വെട്ടം പകരുക
ഹുസ്ന മലോറം
2026 ഒക്ടോബർ 17, 1448 ജമാദുൽ അവ്വൽ 06

ഇരുട്ടു പടരും ഈ ലോകത്ത്
വെട്ടം പകരുക നമ്മൾ,
നേരിൻ പ്രഭചൊരിയാമൊന്നായി
ചേരുക അണിയണിയായി.
സോഷ്യൽമീഡിയ അടക്കി വാഴും
സോദരരേ, ഈ ലോകം
അതിരുകളെല്ലാം ഭേദിച്ചല്ലോ
മുന്നോട്ടോടീടുന്നു!
ട്രെൻഡും ലൈക്കും കമന്റുമായി
ജീവിതമിവിടെ തീരും,
വേണ്ടേ ശാശ്വത വിജയം;
അതിനായ് നന്മകൾ ചെയ്തിടേണ്ടേ?
ചായം തേച്ചൊരു ചുണ്ടാൽ നമ്മൾ
സെൽഫികളിൻസ്റ്റയിൽ തട്ടും,
ചൂണ്ടകളാണത് നമ്മുടെ മാനം
കവരും കെണികൾ മാത്രം!
തിന്മകളനവധി വാഴും നാട്ടിൽ
നന്മയ്ക്കൊപ്പം നീങ്ങാം,
അഹദവനേകും കൽപനയെല്ലാം
പുൽകുക ജീവിത വഴിയിൽ.
വരൂ, പിടിക്കാം നന്മതൻ പാശം,
തീർക്കാം ധാർമിക വലയം,
ഒരേ മനസ്സാൽ തമസ്സു നീക്കാൻ
നേരിൻ വെട്ടം വിതറാൻ...
