ത്രിവർണം
സീനത്ത് അലി, എടത്തനാട്ടുകര
2026 ആഗസ്റ്റ് 29, 1448 റബീഉൽ അവ്വൽ 16

ചിന്തകളിലെ
തീയണയ്ക്കുന്നതിനു മുമ്പ്
പൊരുതുന്ന നെഞ്ചിനെ
വെടിയുണ്ടകൾ കൊണ്ട്
നിശ്ശബ്ദമാക്കുന്നതിനു മുമ്പ്
ഒരു നാടിന്റെ ഭൂപടം വലിച്ചുകീറി
മൂടുപടമണിയുന്നതിന് മുമ്പ്
രാജാവേ...
നിന്റെ കറപുരണ്ട
ശുഭ്ര വസ്ത്രം ഊരിയെറിയുക
കിരീടവും ചെങ്കോലും
മാറ്റിവച്ച് പുറത്തേക്കൊന്നു
നോക്കുക.
രാജപാതയ്ക്കു പുറത്ത്
തോളോടുതോൾ
ചേർന്ന് പൊരുതുന്നത്
ഇനിയും പിന്നിപ്പോകാത്ത
ഒരു രാജ്യത്തിന്റെ
മതേതരത്വമാണ്,
ഒറ്റ നിറത്തിൽ
പൊലിഞ്ഞു പോകാത്ത
ത്രിവർണ സ്വപ്നങ്ങളാണ്.
