മൂന്നുചെവി

-സി.

2020 സെപ്തംബര്‍ 05 1442 മുഹര്‍റം 17

സ്വന്തമായ താല്‍പര്യങ്ങളും നിവൃത്തിച്ചുകിട്ടേണ്ട ആഗ്രഹങ്ങളും എല്ലാവര്‍ക്കുമുണ്ടായിരിക്കും. 'കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്' എന്ന പഴമൊഴി പോലെ തന്റെ താല്‍പര്യങ്ങള്‍ നേടാന്‍ ന്യായമുണ്ടാക്കുക ഏതൊരു മനുഷ്യന്റെയും സ്വഭാവമാണ്. ഇത്തരം സന്ദര്‍ഭങ്ങളിലാണ് തര്‍ക്കങ്ങളും ബന്ധങ്ങളില്‍ ഉലച്ചിലുമുണ്ടാകുന്നത്. 'ഞാന്‍ പിടിച്ച മുയലിന്ന് മൂന്നു ചെവിയുണ്ടെന്ന്' വാശിപിടിക്കുന്ന സംഭവങ്ങള്‍ സാമൂഹ്യജീവിതത്തില്‍ സാധാരണ കാണാം.

വിവേകത്തോടെ കൈകാര്യം ചെയ്താല്‍ ഒരു നല്ലവാക്കുകൊണ്ട് പരിഹരിക്കാവുന്നതേയുണ്ടാവുകയുള്ളു സമൂഹത്തിലെ ചില പ്രശ്‌നങ്ങള്‍. ഹിജ്‌റ ആറാം വര്‍ഷം നബി ﷺ യും സ്വഹാബികളും ഉംറക്കു പുറപ്പെട്ടു. ഉഹ്ദില്‍ രക്തസാക്ഷിയായ ഹംസതുബ്‌നു അബ്ദുല്‍ മുത്ത്വലിബിന്റെ മകള്‍ ഉമാമത്ത് (അമ്മാറ എന്നും വിളിക്കാറുണ്ട്) ഈ സംഘത്തോടൊപ്പമുണ്ടായിരുന്നു. ഈ അനാഥബാലികയെ യാത്രയില്‍ സംരക്ഷിക്കാന്‍ വേണ്ടി പിതൃവ്യപുത്രനായ അലി(റ) കൈപിടിച്ചു ഭാര്യ ഫാത്വിമ(റ)യുടെ പക്കല്‍കൊടുത്തു. ഇതു കണ്ടപ്പോള്‍ സൈദ്(റ) പറഞ്ഞു: 'അല്ല, ഞാനാണ് കുട്ടിയെ കൂടെക്കൂട്ടുന്നത്. ഹംസ(റ) മരിക്കുന്നതിന്നു മുമ്പ് എന്നെ സംരക്ഷണച്ചുമതല ഏല്‍പിച്ചിരുന്നു. എന്നെയും ഹംസയെയും നബി ﷺ മിത്രജോഡികളായി പ്രഖ്യാപിച്ചിട്ടുണ്ട്.' ഇതു കേട്ട് ജഅ്ഫറുബ്‌നു അബീത്വാലിബ് വന്നു പറഞ്ഞു: 'ഉമാമത്ത് എന്റെ ഭാര്യ അസ്മയുടെ സഹോദരിയായ സല്‍മയുടെ പുത്രിയും എന്റെ പിതൃവ്യപുത്രിയും കൂടിയാണ്.' തര്‍ക്കമായി; നബി ﷺ ഇടപെട്ടു. ഉമാമത്തിനെ ജഅ്ഫറിന്റെ ഭാര്യ അസ്മ സംരക്ഷിക്കട്ടെ. അസ്മ കുട്ടിയുടെ ഇളയുമ്മകൂടിയാണല്ലോ. ഉമ്മയുടെ സ്ഥാനത്താണ് ഇളയുമ്മ. ഇതുകേട്ട് മറ്റു രണ്ടുപേരുടെയും മുഖഭാവം മാറി. നബി ﷺ പറഞ്ഞു: 'അലീ! നീ എന്റെതും ഞാന്‍ നിന്റെതുമാണ്. ജഅ്ഫര്‍! എന്റെ രൂപത്തിലും സ്വഭാവത്തിലും സാദൃശ്യത്തിലുമുള്ളവനാണ് നിങ്ങള്‍. സൈദ്! താങ്കള്‍ എന്റെ സഹോദരനും ഉറ്റബന്ധുവുമാണ്.' ഇതുകേട്ടപ്പോള്‍ എല്ലാവരുടെയും മുഖം തെളിഞ്ഞു. പ്രശ്‌നം പരിഹരിച്ചു. മഹിത സ്വഭാവത്തിന്റെ ഉടമകളായ ഈ മൂന്ന് സ്വഹാബിമാര്‍ സ്വാര്‍ഥരായിരുന്നില്ല. സദുദ്ദേശ്യത്തോടെയുള്ള ഒരു തര്‍ക്കമുണ്ടായി, ന്യായപ്രകാരമുള്ള നബി ﷺ യുടെ തീര്‍പ്പും നല്ലവാക്കും പ്രശ്‌നം പരിഹരിച്ചു. അവര്‍ യാത്ര തുടര്‍ന്നു.

