എന്നുമ്മ

ഹുസ്‌ന പുലത്ത്

2026 മെയ് 23, 1447 ദുൽഹിജ്ജ 07

എൻ ആദ്യ കരച്ചിൽ കേട്ട നിമിഷം
ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയാലെ
എന്നധരത്തിൽ അമ്മിഞ്ഞമൃത് പകർന്നവൾ
ഞാൻ പിച്ചവച്ചു നടന്നതും വീണതും
‘ഉമ്മാ’ എന്നു ഞാനാദ്യം വിളിച്ചതും
കണ്ടും കേട്ടും ഉള്ളിൽ ചിരിച്ചും
ഉള്ളു പിടച്ചും നിർവൃതികൊണ്ടവൾ.
തൻ പശിയകറ്റാൻ കഴിയാത്തപ്പോഴും
എന്നെ വയറുനിറച്ചൂട്ടിയവൾ.
ആത്മസുഖങ്ങളും മോഹങ്ങളും
എന്നുയർച്ചക്കായ് വെടിഞ്ഞവൾ.
തിരിച്ചൊന്നുമാശിക്കാതെയെന്നെ
സ്‌നേഹത്തണലിൽ വളർത്തിയവൾ.
എനിക്കായ് പ്രാർഥനയാലെപ്പഴും
നാഥനിലേക്ക് കരമുയർത്തിയവൾ.
ഞാൻ കണ്ടൊരു കളങ്കമില്ലാഹൃദയം,
ഇല്ലതിനു സമാനമായാരുമെ.
പൂന്തെന്നൽ കണക്കെ തഴുകിത്തലോടും
പരിഭവമെല്ലാം ഉള്ളിലൊതുക്കും.
അമൃതകണമായെന്നുള്ളിൽ നിറയും
വറ്റാത്ത സ്‌നേഹസാഗരം എന്നുമ്മ.
അതിനു പകരമാകില്ലെങ്കിലും
പ്രാർഥിച്ചിടുന്നു ഞാൻ ഉമ്മാക്കു വേണ്ടി.