൊമ്പില്‍ ചാടിച്ചാടി കാലംകഴിക്കുന്ന കുരങ്ങ് തോരാതെ മഴ പെയ്യുമ്പോള്‍,സ്വയം കൂടുകെട്ടി ആ കൂട്ടില്‍ സുഖമായി കയറിയിരിക്കുന്ന കുരുവിയുടെ കൂട് മാന്തിപ്പൊളിക്കുമെന്ന്.' ഇതാണ് ഇപ്പോള്‍ നവോത്ഥാനത്തിനോടും ചരിത്രത്തിനോടും പലരും ചെയ്യുന്ന വേലകള്‍.

ഇവിടെ പ്രത്യേകമായി ഒരു കാര്യം സൂചിപ്പിക്കുകയാണ്. ഇന്ത്യാരാജ്യത്തെ മുസ്‌ലിം സംഭാവനകള്‍, സ്വാതന്ത്ര്യ സമരത്തിലും രാഷ്ട്രപുനര്‍നിര്‍മാണത്തിലും അവര്‍ വഹിച്ച പങ്ക്, കേരളത്തിലെ മുസ്‌ലിം സാന്നിധ്യം, നവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യസമരങ്ങളുടെയും വസ്തുതകള്‍ എന്നിവ വരുംതലമുറയുടെ കണ്ണിലും കാതിലുമെത്താതിരിക്കാന്‍ വലിയ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിനാല്‍ ഏതൊരു സമൂഹത്തിന്റെയും സത്യസന്ധമായ ചരിത്രം അതത് സമൂഹംതന്നെ സൂക്ഷിക്കണം. അടുത്ത തലമുറക്ക് കൈമാറണം. പഠിപ്പിക്കപ്പെടണം. ലഭ്യമായ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തപ്പെടണം. തങ്ങള്‍ ഈ രാജ്യത്തില്‍ അവകാശമുള്ളവരാണെന്നും തങ്ങളുടെയും സാംസ്‌കാരിക സംഭാവനകള്‍ ഇവിടെയുണ്ടെന്നും കൃത്യമായ അറിവും ബോധ്യവുമുള്ളവരായിരിക്കണം വരും തലമുറ. അല്ലെങ്കില്‍ അവര്‍ക്ക് അപകര്‍ഷതയാല്‍ തലയുയര്‍ത്താനാവില്ല.