അവൾ
ഇഹ്സാന യു.പി.
2026 ഒക്ടോബർ 10, 1448 റബീഉൽ ആഖിർ 29

പെണ്ണിനെ ചേർത്തുപിടിക്കുന്നൊരാദർശം
പുണ്യമാം ദീനിന്റെ പൊൻവെളിച്ചം.
അവൾ വെറുമൊരു നിഴലല്ല ഭൂവിൽ,
കുടുംബത്തിൻ വെള്ളിവെളിച്ചമത്രെ.
ഉമ്മയായ് മാറുമ്പോൾ പെണ്ണവൾ, തൻ
മക്കൾക്കു സ്വർഗത്തിൻ പാതയത്രെ!
മകളായ് വളരുമ്പോൾ സ്വന്തം പിതാവിന്
നരകത്തിൽ നിന്നുള്ള മറയാണവൾ.
ഇണയായി വാഴുമ്പോൾ സ്വന്തം പതിയുടെ
ദീനിന്റെ പാതിയായ് മാറിടുന്നോൾ!
അവകാശമോരോന്നവൾക്കു നൽകി
ഇസ്ലാം അവൾക്കേകി പദവിയേറെ
ചങ്ങലക്കെട്ടു മുറിച്ചു മാറ്റി
അറിവിന്റെ മാർഗം തുറന്നു നൽകി.
പെണ്ണവൾ വിൽപനയ്ക്കുള്ളതല്ല
കാഴ്ചയ്ക്കു വയ്ക്കുവാനുള്ളതല്ല.
മാന്യമായ് ജീവിക്കാനുണ്ടവൾക്കും
അവകാശമെന്നിസ്ലാം മൊഴിഞ്ഞു.
മേനിയഴകു കാണിച്ചുകൂടാ
ഏറ്റവും നന്നായ് മറച്ചിടേണം.
ആത്മാഭിമാനമതേകിടുന്നു
നൽകുന്നു ഏറെ സുരക്ഷിതത്വം.
മറച്ചു നടക്കുന്നവൾക്കില്ലാത്ത വേദന
കാണുന്നവർക്കതെന്തിനാവോ?
