നിർഭയത്വത്തിന്റെ മാർഗം
മുഹ്‌സിന ചിറക്കൽപടി
2026 മെയ് 23, 1447 ദുൽഹിജ്ജ 07

ലോകത്തിതെന്തെല്ലാം കാഴ്ചകൾ കാണുന്നു,
ലോകം ഇന്നിതെങ്ങോട്ടു പോകുന്നു?
യുദ്ധക്കൊതിയൻമാർ താണ്ഡവമാടുന്നു
ലോകത്തിലാകെയും ഭീതി പരക്കുന്നു.
നൊന്തു പ്രസവിച്ച മക്കളെയോർത്ത്
നോവേറെ തിന്നു കഴിയുന്നിതമ്മമാർ.
മാതാപിതാക്കൾക്കു വാർധക്യമായാൽ
വൃദ്ധസദനത്തിൽ കൊണ്ടുപോയ് തള്ളുന്നു.
താങ്ങും തണലുമായ് മാറേണ്ട ദാമ്പത്യ
ബന്ധങ്ങൾ നോവായ്, കനലായി മാറുന്നു.
യൗവനം ലഹരിക്കടിമയായ് മാറുന്നു
തല്ലിയും കൊന്നും പകപോക്കി നീങ്ങുന്നു.
അൽപക്കബന്ധങ്ങൾ പാടെ നശിക്കുന്നു
കൂടെപ്പിറപ്പുകൾ തമ്മിലടിക്കുന്നു.
മാരണം, ജ്യോതിഷം പിടിമുറുക്കീടുന്നു,
കപടരാം സിദ്ധർ തൻ ചൂഷണമേറുന്നു.
ഇവ്വിധം വഴികേടിലാകാതിരിക്കാൻ
ഏകനാം സ്രഷ്ടാവിൻ മാർഗെ ചരിക്കണം.
പ്രാർഥന അവനോടു മാത്രമായീടണം
പാടില്ലയർഥന മറ്റൊന്നിനോടും.
റബ്ബിന് തന്നെ സമർപ്പിച്ചവർക്കല്ലോ
സ്വസ്ഥതയാർന്നതാമിരുലോക ജീവിതം.
അറിയുക, ആരാധ്യനില്ലെന്ന് വേറെ;
സൃഷ്ടിച്ച റബ്ബവനല്ലാതെയാരും.

