ലിബറൽ നാട്യക്കാരിയോട്
നസീമ വാടാനപ്പള്ളി
2026 ജനുവരി 17, 1447 റജബ് 28

സഹോദരീ,
നീയായിരുന്നെന്റെ ചിന്തകളെ
കനലാക്കിയിരുന്നത്.
നീയൊരു പാവമായിരുന്നല്ലോ!
പിന്നെ എങ്ങനെയാണ്
നിന്റെ വാക്കിലും നോക്കിലും
രൗദ്രത പടർന്നത്?
എത്ര പെട്ടെന്നാണ്
നീ നീയല്ലാതായി മാറിയത്!
ഹേതുവെന്തെന്നറിയിക്കാതെ
വാതിലുകളോരോന്നും
എനിക്കു മുമ്പിൽ
നീ കൊട്ടിയടച്ചപ്പോൾ
എന്നിലെ ആത്മാഭിമാനത്തെയാണ്
നീ കുത്തി നോവിച്ചത്.
നിന്റെ മനസ്സിൽ ലിബറലിസം
കടന്നുവരുമെന്നത് ഞാൻ
പ്രതീക്ഷിച്ചതേയില്ല.
എന്റെ വേഷവിധാനത്തെയും
എന്റെ മതബോധത്തെയും
പഴഞ്ചനെന്നു മുദ്രകുത്തി
നീ സംസാരിച്ചപ്പോഴും
ഞാൻ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല.
ഇന്നലെ കേട്ട നിന്റെ സ്വരം
നിലപാടുള്ളവളുടെതായിരുന്നില്ല.
നിന്റെ തീക്ഷ്ണമായ വാക്കുകളിൽ
പറയാതെ പറഞ്ഞ ചില പാഠങ്ങളുണ്ട്.
ഒന്നാം പാഠം;
സ്വാർഥത മനുഷ്യനെ
അന്ധനാക്കുന്നുവെന്നത്.
അതിരുകളെയും അരുതായ്മകളെയും
അവഗണിക്കുന്ന പെണ്ണ്
സ്വയം നിന്ദ്യയാകുമെന്നത് രണ്ടാം പാഠം.
മൂല്യങ്ങൾക്ക് വിലകൽപിക്കാത്തവൾ
ബന്ധങ്ങളെ ബന്ധനങ്ങളായി

കാണുമെന്നത് മൂന്നാം പാഠം.
നീയൊന്നറിയണം;
യുക്തിവാദത്തിന്റെ പഴകിപ്പുളിച്ച
യുക്തിയില്ലാത്ത വാദങ്ങളിൽ
വീണുപോകുന്ന ദുർബലയല്ല ഞാൻ!
ഞാൻ വിശ്വാസത്തിന്റെ കരുത്തുള്ളവളാണ്.
എന്റെ കടിഞ്ഞാൺ പടപ്പുകളിലല്ല;
പടച്ചവനിലാണ്.
അവൻ സർവശക്തൻ
ഏറെ പൊറുക്കുന്നവൻ
നീതിമാൻ, അതുല്യൻ
ഹൃദയരഹസ്യമറിയുന്നവൻ.
നീ മിനുക്കി നടക്കുന്ന,
പ്രകടനവസ്തുവാക്കുന്ന നിന്റെ മേനി
ചുക്കിച്ചുളിയുന്ന നാൾ വന്നെത്തുന്നത്
തടയാൻ നിനക്കാകുമോ?
നീ കൊതിക്കുന്ന അതിരില്ലാത്ത സ്വാതന്ത്ര്യം
വിനാശത്തിന്റെ പടുകുഴിയിലേക്ക്
നിന്നെ തള്ളിയിടുന്ന നാൾ വരുമ്പോൾ
നിന്റെ തെറ്റു നീ തിരിച്ചറിയും.
പക്ഷേ, അന്നു നിനക്ക്
തിരിച്ചു നടക്കാൻ കഴിയണമെന്നില്ല.
നിന്റെ പരിഹാസത്തിൽ
പതറിപ്പോകുന്നവളല്ല ഞാൻ.
വീഴ്ചകളെ അംഗീകരിക്കാനും
തിരുത്താനും മടിയില്ലാത്തവൾ.
നീയെത്ര കളിയാക്കിയാലും
എന്നിലെ ആദർശം മരിക്കില്ല.
വിശ്വാസത്തിന്റെ കരുത്തിൽ
ക്ഷമയാകുന്ന തോണിയിലേറി
മുന്നോട്ടു പോകുന്ന എന്നെ
എന്റെ രക്ഷിതാവ് കൈവെടിയില്ല
എന്ന പ്രതീക്ഷ എന്നിലെപ്പോഴുമുണ്ട്.