ഹിജ്‌റ ഒമ്പതാം വര്‍ഷം ഹുനൈന്‍ യുദ്ധം കഴിഞ്ഞു നബി ﷺ യും അനുയായികളും മദീനയിലേക്കു മടങ്ങുന്ന വഴിയില്‍ ജഅ്‌റാനയില്‍ കുറച്ചുദിവസം തങ്ങി. അവിടെവച്ച് യുദ്ധാര്‍ജിത മുതലുകള്‍ സൈന്യങ്ങള്‍ക്ക് വീതിച്ചുകൊടുത്തു. ക്വുറൈശി പ്രമുഖരായ ചിലര്‍ക്കാണ് ഈ മുതലില്‍ വലിയ ഓഹരി നബി ﷺ കൊടുത്തത്. മദീനക്കാരായ അന്‍സ്വാറുകള്‍ക്ക് വളരെ തുഛമായത് മാത്രം കൊടുത്തപ്പോള്‍ അവര്‍ നീരസം പ്രകടിപ്പിച്ചു. ഇത് മനസ്സിലാക്കിയ നബി ﷺ പറഞ്ഞു: 'അവര്‍ ആടുകളെയും ഒട്ടകങ്ങളെയും കൊണ്ട് അവരുടെ നാടുകളിലേക്ക് മടങ്ങുന്നു. നിങ്ങള്‍ നബി ﷺ യെയും കൊണ്ട് മദീനയിലേക്ക് മടങ്ങുന്നു. പോരേ?' ഇതുകേട്ട് അന്‍സ്വാറുകള്‍ പൂര്‍ണ സംതൃപ്തരായി. സന്തോഷംകൊണ്ട് അന്നേരം അവരുടെ താടിരോമങ്ങളില്‍ കൂടി കണ്ണുനീര്‍ ഇറ്റിവീഴുന്നുണ്ടായിരുന്നു!

ഇതാണ് പ്രശ്‌ന പരിഹാരത്തിന് നബി ﷺ യുടെ മാതൃക. മാനസിക പിരിമുറുക്കങ്ങളും വെളിപ്പെടുത്താന്‍ മടിക്കുന്ന മനഃസംഘര്‍ഷങ്ങളും എല്ലാവര്‍ക്കുമുണ്ടാവും. ഇതുമൂലം സഹിക്കാനും ക്ഷമിക്കാനും കഴിയാതെ ദുര്‍ബലാവസ്ഥയിലാവുമ്പോള്‍ വാശിയും വടംവലിയും കക്ഷിത്വവും രൂക്ഷത പ്രാപിക്കാനിടവരുന്നു. കൂട്ടുകുടുംബങ്ങളിലും സൗഹാര്‍ദ ബന്ധങ്ങളിലും പൊതുസമൂഹത്തിലും ജീവിക്കുമ്പോള്‍ നല്ല വാക്കുകള്‍ പറയുവാനും പരിഹാരത്തിന്നു സഹായകമായ സമീപനം സ്വീകരിക്കുവാനും നാം ബാധ്യസ്ഥരാണ്. ഒരു സ്വഹാബി നബി ﷺ യോട് ഒരു ഉപദേശം തന്നാലും എന്ന് ആവശ്യപ്പെട്ട് വന്നപ്പോള്‍ 'നീ കോപിക്കാതിരുന്നാല്‍ മതി' എന്നു പറഞ്ഞ സംഭവം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്.

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ശരിയായ വാക്ക് പറയുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കിത്തരികയും നിങ്ങളുടെ പാപങ്ങള്‍ അവന്‍ പൊറുത്തുതരികയും ചെയ്യും...'' (ക്വുര്‍ആന്‍ 33:70,71).