മദീനയിലെ ശ്രേഷ്ഠ വനിത

-സി.

2020 ആഗസ്ത് 29 1442 മുഹര്‍റം 10

മദീനയില്‍ അധികമാരും അറിയാത്ത ഒരു സ്വഹാബിയാണ് ജുലൈബീബ്(റ). ദാരിദ്ര്യത്താല്‍ അവശനായ, കീറിപ്പറിഞ്ഞ വസ്ത്രധാരിയായ, വിരൂപിയായ ജുലൈബീബിന്ന് കാര്യമായി ചങ്ങാതിമാരാരും ഉണ്ടായിരുന്നില്ല. കുടുംബ ബന്ധുക്കളും ഉണ്ടായിരുന്നില്ല. നബി ﷺ യുടെ കൂടെ സദാ ഉണ്ടായിരിക്കും. ബാഹ്യരൂപത്തിലുള്ള മനുഷ്യനെയല്ല, ആത്മാവില്‍ സത്യവിശ്വാസത്തിന്റെ വെളിച്ചംകിട്ടിയ ഒരു വിശ്വാസിയെയാണ് നബി ﷺ ജുലൈബീബില്‍കൂടി കണ്ടത്.

ഒരുദിവസം അദ്ദേഹത്തോട് നബി ﷺ ചോദിച്ചു: 'ഞാന്‍ നിനക്കൊരു വിവാഹം കഴിപ്പിച്ചുതന്നാലോ?' അദ്ദേഹം പറഞ്ഞു: 'എനിക്ക് ആരാണു പെണ്ണ് തരിക! എനിക്ക് പണമില്ല. വീടില്ല. ഒന്നുമില്ല.' നബി ﷺ പറഞ്ഞു: അത്രയൊന്നും നഷ്ടക്കാരനല്ല നീ...'

ഒരുദിവസം അന്‍സ്വാരികളില്‍ പെട്ട ഒരാളോട് നബി ﷺ  ചോദിച്ചു: 'താങ്കളുടെ വിധവയായ മകളെ എനിക്ക് വിവാഹം ചെയ്തുതരാമോ?' അയാള്‍ സമ്മതം മൂളിയപ്പോള്‍ നബി ﷺ പറഞ്ഞു: 'എനിക്കല്ല, ജുലൈബീബിനാണ്.' അന്‍സ്വാരി പറഞ്ഞു: 'എങ്കില്‍ അവളുടെ ഉമ്മയോട് ചോദിക്കട്ടെ...' ഈ വിവരമറിഞ്ഞ കുട്ടിയുടെ മാതാവ് വിസമ്മതം പറഞ്ഞു: 'ഹൗ! ജുലൈബീബോ? മറ്റാരുമില്ലേ എന്റെ മകള്‍ക്ക്!'

ഇതെല്ലാം കേട്ട ആ വിധവയായ പെണ്‍കുട്ടി എഴുന്നേറ്റുവന്നു. അവര്‍ പറഞ്ഞു: 'റസൂല്‍ ﷺ കൊണ്ടുവന്ന വിവാഹത്തില്‍ നന്മയുണ്ടാകാതിരിക്കില്ല. എനിക്ക് നബി ﷺ ഇഷ്ടപ്പെട്ട ആ വിവാഹംതന്നെ മതി. റസൂലിന്റെ ഇഷ്ടം എനിക്കൊരിക്കലും നഷ്ടമാവുകയില്ല.'

അതറിഞ്ഞപ്പോള്‍ മാതാവിന്നും പിതാവിന്നും സമ്മതവും സന്തോഷവുമായി. നബി ﷺ യുടെ കാര്‍മികത്വത്തില്‍ തന്നെ ആ വിവാഹം നടന്നു. നബി ﷺ അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു: 'അല്ലാഹുവേ... ആ പെണ്‍കുട്ടിക്ക് നീ ധാരാളമായി നന്മ വര്‍ഷിപ്പിക്കേണമേ... അവളുടെ ജീവിതത്തില്‍ ക്ലേശമുണ്ടാക്കരുതേ...'

