'കാക്കത്തൗബ'

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2020 നവംബര്‍ 07 1442 റബിഉല്‍ അവ്വല്‍ 20

'കാക്കത്തൗബ' എന്ന് മലബാറില്‍ പറയാറുണ്ട്. ഭക്ഷണമുള്ള ഇടത്തേക്ക് പാറിവന്നിരിക്കുന്ന കാക്ക ചെറുതായൊന്ന് കൈവീശിയാല്‍ തിരികെ പറക്കും. അടുത്ത നിമിഷം വീണ്ടും അതേ ഇടത്തേക്ക് കാക്ക പറന്നുവരികയും ചെയ്യും. ഒരു അബദ്ധം അല്ലെങ്കില്‍ തെറ്റ് തിരുത്തുകയും പെട്ടെന്ന് അക്കാര്യം വിസ്മരിച്ച് ആ അബദ്ധത്തിലേക്ക് തിരിച്ചുവരുകയും ചെയ്യുന്ന ഈ നിലപാടിനെയാണ് 'കാക്കത്തൗബ' എന്ന മൊഴികൊണ്ട് അര്‍ഥമാക്കുന്നത്.

തിന്മയിലും അബദ്ധത്തിലും പെട്ടുപോവുക എന്നത് മനുഷ്യസഹജമാണ്. അത് ബോധ്യമാകുന്ന നിമിഷംതന്നെ അത് തിരുത്തി തിരിച്ചുവരിക എന്നത് ബാധ്യതയുമാണ്. ഈ കാര്യം പരിഗണിച്ചുകൊണ്ടാണ് നിരന്തരമായ ഉല്‍ബോധനങ്ങള്‍ നടത്തിക്കൊണ്ടിരിക്കണമെന്ന് സമൂഹത്തോടും നിരന്തരമായ 'ഇസ്തിഗ്ഫാര്‍' (പാപമുക്തിക്കുള്ള തേട്ടം) വേണമെന്ന് വ്യക്തിയോടും ഇസ്‌ലാം കല്‍പിച്ചത്. അതുവഴി ഉറച്ച നിലപാടിലേക്ക് മനുഷ്യര്‍ എത്തിച്ചേരണമെന്നാണ് മതം മനുഷ്യനോട് ആവശ്യപ്പെടുന്നത്.

ചില ആളുകളുണ്ട്; ഭക്തിനിറഞ്ഞ ഒരു പ്രഭാഷണം കേട്ടാല്‍ പെട്ടെന്ന് ആളാകെ മാറും. അതിന്റെ ഫലമായി, ഒന്നോ രണ്ടോ ദിവസത്തെ ഭക്തിക്കുശേഷം വീണ്ടും തഥൈവ! സകാത്ത് കൊടുക്കാതിരുന്നാല്‍ തന്റെ സമ്പത്ത് ഒരു ഭീകര സര്‍പ്പമായി പരലോകത്ത് പ്രത്യക്ഷപ്പെടുകയും അത് നരകത്തില്‍ തന്നെ കൊത്തിക്കൊണ്ടിരിക്കുകയും ചെയ്യും എന്ന് സ്വഹീഹായ നബിവചനമുണ്ട്. ഇത് ഒരു പ്രസംഗത്തില്‍നിന്ന് കേട്ട ഒരാള്‍, അഞ്ചുവര്‍ഷമായി സകാത്ത് കൊടുക്കാതെ ബാങ്ക്‌ലോക്കറില്‍ സൂക്ഷിച്ച തന്റെ നൂറ് പവനിലേറെ വരുന്ന സ്വര്‍ണത്തെപ്പറ്റി ചിന്തിച്ചു. നീര്‍ക്കോലിയെ കണ്ടാല്‍ പോലും ഭയപ്പെട്ടിരുന്ന അയാള്‍ക്ക് നരകത്തിലെ പാമ്പിനെപ്പറ്റി ഓര്‍ക്കാന്‍ പൊലും ഭയമായിരുന്നു. അങ്ങനെ ഭക്തിയും ഭയവും നിറഞ്ഞ് അയാള്‍ സകാത്ത് കൊടുക്കാന്‍തന്നെ തീരുമാനിച്ചു. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും കക്ഷിയുടെ ഗൗരവമനസ്സ് അയഞ്ഞുതുടങ്ങി. നരകത്തെയും പാമ്പിനെയും സര്‍വോപരി പടച്ചവനെയും പേടിയില്ലാതായി. ഒടുവില്‍ ആ തീരുമാനത്തില്‍നിന്ന് പിറകോട്ടുപോയി. ഇതാണ് കാക്കത്തൗബ!

നബി ﷺ യുടെ പത്‌നി ഖദീജ(റ) സഹോദരപുത്രായ ഹകീമുബ്‌നു ഹിസാം എന്ന വ്യക്തി അറുപത് വര്‍ഷം ജാഹിലിയ്യത്തില്‍ ജീവിച്ചു. പിന്നീട് മക്കാവിജയകാലത്ത് മുസ്‌ലിമായി നാല്‍പതിലേറെ വര്‍ഷം മുസ്‌ലിമായും ജീവിച്ചു. ക്വുറൈശി പ്രമാണിയും കര്‍ക്കശക്കാരനും പണത്തിനോട് അത്യാര്‍ഥിയുള്ള വ്യക്തിയുമായിരുന്നു അയാള്‍. മുസ്‌ലിമായ ശേഷവും ഈ ആര്‍ത്തി അദ്ദേഹത്തില്‍നിന്ന് വിട്ടുമാറിയില്ല.

നബി ﷺ യുടെ പക്കല്‍ സമ്പത്ത് വല്ലതും വന്നിട്ടുണ്ടെന്നറിഞ്ഞാല്‍ ഹകീം ചോദിച്ചുചെല്ലുകയും നബി ﷺ  ഇടയ്ക്കിടയ്ക്ക് ഉള്ളത് കൊടുക്കുകയും ചെയ്യും. ഒരിക്കല്‍ നബി ﷺ  പറഞ്ഞു: 'ഹകീം, ഈ സമ്പത്ത് എന്നത് ആകര്‍ഷകവും മധുരവുമുള്ളതു തന്നെയാണ്. അത് ആരെങ്കിലും ആര്‍ത്തിയില്ലാതെ സ്വീകരിച്ചാല്‍ ബര്‍കത്തുണ്ടാവും. ആര്‍ത്തിയോടെ സമ്പത്ത് നേടാന്‍ ശ്രമിച്ചാല്‍ ബര്‍കത്തുണ്ടാവില്ല. എത്രതിന്നാലും വിശപ്പുതീരാത്തവനെപ്പോലെയാണ് അയാള്‍. വാങ്ങുന്ന കൈയിനെക്കാള്‍ മുകളിലുള്ള കൊടുക്കുന്ന കൈയാണ് ഉത്തമമായത്'' (ബുഖാരി).

നബിയോടൊപ്പമുള്ള തന്റെ ഈ അനുഭവം റിപ്പോര്‍ട്ട് ചെയ്തത് ഹകീം(റ) തന്നെയാണ്. പിന്നീടദ്ദേഹം ഒരു ഉറച്ചതീരുമാനമെടുത്തു. 'ഇനി മുതല്‍ ഞാനാര്‍ക്കും ബാധ്യതയാവുകയില്ല' എന്ന്. 120 വയസ്സുകാലം ജീവിച്ച, നാല്‍പതിലേറെ ഹദീഥുകള്‍ ഉദ്ധരിച്ച പ്രമുഖനായ ഈ സ്വഹാബിയുടെ ചരിത്രം സാമ്പത്തിക സൂക്ഷ്മതയുടെതാണ്. കൂട്ടുകാരോടൊപ്പം ഒട്ടകപ്പുറത്ത് സവാരിചെയ്യുമ്പോള്‍ തന്റെ കയ്യില്‍നിന്ന് നിലത്തുവീണ അമ്പ് എടുത്തുകൊടുക്കാന്‍ പോലും അദ്ദേഹം കൂട്ടത്തില്‍ നടന്നുപോകുന്നവരോട് ആവശ്യപ്പെട്ടില്ല. അബൂബക്കറി(റ)ന്റെ ഭരണകാലത്ത് ബൈത്തുല്‍ മാലിലെ സമ്പത്തില്‍ നിന്ന് പൗരന്മാര്‍ക്കുള്ളത് വീതിച്ചു കൊടുത്തപ്പോള്‍ ഹകീം(റ) അത് സ്വീകരിച്ചില്ല. ഉമറി(റ)ന്റെ ഭരണകാലത്തും ബൈതുല്‍മാലില്‍നിന്ന് എല്ലാ പൗരന്മാര്‍ക്കും കൊടുക്കുന്ന വിഹിതം അദ്ദേഹം സ്വീകരിച്ചില്ല. ഒരിക്കല്‍ ഉമര്‍(റ) പ്രഖ്യാപിച്ചു: 'മുസ്‌ലിംകളേ! ഞാന്‍ നിങ്ങള്‍ക്കെല്ലാം വീതിച്ചുതന്ന വിഹിതം ഹകീമിന്നും നീക്കിവെച്ചിരിക്കുന്നുവെന്നും അദ്ദേഹമത് സ്വീകരിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും ഞാന്‍ നിങ്ങളെ സാക്ഷിയാക്കി അറിയിക്കുകയാണ്.'

ഉറച്ച നിലപാടിന്റെ ഉത്തമ മാതൃകയിലൊന്നാണിത്. സാമൂഹ്യ ജീവിതത്തിലെ അനേകം അനുഭവങ്ങളില്‍ കൂടിയാണ് നാമെല്ലാം ജീവിക്കുന്നത്. അറിവില്‍നിന്നും അനുഭവങ്ങളില്‍നിന്നും പാഠമുള്‍ക്കൊണ്ട് കൊള്ളാനും തള്ളാനും ഉറച്ച നിലപാടിലേക്കെത്താനും നാം കരുത്തരാകുക. തിരുത്തിയ തിന്മയിലേക്ക് തിരിച്ചെത്താതിരിക്കാനും ശ്രമിക്കുക.