കുടുംബം
ഷാനിബ എ.സി, വടക്കേക്കാട്
2026 ഒക്ടോബർ 03, 1448 റബീഉൽ ആഖിർ 22

കൂടുമ്പോൾ ഇമ്പമുള്ളതാവണം കുടുംബം
കൂടണയുമ്പോൾ ആശ്വാസമാവണം കുടുംബം
കൂടുവിട്ടോടാതെ കൂടെ നിന്നീടുവാൻ
കൂടെയുണ്ടെന്നാരു ബോധ്യമുണ്ടാക്കണം
ആദ്യത്തെ പാഠശാലയാവണം കുടുംബം
മാതാപിതാക്കളോ മാതൃകയാവണം
മതബോധമാദ്യം അവരിലുണ്ടാവണം
അവ്വിധം മക്കളെ പോറ്റിവളർത്തണം.
കളികളും കാര്യവും കരുണയും കരുതലും
ഒരുമിക്കും അഴകുള്ള പൂന്തോട്ടമാക്കണം
ഉപ്പയാ തോട്ടത്തിൻ കാവലാളാവണം
കരുതലിൻ വേലികൾ ചുറ്റിലും കെട്ടണം.
ബന്ധത്തിൻ വേരുകൾ ആഴ്ന്നിറങ്ങീടുവാൻ
ഹൃദയമാം മണ്ണിനെ പാകപ്പെടുത്തണം
പകയുടെ പാഴ്ച്ചെടി മുളയിലേ നുള്ളണം
സ്നേഹത്തിൻ വിത്തുകൾ പകരം വിതക്കണം.
വളരുവാൻ വാത്സല്യം വളമായി നൽകണം
തളരുന്നവർക്കതിൽ തണലതുണ്ടാവണം
വളർച്ചക്കു വിനയത്തിൻ പന്തലൊരുക്കണം
വീഴ്ചകൾക്കു ക്ഷമകൊണ്ട് താങ്ങുനൽകീടണം.
വിട്ടുവീഴ്ചകൾകൊണ്ടു വിടവുകൾ നികത്തണം
ദുർബലർക്ക് പടരുവാൻ തായ്മരമാവണം
സൂക്ഷ്മതയോടെ നാം പരിചരിച്ചീടുകിൽ
സ്വർഗപ്പൂന്തോപ്പിലും ഒന്നിച്ചണഞ്ഞിടാം.
സ്രഷ്ടാവിൻ പാശം മുറുകെപ്പിടിക്കണം
ശിർക്കിൻ കവാടങ്ങൾ കൊട്ടിയടക്കണം
ഇതിലൊട്ടും വീഴ്ച വരുത്താതിരിക്കണം
ഇഹലോകം ശാശ്വതമല്ലെന്നതോർക്കണം.
