പുഷ്പുള്‍

-സി.

2020 ആഗസ്ത് 08 1441 ദുല്‍ഹിജ്ജ 18

മുന്നിലും പിന്നിലൂം എഞ്ചിനുകള്‍ ഘടിപ്പിച്ച വണ്ടിപോലെയാണ് പരദൂഷണങ്ങള്‍. അതിന്ന് അസാധാരണ വേഗതയുണ്ടായിരിക്കും. എന്നാല്‍ നല്ലകാര്യങ്ങള്‍ മെല്ലെ മാത്രമെ പ്രചരിക്കുകയുള്ളൂ. സോഷ്യല്‍ മീഡിയക്ക് അമിത പ്രാധാന്യവും സ്വാധീനവും വന്നിട്ടുള്ള കാലത്താണ് നാമുള്ളത്. വല്ലപ്പോഴും ഒരു ഗെയിം കാണാനെങ്കിലും ഫോണെടുത്തിരുന്ന കുട്ടികളെ വിലക്കിയിരുന്ന നമുക്ക് ഇന്ന് നഴ്‌സറിക്കുട്ടിയെ പോലും ഫോണും കമ്പ്യൂട്ടറും നിര്‍ബന്ധിച്ച് എടുപ്പിക്കേണ്ടിവന്നിരിക്കുന്നു! നല്ലകാര്യങ്ങള്‍ പഠിക്കാനും പകര്‍ത്താനുമാണെന്ന് നമുക്ക് പറഞ്ഞു സമാധാനിക്കാമെങ്കിലും, തടുക്കാനാവാത്ത തിന്മയുടെ കവാടവും കൂടിയാണിവിടെ മലര്‍ക്കെ തുറക്കപ്പെട്ടിരിക്കുന്നതെന്ന് നാം വിസ്മരിക്കരുത്.

ഇതോടൊപ്പംതന്നെ, മതവും ധര്‍മവും നിഷ്ഠയും പാലിക്കുന്നവരെ പോലും അപകടപ്പെടുത്തുന്ന ഇടങ്ങളിലേക്ക് മീഡിയകള്‍ നാമറിയാതെ നമ്മെ എത്തിക്കുന്നത് ഭയപ്പെടണം. അപരന്ന് ഇഷ്ടമില്ലാത്ത ഒരു കാര്യം ഉള്ളതാണെങ്കില്‍ പോലും പ്രചരിപ്പിക്കുന്നത് വലിയ തിന്മയാണെന്ന് നബി ﷺ  പഠിപ്പിക്കുന്നുണ്ട്. പരദൂഷണങ്ങള്‍ പറയലും കേള്‍ക്കലും മറ്റുള്ളവര്‍ക്ക് കൈമാറലും പലര്‍ക്കും സുഖമുള്ള കാര്യമാണ്. സോഷ്യല്‍ മീഡിയകളിലാവുമ്പോള്‍ അതിന്റെ കൈമാറ്റം പ്രകാശവേഗതയിലും വ്യാപനം ഇരുട്ടുവരുന്നത് പോലെയുമായിരിക്കും. എന്നാല്‍ അതിന്റെ മഹാകുറ്റമാകട്ടെ ആദ്യം ക്ലിക്ക് ചെയ്യുന്ന വിരലിന്റെ ഉടമ ഏല്‍ക്കേണ്ടിവരികയും ചെയ്യും. നാമെത്ര സല്‍കര്‍മങ്ങള്‍ ചെയ്തു നാളേക്കുവേണ്ടി സമ്പാദിച്ചാലും; അതെല്ലാം കൊടുത്തുതീര്‍ത്താലും തീരാത്ത കടക്കാരായി നാം മാറുകയും പരലോകത്ത് പാപ്പരാവുകയും ചെയ്യും.

മതം എന്ന ചാലകത്തില്‍ പ്രചോദിതരായി വ്യത്യസ്ത കമ്പാര്‍ട്ടുമെന്റുകളായി ജീവിക്കുകയാണ് വിശ്വാസികള്‍. പരസ്പരം ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളും ധാരാളമുണ്ട്. വീക്ഷണ വൈരുധ്യങ്ങളും വിയോജിപ്പും അതത് വിഷയങ്ങളുടെ പ്രാധാന്യങ്ങള്‍ക്കനുസരിച്ച് തന്നെ സംവദിക്കപ്പെടുകയും വേണം. ഇവയൊക്കെയും നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇസ്‌ലാമിന്റെ സംസ്‌കാരം നിലനിര്‍ത്താന്‍ വിശ്വാസികള്‍ ശ്രമിക്കണം.

മറ്റുള്ളവരെ പരിഹസിക്കുക, ഇല്ലാത്ത കുറ്റങ്ങള്‍ പെരുപ്പിച്ചു പറയുക, രഹസ്യങ്ങള്‍ ചൂഴ്‌ന്നെടുത്ത് പ്രചരിപ്പിക്കുക, തിന്മകള്‍ കൈമാറുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ കൂടുതല്‍ സൗകര്യം ഒരുക്കിത്തന്നിരിക്കുന്ന കാലമാണിത്. ഈ ചതിക്കുഴിയില്‍ നാം പെട്ടുപോകരുത്. അന്യര്‍ ആരായിരുന്നാലും അവരെപ്പറ്റി ഒരു പരദൂഷണ വൃത്താന്തം കിട്ടിക്കഴിഞ്ഞാല്‍ അത് പരദൂഷണമാണെന്ന് മനസ്സിലാക്കിയും അന്യരുടെ പച്ചമാംസം തിന്നുന്നതിന്ന് തുല്യമാണെന്ന കുറ്റബോധ്യത്തോടെയും മായ്ച്ചുകളയാനാണ് നാം ശ്രമിക്കേണ്ടത്. സോഷ്യല്‍ മീഡിയയുടെ അടിമയാവുന്നത് നാം സൂക്ഷിക്കണം. ഭിന്നതകളും തര്‍ക്കവിതര്‍ക്കങ്ങളും നമ്മുടെ സല്‍കര്‍മങ്ങള്‍ നഷ്ടപ്പെടാന്‍ വഴിവെക്കരുത്.

മറുവശത്ത്, അമൂല്യമായ അറിവുകളുടെയും സദുപദേശങ്ങളുടെയും കലവറയും കൂടിയാണ് ഈ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍. ഓരോ വ്യക്തിയുടെയും സാമൂഹ്യവൃത്തത്തില്‍ വിവിധ അഭിരുചിയും ആശയങ്ങളും വീക്ഷണങ്ങളുമുള്ളവരെ കണ്ടെത്തി തിരിച്ചറിഞ്ഞ് അവര്‍ക്കാവശ്യമായ വെളിച്ചം പകര്‍ന്നുനല്‍കാനും സാന്ത്വനവാക്കുകള്‍കൊണ്ട് മനസ്സുകുളിര്‍പ്പിക്കാനും നമുക്കിവ പ്രയോജനപ്പെടുത്താം. കൊച്ചുമക്കളുടെ പോലും ജീവിതത്തിന്റെ അനിവാര്യഘടകമായിത്തീര്‍ന്ന സോഷ്യല്‍ മീഡിയാ സംവിധാനങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ മനുഷ്യന്റെ മതബോധത്തെയും വിശ്വാസത്തെയും ഭക്തിയെയും കുടുംബജീവിതത്തെയും വിലപ്പെട്ട സമയങ്ങളെയും തകര്‍ക്കുന്ന സംഹാരശക്തിയാണതെന്ന് നാം തിരിച്ചറിയണം.