ഇൻ ശാ അല്ലാഹ്
റസീന വെളിയങ്കോട്
2026 ജൂൺ 27, 1448 മുഹർറം 12

‘ഇൻ ശാ അല്ലാഹ്
വരാം നാളെ’യെന്നേറ്റവർ,
വരാൻ പാകത്തിലെത്തിയിട്ടും
വരാനാകാത്തവർ!
വരില്ലെന്നോതിയവർ-പക്ഷേ,
വരാൻ വിധിക്കപ്പെട്ടവർ.
വരവും കാത്തിരുന്നവർ,
വരില്ലെന്നറിയേണ്ടിവന്നവർ.
വരാത്തവർക്കറിയില്ല,
വന്നവർക്കുമറിയില്ല-ചില
വാക്കുകളുടെയർഥവും
വരികൾക്കിടയിലെയനർഥവും.
പറയരുതൊരിക്കലും നീ
‘നാളെ ഞാൻ ചെയ്യു’മെന്ന്
‘ഇൻശാ അല്ലാഹ്’
പറയാതെയെന്നുടയോൻ.
കൊതിച്ചതെല്ലാം നടക്കുകില്ല,
വിധിച്ചതു മാത്രം നടക്കും.
എത്ര നാം ആണയിട്ടാലും
റബ്ബ് വിധിച്ചതേ നടക്കൂ.
‘ഇൻ ശാ അല്ലാഹ്’ എന്നത്
എത്രമേൽ ശക്തമാം വാക്ക്!
ഉള്ളിലഹങ്കാരമില്ലേൽ
മാത്രം പറയുന്ന വാക്ക്.
സൃഷ്ടികർത്താവിന്റെ തീരുമാനം
എത്ര നന്നായെന്ന്
ജീവിതത്തിതിൽ പലപ്പോഴും
തോന്നിയിട്ടില്ലേ?