തക്വ്‌വയുടെ മണിയറയില്‍ ആ ദാമ്പത്യം തുടങ്ങിയതേയുള്ളു. ഒരു യുദ്ധത്തിന്നു പുറപ്പെടാന്‍ മുസ്‌ലിംകള്‍ നിര്‍ബന്ധിതരായി. നബി ﷺ യുടെ അറിയിപ്പു വന്നപ്പോള്‍ ജുലൈബീബും അക്കൂട്ടത്തില്‍ പുറപ്പെട്ടു. ആ യുദ്ധത്തില്‍ ജുലൈബീബ് ധീരരക്തസാക്ഷിത്വം വഹിച്ചു. മധുവിധുനാളില്‍ ഈ ത്യാഗത്തിന്നു സന്നദ്ധനായ ജുലൈബീബിന്റെ രക്തസാക്ഷിത്വം നബിയെ വല്ലാതെ ദുഃഖിപ്പിച്ചു. 'ജുലൈബീബ് എന്റെതാണ്, ഞാന്‍ അവന്റെതുമാണ്' എന്ന് പറഞ്ഞുകൊണ്ട് അദേഹത്തിന്റെ ജഡം വാരിയെടുത്ത് നബി ﷺ തന്റെ കൈത്തണ്ടയില്‍ കിടത്തി. ക്വബ്ര്‍ കുഴിച്ചു കഴിയുംവരെ ശഹീദായ ജുലൈബീബിന്റെ മയ്യിത്തുകട്ടില്‍ നബിയുടെ കൈത്തണ്ടയായിരുന്നു! നബി ﷺ തന്നെ അദേഹത്തെ ക്വബ്‌റില്‍വച്ചു!

ജുലൈബീബിന്റെ രക്തസാക്ഷിത്വവാര്‍ത്ത കേട്ടപ്പോള്‍ മനോദുഃഖം കടിച്ചിറക്കിക്കൊണ്ട് തന്നെ വീണ്ടും വിധവയായ ആ സ്ത്രീ തന്റെ ഭര്‍ത്താവിന്റെ സ്വര്‍ഗഭാഗ്യത്തില്‍ സന്തോഷിച്ചു. റസൂലിന്റെ ഇഷ്ടം എനിക്ക് നഷ്ടമാവുകയില്ല എന്ന പ്രതീക്ഷ സാക്ഷാല്‍ക്കരിച്ചതായി അവര്‍ക്ക് പിന്നീട് ബോധ്യപ്പെട്ടു. ശേഷം ആ സഹോദരിക്ക് അല്ലാഹു സമൃദ്ധി നല്‍കി. അനസ്(റ) പറയുന്നു: 'മദീനായിലെ വനിതകളില്‍ ഏറ്റവും കൂടുതല്‍ ധര്‍മംനല്‍കുന്ന സ്ത്രീയായിട്ടാണ് ജുലൈബീബിന്റെ ഭാര്യ പിന്നീട് അറിയപ്പെട്ടത്.'

സത്യസന്ധതയും ആത്മാര്‍ഥതയും കൃത്യമായി പാലിച്ചാല്‍ ഭൗതികമായി പലതും നഷ്ടപ്പെടുമെന്ന മിഥ്യാബോധം സമൂഹത്തില്‍ വളര്‍ന്നുവരികയാണിന്ന്. ഇസ്‌ലാമിനെ തള്ളിപ്പറഞ്ഞാല്‍ സമൂഹത്തില്‍ സ്ഥാനം കിട്ടുമെന്ന് ചിന്തിക്കുന്നവര്‍, മതനിയമങ്ങളെ ജനാഭിലാഷത്തിന്നനുസരിച്ച് വ്യാഖ്യാനിച്ചാല്‍ പോപ്പുലാരിറ്റി കൂടുമെന്ന് കണക്കുകൂട്ടുന്നവര്‍, കൃത്യമായി കണക്കുകൂട്ടി സകാത്ത് കൊടുത്താല്‍ സമ്പത്ത് കുറഞ്ഞുപോകുമോ എന്ന് ഭയപ്പെടുന്നവര്‍, കളവും കൗശലവും കൃത്രിമവും കാണിക്കാതെ കാര്യം നടക്കുകയില്ലെന്ന് വിചാരിക്കുന്നവര്‍... ഇതാണ് പൊതുധാരണ!

''നീ ക്ഷമിക്കുക, നിശ്ചയം സുകൃതംചെയ്യുന്നവരുടെ പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തുകയില്ല'' (11:115) എന്ന ക്വുര്‍ആന്‍ വചനം നമുക്കെപ്പോഴും വെളിച്ചമാവണം. സത്യത്തിന്റെയും സുകൃതത്തിന്റെയും ഫലം ഇഹലോകത്തുനിന്നു തന്നെ അല്ലാഹു തന്നേക്കാം എന്നതാണല്ലോ ഈ ഉല്‍കൃഷ്ടദമ്പതിമാരുടെ ചരിത്രം നമുക്കു നല്‍കുന്ന പാഠം. നന്മയില്‍ ഉറച്ചുനില്‍ക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ.