ചിലപ്പോഴൊക്കെ
തെസ്‌ന വീരാൻ
2026 മാർച്ച് 28, 1447 ശവ്വാൽ 06

ചിലപ്പോഴൊക്കെ വാക്കുകളുള്ളിൽ
തീപ്പന്തം കത്തിച്ച്
പുകച്ചു കളിക്കുമ്പോൾ
പേനയ്ക്കും കടലാസിനുമിടയിൽ
കൈ വിറച്ചിരുന്നിട്ടുണ്ട്.
ചിലപ്പോഴൊക്കെ
കണ്ണിനുള്ളിലൊരു
കടലുപ്പുതന്നെയാരോ
കുറുക്കുന്നുണ്ടെന്നറിയുമ്പോഴും
ഒരു തുള്ളിപോലും
കവിളിൽ പെയ്യാതിരുന്നിട്ടുണ്ട്,
കണ്ണിൽ ഊറി നിന്നിട്ടുണ്ട്.
ചിലപ്പോഴൊക്കെ
മനസ്സിൽ നിറച്ച വാക്കുകളെല്ലാം
അടുക്കി വെച്ചതിൽനിന്നും
ഊർന്നിറങ്ങുമ്പോൾ
ഒരക്ഷരം പോലുമുരിയാടാതെ
പല മുഖങ്ങളും നോക്കി
തല താഴ്ത്തിയിട്ടുണ്ട്.
നാക്കിൻ തുമ്പിലേറ്റിയ വാക്കുകളെ
അരുതെന്നു ശാസിച്ച്
കടിച്ചമർത്തിയിട്ടുണ്ട്.
ചിലപ്പോഴൊക്കെ ചില വാക്കിനും
വരികൾക്കും കണ്ണീരിനും
മുഖങ്ങൾക്കും മുന്നിൽ
എന്റെ മനസ്സും മരിച്ചിട്ടുണ്ട്.
കൂടുതൽ കരുത്തിൽ
അനേകം തവണയായ്
പുനർജനിച്ചിട്ടുമുണ്ട്.

