അമ്മിക്കല്ല്
തെസ്‌ന വീരാൻ
2026 മാർച്ച് 21, 1447 ശവ്വാൽ 02

പ്രായമേറെയായേലും പരിഭവം
പറയാതൊതുതുങ്ങിക്കൂടിയിന്ന്.
നെഞ്ചത്തിട്ട് ഉള്ളികളൊരുപാട്
ചതഞ്ഞമർന്നപ്പോൾ
നെഞ്ചു കലങ്ങീല ,കണ്ണൊലിച്ചീല.
ചുവപ്പും പച്ചയും മുളകുകൾ
പലതരം ചാടിക്കളിച്ചു
പൊടിഞ്ഞു തീർന്നപ്പോൾ
ചുട്ടെരിച്ചിലു കാട്ടാതെ
മലർന്നു കിടന്നിരുന്നു.
തേങ്ങയും മാങ്ങയും പലതും
കൂട്ടിക്കിഴിച്ച് വലിയ ചമ്മന്തിയുരുള
ശിഷ്ടമായപ്പോഴും
വല്യ അഭിമാനമായിരുന്നു
കിട്ടിയ ഉത്തരം;
ഞാനില്ലായിരുന്നേൽ
കാണാം എന്ന അഹങ്കാരത്തിന്റെ
എരിവും പുളിയും!
കാലം ഓടിയൊളിച്ചപ്പോൾ
കോലംകെട്ടി വന്ന ചില
പുതുമുഖങ്ങൾ വീടിനകവും
മനസ്സിനിടവും പിടിച്ചെടുത്തു.
പിന്നെപ്പിന്നെ അരയാതായി,
പൊടിയാതായി, ചതയതായി!
അന്നായിരുന്നു മേനിയാകെ
നോവിൽ നീറിയത്.
നെഞ്ചത്ത് കേറ്റി വച്ച ഭാരങ്ങളെക്കാൾ
അഴുക്കും പൊടിയും പോയകാലം
പൊടി തട്ടിയപ്പോഴായിരുന്നു
ആദ്യമായി കണ്ണെരിഞ്ഞത്!
കഴിഞ്ഞ കാലത്തെ രുചികൾ
കൂട്ടിക്കിഴിച്ച് ഉത്തരമില്ലാതാകുമ്പോൾ,
വെറും പൂജ്യമായി മൂലക്കൽ
ചലനം നിലച്ചു മലർന്നു കിടക്കുന്നു
മരിച്ചിട്ടും മരിക്കാത്തവതായി!

