കൃത്രിമ ബുദ്ധി

സിനി. ടി. കെ, മണ്ണാർക്കാട്

2026 സെപ്തംബർ 26, 1448 റബീഉൽ ആഖിർ 15

മണ്ണിൽനിന്നുയർന്ന മനുഷ്യൻ
മിന്നുന്ന നക്ഷത്രങ്ങളോടു ചോദിച്ചു:
‘അറിവിൻ അതിരെവിടെയാണ്?’
കാലം മറുപടി നൽകി:
‘നീ തീർക്കുന്ന അതിരുകൾക്കപ്പുറം
നിന്റെ തന്നെ ചിന്തകൾ കാത്തിരിപ്പുണ്ട്.’
തെളിയണം നാളെകൾ, ബോധത്തിൻ വെളിച്ചത്തിൽ.
രോഗത്തിനു മരുന്നായിടട്ടെ അറിവ്.
വിദ്യയ്ക്കു ചിറകാകട്ടെ സാങ്കേതികത.
തൊഴിലിനു പുതുവഴികൾ തുറക്കട്ടെ.
അന്ധകാരത്തിൽ ദീപമാകട്ടെ ശാസ്ത്രം.
കൈകളിൽ തീയും ചക്രവും കണ്ണുകളിൽ സ്വപ്നങ്ങളും നിറച്ച്,
മനുഷ്യൻ തീർത്തൊരു പുതുജീവൻ; കൃത്രിമ ബുദ്ധി!
അത് അറിവിന്റെ കടലിൽ നീന്തുന്നു,
പക്ഷേ, അറിവിനപ്പുറം മനുഷ്യനെന്തെന്ന് അതിനറിയുമോ?
വിരൽത്തുമ്പിൽ ലോകം തുറക്കുമ്പോൾ,
കാലമാം വാതിലിനപ്പുറം മനുഷ്യൻ നിൽക്കുന്നു;
ഉത്തരം തേടിയിരുന്ന മനസ്സുകൾ
ഉത്തരങ്ങളുടെ അടിമകളാകുമോ?
പുസ്തകങ്ങൾ മൗനമാകുമോ?
ചിന്തകൾ ഉറങ്ങിപ്പോകുമോ?
സ്വന്തം സ്വപ്നങ്ങൾക്കു പകരം യന്ത്രങ്ങളുടെ നിർദേശങ്ങൾ
മാത്രം നമ്മുടെ നാളെയെ എഴുതുമോ?
പക്ഷേ, മനുഷ്യാ...
നീ സൃഷ്ടിച്ച യന്ത്രങ്ങളോട് ചോദിച്ചു നോക്ക നീ:
‘കരുണയുടെ കണ്ണുനീർ അളക്കാൻ കഴിയുമോ?’
ഓർക്കണം:
‘യന്ത്രങ്ങളെ നീ സൃഷ്ടിച്ചതാണ്, അവയല്ല
നിന്റെ ഭാവിയെ കുറിക്കേണ്ടത്.’